മസ്ജിദുന്നബവിയിൽ ഇഅ്തികാഫിന് രജിസ്ട്രേഷൻ സേവനം
text_fieldsമദീന: മസ്ജിദുന്നബവിയിൽ റമദാനിൽ ഇഅ്തികാഫ് ഇരിക്കാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്ട്രേഷൻ സേവനം ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
'സാഇറൂൻ' (സന്ദർശകർ) എന്ന മൊബൈൽ ആപ്പിലൂടെ ഇതിനുള്ള സേവനം വ്യാഴാഴ്ച മുതൽ ലഭ്യമാണ്. ഇഅ്തികാഫിന് വരുന്നവർ പാലിക്കേണ്ട നിർദേശങ്ങളും വ്യവസ്ഥകളും അറിയാനും രജിസ്റ്റർ ചെയ്യാനും ഇതിലൂടെ സാധിക്കുമെന്നും മസ്ജിദുന്നബവി കാര്യാലയം വ്യക്തമാക്കി.
ഇഅ്തികാഫിന്റെ ഒരുക്കങ്ങളും നിയന്ത്രണങ്ങളും നടപടിക്രമങ്ങളും ചർച്ചചെയ്യുന്നതിനായി മസ്ജിദുന്നബവി ഇഅ്തികാഫ് കമ്മിറ്റി യോഗം ചേർന്നു. രജിസ്ട്രേഷൻ പുരുഷന്മാർക്കും സ്ത്രീകൾക്കും ഓൺലൈനിൽ ലഭ്യമാകുമെന്നും രജിസ്ട്രേഷൻ പൂർത്തിയായ ഉടൻ തന്നെ ഇഅ്തികാഫിന് പെർമിറ്റ് നേടാനാകുമെന്നും കമ്മിറ്റി തലവൻ അബ്ദുല്ല അൽഹുനൈനി പറഞ്ഞു. പ്രവാചകപള്ളിയുടെ പടിഞ്ഞാറു ഭാഗത്തെ മേൽത്തട്ടിൽ പുരുഷന്മാർക്കും പടിഞ്ഞാറ് ഭാഗത്ത് സ്ത്രീകൾക്കുമായി ഇഅ്തികാഫിനുള്ള സ്ഥലം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ഇഫ്താറും അത്താഴവും പാനീയങ്ങളും ഇഅ്തികാഫിലുള്ളവർക്ക് വിതരണം ചെയ്യും. വിവിധ ഭാഷകളിൽ പ്രഭാഷണങ്ങളുമുണ്ടാകും. സേവനങ്ങൾ നൽകുന്നവരുമായി സഹകരിക്കണമെന്നും നിർദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.