സൗദിയിൽ വിനോദരംഗം ഉണരുന്നു; റിയാദ് ഒയാസിസ് വാണിജ്യ ടൂറിസം ഫെസ്റ്റിന് തുടക്കം
text_fieldsറിയാദ് നഗരത്തിന് വടക്കുഭാഗത്ത് അൽഅമാരിയ, ദറഇയ ഡിസ്ട്രിക്ടുകൾക്ക് ഇടയിലാണ് റിയാദ് ഒയാസിസ് ഉത്സവനഗരി
നജിം കൊച്ചുകലുങ്ക്
റിയാദ്: കോവിഡിനുശേഷമുള്ള വൻകിട വിനോദ പരിപാടികൾക്ക് സൗദിയിൽ തുടക്കമായി. റിയാദ് ഒയാസിസ് എന്ന പേരിൽ മൂന്നു മാസം നീളുന്ന ആദ്യ പരിപാടിക്കാണ് ഞായറാഴ്ച തിരശ്ശീല ഉയർന്നത്. ഏപ്രിൽ 12ന് സമാപിക്കും. എണ്ണയിതര വരുമാനവും ടൂറിസവും ലക്ഷ്യംവെച്ചുള്ള പരിപാടികൾ വരുംദിനങ്ങളിൽ വിവിധ പ്രവിശ്യകളിലുണ്ടാകും.
സൗദിയിലെ ജനറൽ എൻറർടെയ്ൻറ്മെൻറ് അതോറിറ്റിക്കു കീഴിലാണ് പരിപാടികൾ. റിയാദ് ഒയാസിസ് ഉത്സവനഗരിയിൽ പാസ് മൂലമാണ് പ്രവേശനം. റിയാദ് നഗരത്തിന് വടക്കുഭാഗത്ത് അൽഅമാരിയ, ദറഇയ ഡിസ്ട്രിക്ടുകൾക്ക് ഇടയിലാണ് റിയാദ് ഒയാസിസ് ഉത്സവനഗരി. സൗദി തലസ്ഥാന നഗര മധ്യത്തിൽനിന്ന് 50 കിലോമീറ്റർ അകലെയാണിത്. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ പുലർച്ച മൂന്നുവരെയാണ് പരിപാടികൾ.
സാധാരണ ദിവസങ്ങളിലാണ് ഇൗ സമയക്രമം. വാരാന്ത്യ അവധി ദിനങ്ങളായ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഉച്ചക്ക് ഒന്നിന് തുടങ്ങും. 15 വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനമില്ല. കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ വഴിയാണ് ബുക്കിങ്. കലാകായിക പരിപാടികൾ, സംഗീതപരിപാടികൾ, ഭക്ഷ്യമേളകൾ എന്നിവയുണ്ടാകും. ലോകോത്തര ഭക്ഷണശാലകൾക്കും ഇവിടെ സ്റ്റാളുകളുണ്ട്. ഇവിടെയൊരുക്കിയ സ്പെഷൽ ടെൻറുകളും ബുക്ക് ചെയ്യാം. 500 റിയാൽ മുതലാണ് പ്രവേശനനിരക്ക്.
കോവിഡ് സാഹചര്യവും പ്രോട്ടോകോളും പാലിക്കേണ്ടതിനാൽ ആ തരത്തിലാണ് ക്രമീകരണം. enjoy.sa എന്ന വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. എണ്ണയിതര വരുമാനം ലക്ഷ്യംവെച്ച് സൗദി കിരീടാവകാശിയുടെയും രാജാവിെൻറയും കീഴിൽ രൂപവത്കരിച്ചതാണ് ജനറൽ എൻറർടെയ്മെൻറ് അതോറിറ്റി. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച മുന്നൂറോളം വൻകിട പരിപാടികൾ കോവിഡ് കാരണം റദ്ദായിരുന്നു. ഇതിന് പുറമെ വൈവിധ്യമാർന്ന പരിപാടികൾക്കും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ തുടക്കമാവുകയാണ്. മാർച്ചിൽ അന്താരാഷ്ട്ര വിമാനങ്ങൾക്കുള്ള വിലക്ക് നീങ്ങും. ഇതു കൂടി മുന്നിൽ കണ്ടാണ് ഈ വർഷം ആദ്യം മാസം തന്നെ പരിപാടിക്ക് തുടക്കമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.