സൗദിയിലേക്ക് തിരിച്ചുവരാത്തവർക്ക് പ്രവേശനവിലക്ക് ഹിജ്റ കലണ്ടർ പ്രകാരം
text_fieldsജിദ്ദ: രാജ്യത്തുനിന്ന് റീ-എൻട്രി വിസയിൽ രാജ്യം വിട്ട ശേഷം വിസാകാലാവധിക്കുള്ളിൽ തിരിച്ചെത്താത്തവർക്കുള്ള പ്രവേശനവിലക്ക് ഹിജ്റ കലണ്ടർ പ്രകാരമാണ് കണക്കാക്കുകയെന്ന് സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) വ്യക്തമാക്കി. റീ-എൻട്രി വിസാകാലാവധി അവസാനിച്ചതുമുതൽ മൂന്ന് വർഷത്തേക്കാണ് പ്രവേശനവിലക്ക് നിലനിൽക്കുക.
റീ-എൻട്രി വിസയിൽ സൗദി വിട്ടശേഷം വിസാകാലാവധിക്കുള്ളിൽ തിരിച്ചെത്താത്തവർക്ക് മൂന്നുവർഷത്തേക്ക് പ്രവേശനവിലക്ക് ബാധകമാണ്.മൂന്നു വർഷം പിന്നിടാതെ പുതിയ തൊഴിൽവിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കാൻ ഇവർക്ക് സാധിക്കില്ല. ഇത് ഹിജ്‌റ കലണ്ടർ പ്രകാരമാണ് കണക്കാക്കുക. വിദേശികളിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ജവാസത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാൽ, പഴയ അതേ തൊഴിലുടമയുടെ അടുത്ത് ജോലി ചെയ്യാൻ പുതിയ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കാൻ മൂന്നുവർഷ വിലക്ക് ബാധകമല്ല. തൊഴിലാളിയെ സ്വീകരിക്കാൻ സ്പോൺസർ എയർപോർട്ടിലെ ജവാസത്തിലെത്തണമെന്നുമാത്രം. മൂന്നു വർഷ വിലക്ക് റീ-എൻട്രി വിസാകാലാവധി അവസാനിക്കുന്ന ദിവസം മുതലാണ് കണക്കാക്കുക. റീ-എൻട്രി വിസാകാലാവധി മാസങ്ങളിലാണ് നിർണയിക്കുക.
വിസ ഇഷ്യൂ ചെയ്തശേഷം സൗദി അറേബ്യ വിടാൻ മൂന്നു മാസത്തെ കാലാവധിയും സാധാരണയായി അനുവദിക്കാറുണ്ട്.യാത്രാതീയതി മുതലാണ് റീ-എൻട്രി വിസാകാലാവധി കണക്കാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.