സൗദിയിലെത്തിയിട്ടും ഭർത്താവിനെ കാണാൻ കഴിഞ്ഞില്ല; കരളുരുകും വേദനയുമായി സീമ നൗസിനും മക്കളും മടങ്ങി
text_fieldsദമ്മാം: രണ്ടു കൊല്ലമായി തന്റെയും മക്കളുടെയും കാര്യം അന്വേഷിക്കാത്ത ഭർത്താവിനെ തേടി സൗദി അറേബ്യയിലെത്തിയ ഹൈദരാബാദ് സ്വദേശിനി സീമ നൗസിന് നിരാശയോടെ മടക്കം. ആഴ്ചകൾ നീണ്ട പരിശ്രമങ്ങൾക്കുശേഷവും ഭർത്താവിനെ നേരിൽ കാണാനോ സംസാരിക്കാനോ കഴിയാതെയാണ് ഈ നിസ്സഹായ സ്ത്രീക്ക് നാട്ടിലേക്കു വിമാനം കയറേണ്ടിവന്നത്. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് പർവേസും സീമ നൗസിനും പഠനകാലത്ത് പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. 15 വർഷം മുമ്പായിരുന്നു ഇത്.
സൗദിയിലെ ‘സഫ്വ’യിൽ ഒരു ട്രാൻസ്പോർട്ടിങ് കമ്പനിയിൽ ഹെവി വെഹിക്കിൾ ഡ്രൈവറായി ജോലി ചെയ്യുകയാണ് മുഹമ്മദ് പർവേസ്. സന്തോഷകരമായി ജീവിതം നയിച്ചിരുന്ന ഇവർക്ക് മൂന്നു മക്കളും ഉണ്ട്. എന്നാൽ, രണ്ടുവർഷമായി ഇവർക്കിടയിൽ രൂപപ്പെട്ട അസ്വാരസ്യങ്ങളെ തുടർന്ന് മുഹമ്മദ് പർവേസ് കുടുംബവുമായുള്ള ബന്ധം വിച്ഛേദിക്കുകയായിരുന്നു.
തന്റെ ഭാര്യയെക്കുറിച്ച് ശരിയല്ലാത്ത വാർത്തകൾ കേൾക്കുന്നു എന്നായിരുന്നത്രേ ഇയാളുടെ പരാതി. മാത്രമല്ല, രണ്ടു മാസം മുമ്പ് വിവാഹമോചനം ആവശ്യപ്പെട്ട് ഇയാൾ നോട്ടീസയക്കുകയും ചെയ്തിരുന്നു. എത്രയേറെ ശ്രമിച്ചിട്ടും തെറ്റിദ്ധാരണകൾ തിരുത്താനോ ഫോണിൽ സംസാരിക്കാനോ ഭർത്താവ് തയാറാകാതെ വന്നതോടെ സീമ നൗസീൻ ഉംറ വിസയിൽ ഉപ്പയെയും കൂട്ടി മക്കൾക്കൊപ്പം സൗദിയിലേക്ക് വിമാനം കയറുകയായിരുന്നു. ജിദ്ദയിൽനിന്ന് റിയാദിലെ ഇന്ത്യൻ എംബസിയിലെത്തി കാര്യങ്ങൾ ബോധിപ്പിച്ചപ്പോൾ പർവേസ് ജോലിചെയ്യുന്ന കമ്പനി ദമ്മാമിലാണെന്ന് കണ്ടതിനെത്തുടർന്ന് സാമൂഹിക പ്രവർത്തക മഞ്ജു മണിക്കുട്ടന്റെ ഫോൺ നമ്പറും നൽകി അവരെ ദമ്മാമിലേക്ക് അയക്കുകയായിരുന്നു.
മഞ്ജുവും ഭർത്താവ് മണിക്കുട്ടനും സാമൂഹിക പ്രവർത്തകൻ സക്കീറുംകൂടി പൊലീസ് സ്റ്റേഷനിൽ എത്തുകയും ഇഖാമ നമ്പർ ഉപയോഗിച്ച് ഇദ്ദേഹത്തിന്റെ സഫ്വയിലുള്ള കമ്പനി കണ്ടെത്തുകയും ചെയ്തു. സീമ നൗസിനേയും കൂട്ടി കമ്പനിയിൽ എത്തിയെങ്കിലും ഇദ്ദേഹം പുറത്ത് ജോലിക്കു പോയതിനാൽ നേരിൽ കാണാൻ സാധിച്ചില്ല. ഫോണിൽ സംസാരിക്കാനും ഇയാൾ തയാറായില്ല. ജോലിസംബന്ധമായോ പെരുമാറ്റ രീതിയിലോ ഇയാളെക്കുറിച്ച് ഒരുവിധ പരാതിയും കമ്പനിക്കില്ല.
തന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ ഭർത്താവിനോട് ക്ഷമ ചോദിക്കണമെന്നും എന്നാൽ 15 വർഷം കഴിഞ്ഞപ്പോൾ തന്നെ ആവശ്യമില്ലെന്നാണ് തോന്നുന്നതെങ്കിൽ അതിന് തനിക്കെതിരെ സ്വഭാവദൂഷ്യം ആരോപിക്കരുതെന്നും ഇവർ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം തന്നെ ഒഴിവാക്കുകയാണെങ്കിൽ തന്റെ മക്കൾക്ക് ചെലവിന് കൊടുക്കാൻ തയാറാകണമെന്നും ഇവർ അപേക്ഷിക്കുന്നു. ഭർത്താവിനെത്തേടി കമ്പനിയിലെത്തിയ സീമയുടെ കരഞ്ഞുകൊണ്ടുള്ള സംസാരം കേട്ടുനിന്നവരുടെയൊക്കെ കരളലിയിക്കുന്നതായിരുന്നു. നാട്ടിൽ പരാതി നൽകി എംബസി വഴി ഭർത്താവിനെ നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് ഇവർ കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.