പരിസ്ഥിതി ഹരിതവത്കരണം; യാംബു ജനറൽ ആശുപത്രിയിൽ വൃക്ഷത്തൈ നടീൽ കാമ്പയിൻ
text_fieldsയാംബു: ആശുപത്രിയിലെത്തുന്ന രോഗികൾക്കും ഒപ്പം വരുന്നവർക്കും ആരോഗ്യകരമായ നല്ല അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനായി പ്രകൃതിയുടെ പച്ചപ്പൊരുക്കി യാംബു ജനറൽ ആശുപത്രി അധികൃതർ. ആശുപത്രി പരിസരത്തും സമീപ ഭാഗങ്ങളിലും വൃക്ഷത്തൈകൾ വ്യാപകമാക്കി ഹരിതാഭമായ അന്തരീക്ഷമൊരുക്കാനാണ് വൃക്ഷതൈ നടീൽ കാമ്പയിൻ ഒരുക്കുന്നത്. ‘വിഷൻ 2030’ലക്ഷ്യങ്ങളിൽപ്പെട്ടതും സൗദി ‘ഗ്രീൻ ഇനിഷ്യേറ്റീവി’നെ അടിസ്ഥാനമാക്കിയുള്ള ‘ഗാർഡൻസ് വിത്ത് ജോയ്’പദ്ധതിയിൽ പെടുത്തിയാണ് ഭൂമിക്ക് പച്ചപ്പൊരുക്കുന്ന കാമ്പയിൻ നടപ്പാക്കുന്നത്.
മദീന ഹെൽത്ത് ക്ലസ്റ്ററിലെ അംഗമായ യാംബു ജനറൽ ആശുപത്രിക്ക് ചുറ്റുമുള്ള പ്രദേശങ്ങളെ ഹരിത ഉദ്യാനങ്ങളാക്കി മാറ്റാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആശുപത്രിയിൽ ജോലി ചെയ്യുന്ന വിവിധ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും അനുയോജ്യമായ പ്രകൃതി അന്തരീക്ഷം സൃഷ്ടിക്കാനും പുതിയ കാമ്പയിൻ വഴിവെച്ചു. ആശുപത്രിയുമായി സഹകരിക്കുന്നവരെ കൂടി പങ്കാളികളാക്കി ടീം വർക്ക് സജീവമാക്കിയും കാമ്പയിൻ വിജയിപ്പിക്കാൻ അധികൃതർ നടപടിയെടുത്തു.
സർക്കാറിന്റെ വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘത്തിനെറയും സേവനങ്ങളും ആശുപത്രി പരിസരത്തെ ഉദ്യാനനിർമാണത്തിനും സുഖപ്രദമായ കാത്തിരിപ്പ് കേന്ദ്രങ്ങളും കുടകളും നിർമിക്കാനും അധികൃതർ ഉപയോഗപ്പെടുത്തി. കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കുന്നതിനും വായുവിലെ ഓക്സിജന്റെ ശതമാനം വർധിപ്പിക്കുന്നതിനും ഇവിടുത്തെ മരങ്ങൾ നിർണായക പങ്കുവഹിക്കുന്നു.
വായു മലിനീകരണം കുറക്കുന്നതിനും അതിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഈ സംരംഭം ഗണ്യമായ സംഭാവന നൽകിയതായി ആശുപത്രീ അധികൃതർ ചൂണ്ടിക്കാട്ടി. രോഗികൾക്ക് അവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ആരോഗ്യകരമായ കാലാവസ്ഥ സൃഷ്ടിക്കുന്നതിനും വൃക്ഷതൈ നടീൽ കാമ്പയിൻ വഴി സാധിച്ചതായി വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.