കോവിഡ് വാക്സിനുകൾ എല്ലാ രാജ്യങ്ങളിലും എത്തുമെന്ന് ഉറപ്പുവേണം –സൗദി
text_fieldsജിദ്ദ: കോവിഡ് വാക്സിനുകൾ എല്ലാ രാജ്യങ്ങളിലേക്കും എത്തുമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ വ്യക്തമാക്കി. െഎക്യരാഷ്ട്ര പൊതുസഭയുടെ 31ാമത് സെഷനിൽ പ്രസംഗിക്കവേയാണ് മന്ത്രി വാക്സിൻ വിതരണത്തെക്കുറിച്ചുള്ള സൗദി നിലപാട് വ്യക്തമാക്കിയത്. ന്യായമായ, താങ്ങാനാവുന്ന രീതിയിൽ അവ എത്തിക്കാനാവശ്യമായ വ്യവസ്ഥകൾ സൃഷ്ടിക്കണമെന്നും വിവേചനമില്ലാതെ എല്ലാ ജനങ്ങൾക്കും നൽകണമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. വിവേചനമില്ലാതെ എല്ലാവർക്കും ആരോഗ്യപരിരക്ഷയും വാക്സിനും ലഭ്യമാണെന്ന് ഉറപ്പുവരുത്തേണ്ടതിെൻറ പ്രാധാന്യവും കോവിഡിൽനിന്ന് കരകയറാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടതിെൻറ ആവശ്യകതയും മന്ത്രി ചൂണ്ടിക്കാട്ടി.
ഭാവിയിൽ പകർച്ചവ്യാധികൾക്കെതിരെ നല്ല മുന്നൊരുക്കവും സുസ്ഥിരമായ വികസനലക്ഷ്യങ്ങൾ കൈവരിക്കാൻ ശരിയായ പാതയിലൂടെ മുന്നോട്ടു പോകലും ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. കോവിഡ് മൂലം സാമൂഹിക, സാമ്പത്തിക, മാനുഷിക, സാമ്പത്തിക മേഖലയിലുണ്ടായ പ്രത്യാഘാതങ്ങൾ പരിഹരിക്കാൻ യു.എന്നിലെ പ്രാദേശിക, അന്താരാഷ്ട്ര സംഘടനങ്ങളും സാമ്പത്തിക സ്ഥാപനങ്ങളും സഹകരിച്ചു പ്രവർത്തിക്കണം.
പ്രതിസന്ധിഘട്ടത്തിൽ ഉയർന്നുവരുന്ന ബലഹീനതകൾ പരിഹരിക്കുന്നതിനും പുതിയ അതിർത്തികൾ നിർണയിക്കുന്നതിനുംവേണ്ടി ശ്രമിക്കണം. ശാസ്ത്രീയവും സാേങ്കതികവുമായ പുരോഗതി ഉണ്ടായിരുന്നിട്ടും നഗ്നനേത്രങ്ങളാൽ കാണാൻ കഴിയാത്ത ഒരു വൈറസിെൻറ മുന്നിൽ ആഗോള വ്യവസ്ഥയുടെ ബലഹീനതയും ദുർബലതയും വെളിവായിട്ടുണ്ട്. എല്ലാവർക്കും ഭീഷണിയായ പകർച്ചവ്യാധിയെ മറികടക്കാൻ അഭിപ്രായവ്യത്യാസങ്ങൾ മറന്നും കുടുസ്സായ താൽപര്യങ്ങൾ മാറ്റിവെച്ചും ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ട്.
പകർച്ചവ്യാധിയേയും അതുണ്ടാക്കിയ ആരോഗ്യ, മാനുഷിക ഭീഷണികളെയും നേരിടാൻ എല്ലാവരെയും പ്രാപ്തമാക്കാൻ അന്താരാഷ്ട്ര ശ്രമങ്ങളെ ഏകോപിപ്പിക്കേണ്ടതുണ്ട്. അതോടൊപ്പം ആഗോള സാമ്പത്തികസ്ഥിരത പുനഃസ്ഥാപിക്കാനും മാന്ദ്യത്തെ തടയാനും ശക്തവും സുസ്ഥിരവും സന്തുലിതവും സമഗ്രഹവുമായ വളർച്ച കൈവരിക്കുന്നതിനും വേണ്ട പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.