എൻജിനീയർമാർ സൗദിയിൽ എത്തുംമുമ്പ് പ്രഫഷനൽ പരീക്ഷ വിജയിക്കണം
text_fieldsജുബൈൽ: പുതിയ തൊഴിൽവിസകളിൽ രാജ്യത്തേക്ക് വരാൻ ആഗ്രഹിക്കുന്ന എൻജിനീയർമാർക്കായി പ്രഫഷനൽ ടെസ്റ്റ് നടത്താൻ സൗദി അറേബ്യ തീരുമാനിച്ചു. വിദ്യാഭ്യാസ പരിശീലന മൂല്യനിർണയ കമീഷനും സൗദി കൗൺസിൽ ഓഫ് എൻജിനിയേഴ്സും (എസ്.സി.ഇ) ഇതുസംബന്ധിച്ച നടപടികൾ പൂർത്തിയാക്കി. പരീക്ഷാനടത്തിപ്പും സിലബസും ക്രമീകരിച്ചു.
സമൂഹത്തിെൻറ സംരക്ഷണത്തിനും സുരക്ഷക്കും എൻജിനീയറിങ് ജോലികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായി എൻജിനീയർമാരുടെ അറിവും പ്രവൃത്തിപരിജ്ഞാനവും പരിശോധിക്കണമെന്ന മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രി മജീദ് അൽഹുഖൈലിെൻറ ഉത്തരവിന് അനുസൃതമായാണ് ഈ നീക്കം. രാജ്യത്ത് ജോലിചെയ്യുന്ന വിദേശി എൻജിനീയർമാരുടെ അക്കാദമിക് യോഗ്യതകളും പ്രായോഗിക അനുഭവപരിജ്ഞാനവും വിലയിരുത്തേണ്ടതിെൻറ ആവശ്യകത മന്ത്രി വ്യക്തമാക്കിയിരുന്നു. പുതിയ എൻജിനീയർമാർ സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിനു മുമ്പ് അവരുടെ കഴിവും യോഗ്യതയും പരിശോധിക്കേണ്ടതുണ്ട്. കമീഷെൻറ തന്ത്രപ്രധാന ആഗോള പങ്കാളിയായ പിയേഴ്സൺ വ്യൂ എന്ന കമ്പനിയുടെ സഹകരണത്തോടെയാണ് പരീക്ഷ നടത്തിപ്പ്.
ഒാൺലൈൻവഴിയാണ് പിയേഴ്സൺ വ്യൂ പരീക്ഷ നടത്തുന്നത്. പരീക്ഷയിൽ വിജയിക്കുന്നവർക്ക് ഒാൺലൈനായിതന്നെ ലൈസൻസും സർട്ടിഫിക്കറ്റും നൽകും. എൻജിനീയറിങ് തൊഴിലുകൾക്ക് ദേശീയ പ്രഫഷനൽ മാനദണ്ഡങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കമീഷനും എസ്.സി.ഇയും കഴിഞ്ഞ വർഷം സഹകരണ കരാറിൽ ഒപ്പുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.