മാസ്സ് തബൂക്ക് ഇ.എം.എസ്, എ.കെ.ജി അനുസ്മരണം
text_fieldsതബൂക്ക്: ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടിയും തൊഴിലാളിവർഗ പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ മഹത്തായ സംഭാവനകൾ നൽകിയ ഇ.എം.എസിന്റെയും എ.കെ.ജിയുടെയും ചരമദിനം മാസ്സ് തബൂക്കിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. മാസ്സ് കേന്ദ്ര കമ്മിറ്റി അംഗം ശശി മതിര അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. മാത്യു തോമസ് നെല്ലുവേലിൽ അധ്യക്ഷത വഹിച്ചു.
ഫൈസൽ നിലമേൽ അനുസ്മരണ പ്രഭാഷണം നടത്തി. ദേശീയ സ്വാതന്ത്ര്യസമരത്തിൽ സജീവ സാന്നിധ്യമായിരുന്ന ഇരുനേതാക്കളും കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു. ലോകത്തെ എല്ലാ മാറ്റങ്ങളെയും മാർക്സിസം, ലെനിനിസത്തിന്റെ അടിസ്ഥാനത്തിൽ സൂക്ഷ്മമായി വിലയിരുത്തിയ ഇ.എം.എസ് അവ സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയിൽ പകർന്നുനൽകി. സാർവദേശീയ പ്രശ്നങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ കേരളജനതയെ പ്രാപ്തമാക്കി. ഐക്യകേരളം എന്ന കാഴ്ചപ്പാട് പ്രായോഗികമാക്കുന്നതിലും കേരളത്തിലെ ആദ്യ മന്ത്രിസഭയെ നയിക്കുന്നതിലും പ്രായോഗികവും സൈദ്ധാന്തികവുമായ നേതൃത്വം നൽകി. കേരളവികസനത്തിന് അടിസ്ഥാനം കുറിച്ച ഭൂപരിഷ്കരണ ബിൽ ഇ.എം.എസ് മുഖ്യമന്ത്രിയായ ഘട്ടത്തിലെ സുപ്രധാന നിയമങ്ങളിലൊന്നാണ്. സാമൂഹിക നീതിക്കായുള്ള സമരം വർഗസമരത്തിന്റെ ഭാഗമാണെന്ന് ഊന്നിപ്പറഞ്ഞു. ജനങ്ങളെ അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് യോജിപ്പിച്ചുനിർത്തുന്ന വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും മുന്നോട്ടുവെച്ചു.
പ്രക്ഷോഭങ്ങളെ ജീവവായുകണക്കെ സ്വീകരിച്ച എ.കെ.ജി ജീവിതത്തെ പോരാട്ടമാക്കി. അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രശ്നങ്ങളിൽ ഇഴുകിനിന്ന് പൊരുതിയതിനാൽ പാവങ്ങളുടെ പടത്തലവൻ എന്ന പേരും ലഭിച്ചു. നവോത്ഥാന മുന്നേറ്റങ്ങളിലും സജീവസാന്നിധ്യമായ എ.കെ.ജി പാർലമെന്ററി ജനാധിപത്യത്തെ ജനങ്ങൾക്കായി എങ്ങനെ ഉപയോഗപ്പെടുത്താമെന്നും കാണിച്ചുതന്നു. രാജ്യത്തെമ്പാടും നടന്ന പ്രക്ഷോഭങ്ങളിൽ നിറസാന്നിധ്യമായി അദ്ദേഹം.
കോടതിമുറിപോലും സമരവേദിയാക്കി. കേരളത്തിന്റെ വികസനത്തിനും എ.കെ.ജി വലിയ സംഭാവന നൽകിയതായും അനുസ്മരണ യോഗം വിലയിരുത്തി. ജോസ് സ്കറിയ, പ്രവീൺ പുതിയാണ്ടി, ഷമീർ പെരുമ്പാവൂർ, നജീം ആലപ്പുഴ, ബാബു, സുരേഷ് കുമാർ, ബിജി കുഴിമണ്ണിൽ, ധനേഷ് അമ്പലവയൽ എന്നിവർ സംസാരിച്ചു. മുസ്തഫ തെക്കൻ സ്വാഗതവും അബ്ദുൽ ഹഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.