നിങ്ങളുടെ പരിസ്ഥിതി നിങ്ങളെ അറിയുന്നു; പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ വാരാചരണ കാമ്പയിന് പ്രൗഢ തുടക്കം
text_fieldsമക്ക: 'നിങ്ങളുടെ പരിസ്ഥിതി നിങ്ങളെ അറിയുന്നു' എന്ന ശീർഷകത്തിൽ സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ പരിസ്ഥിതി സംരക്ഷണ വാരാചരണ കാമ്പയിന് മക്കയിൽ പ്രൗഢമായ തുടക്കം. ഏപ്രിൽ 28 മുതൽ മേയ് 4 വരെയാണ് കാമ്പയിൻ നടക്കുന്നതെന്നും സ്വകാര്യ സന്നദ്ധ സംഘടനകളുടെകൂടി സഹകരണത്തോടെ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്നും മക്ക പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ ബ്രാഞ്ച് ഡയറക്ടർ ജനറൽ എഞ്ചിനിയർ മാജിദ് ബിൻ അബ്ദുല്ല അൽ ഖലീഫ് പറഞ്ഞു.
കാമ്പയിനോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഗവർണറേറ്റുകളിൽ വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. വനവൽക്കരണ പദ്ധതികൾ, ബീച്ചുകളും പാർക്കുകളും ശുചീകരിക്കുക, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണ പരിപാടികൾ തുടങ്ങിയവ കാമ്പയിനോടനുബന്ധിച്ചു നടക്കും. പാരിസ്ഥിതിക ഘടകങ്ങളുടെ ഗുണനിലവാരം കാത്തുസൂക്ഷിക്കുന്നതിനുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കി വ്യത്യസ്ത മേഖലകളിൽ പരിസ്ഥിതി അവബോധ സംസ്കാരം വളർത്തിയെടുക്കുക എന്നതാണ് കാമ്പയിൻ വഴി അധികൃതർ ലക്ഷ്യം വെക്കുന്നത്.
പ്രകൃതിവിഭവങ്ങളുടെ സംരക്ഷണവും സുസ്ഥിര വികസന ലക്ഷ്യങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ കൈവരിക്കാനും ആഗോളവും ദേശീയവുമായ പാരിസ്ഥിതിക നിയമങ്ങൾ പാലിക്കുവാൻ രാജ്യനിവാസികളെ പ്രാപ്തരാക്കാനും കാമ്പയിൻ വഴി സാധിക്കുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി പാരിസ്ഥിതിക അവബോധ പരിപാടികൾ സംഘടിപ്പിക്കുന്നതോടൊപ്പം വൃക്ഷത്തൈനടീൽ കാമ്പയിനും നടക്കും. പരിസ്ഥിതി വാരാഘോഷത്തോടനുബന്ധിച്ച് ചില മേഖലകളിൽ പ്രദർശനവും വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് രാജ്യത്തിന്റെ വിവിധ മരുപ്രദേശങ്ങളിൽ വനവത്കരണ പദ്ധതികളും നടപ്പിലാക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.