ജിദ്ദ കെ.എം.സി.സി നൽകുന്ന സേവനങ്ങളെ ഇ.ടി. പ്രശംസിച്ചു
text_fieldsജിദ്ദ: മുസ്‍ലിം ലീഗിന്റെ ജനസേവന പ്രവർത്തനങ്ങൾക്ക് ജിദ്ദ കെ.എം.സി.സി നൽകിക്കൊണ്ടിരിക്കുന്ന സേവനങ്ങളെ ഇ.ടി. മുഹമ്മദ് ബഷീർ എം.പി പ്രശംസിച്ചു. ജിദ്ദ കെ.എം.സി.സിയുടെ കാരുണ്യഹസ്തം കുടുംബസുരക്ഷ പദ്ധതി പ്രകാരം അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് കോടിയോളം രൂപ വിതരണം ചെയ്തു. പദ്ധതി 14ാം വർഷത്തിലേക്ക് കടക്കുമ്പോൾ പദ്ധതിയിൽ അംഗങ്ങളായവരുടെ മക്കൾക്ക് ഗവേഷണ പഠനത്തിന് സ്കോളർഷിപ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ ശാക്തീകരണത്തോടൊപ്പം ഗവേഷണ പഠനരംഗത്തേക്ക് കുട്ടികളെ ആകർഷിക്കുക എന്നതാണ് പദ്ധതികൊണ്ടുള്ള ലക്ഷ്യം. ഇന്ത്യയിലോ വിദേശത്തോ ഉള്ള ഏത് യൂനിവേഴ്സിറ്റിയിലാണെങ്കിലും സ്കോളർഷിപ്പിന് പരിഗണിക്കും. പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം എം.എൽ.എ നടത്തുന്ന ഹൈദരലി ശിഹാബ് തങ്ങൾ മെമ്മോറിയൽ ഐ.എ.എസ് അക്കാദമിയിൽ 70 വിദ്യാർഥികളെ സ്പോൺസർ ചെയ്യുന്നു. ബിഹാറിലെ കിഷൻഗഞ്ചിൽ പിന്നാക്ക ജനവിഭാഗത്തിലെ വിദ്യാർഥികളുടെ ഉന്നമനം ലക്ഷ്യംവെച്ച് ഡോ. സുബൈർ ഹുദവിയുടെ നേതൃത്വത്തിൽ സ്ഥാപിക്കുന്ന ഖുർത്വുബ ഇൻസ്റ്റിറ്റ്യൂട്ടുമായും ജിദ്ദ കെ.എം.സി.സി സഹകരിക്കുന്നുണ്ട്.
പ്രവാസികളുടെ ക്ഷേമകാര്യങ്ങൾക്ക് മുൻഗണന നൽകി സാമൂഹിക സാംസ്കാരിക രംഗങ്ങളിലും സംഘടന നേതൃരംഗത്തും ജീവകാരുണ്യ മേഖലയിലും സഹജീവികൾക്കായി പ്രവർത്തിക്കുകയും ശേഷം നാട്ടിലെത്തി നിത്യജീവിതത്തിനും രോഗചികിത്സക്കുപോലും പ്രയാസപ്പെടുന്നവരുണ്ട്. കുടുംബസുരക്ഷ പദ്ധതിയുടെ സ്ഥാപക നേതാക്കളായിട്ടുള്ള അത്തരം ആളുകളെ സഹായിക്കുന്ന 'കാരുണ്യ കൈനീട്ടം'എന്ന പുതിയ പദ്ധതിയും ഈ വർഷം നടപ്പാക്കുന്നുണ്ട്.
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ മരണപ്പെട്ട 70 പ്രവാസികളുടെ കുടുംബങ്ങൾക്ക് മരണാനന്തര സഹായവും 300ഓളം പേർക്ക് ചികിത്സ ആനുകൂല്യവും നൂറിലേറെ പേർക്ക് വിമാന ടിക്കറ്റും നൽകിയതായി ജിദ്ദ കെ.എം.സി.സി ഭാരവാഹികൾഅറിയിച്ചു.
വാർത്തസമ്മേളനത്തിൽ ടി.വി. ഇബ്രാഹീം എം.എൽ.എ, കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട്, ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, ചെയർമാൻ നിസാം മമ്പാട് തുടങ്ങിയവരും മറ്റു സെൻട്രൽ കമ്മിറ്റി ഭാരവാഹികളും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.