ഫാഷിസ്റ്റുകളെ നേരിടാൻ മതേതര ചേരി ശക്തിപ്പെടണം -ഉണ്ണിത്താൻ
text_fieldsറിയാദ്: രാജ്യത്തെ ന്യൂനപക്ഷ ദലിത് ജനവിഭാഗങ്ങൾക്കെതിരെ സംഘ്പരിവാർ ശക്തികൾ തുടർന്നുകൊണ്ടിരിക്കുന്ന ഹിംസാത്മക സമീപനങ്ങളെ പ്രതിരോധിക്കാൻ മതേതര ജനാധിപത്യ ചേരി ശക്തിപ്പെടണമെന്ന് കെ.പി.സി.സി വക്താവ് രാജ്‌മോഹൻ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു. മുസ്‌ലീം ലീഗ് രാജ്യവ്യാപകമായി നടത്തുന്ന കാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം സ്വാതന്ത്ര്യം നേടിയ കാലത്ത് തന്നെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ശ്രമം ഫാഷിസ്റ്റുകൾ ആരംഭിച്ചിരുന്നു. അന്ന് അതിന് തടസം രാഷ്ട്രപിതാവാണെന്ന തിരിച്ചറിവാണ് മഹാത്മാഗാന്ധിയെ കൊന്നുതള്ളാൻ അവരെ പ്രേരിപ്പിച്ചത്.
ഗാന്ധിഘാതകൻ നാഥുറാം ഗോഡ്‌സെയുടെ ഹിന്ദുത്വ രാഷ്ട്രമെന്ന ആഗ്രഹ പൂർത്തീകരണത്തിനുള്ള വഴികളാണ് സംഘപരിവാർ ശക്തികൾ വെട്ടിയൊരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുസമൃതിയെ ആധാരമാക്കിയുള്ള ജാതിവ്യവസ്ഥയിൽ എപ്പോഴും ഗുണഭോക്താക്കളായി നിന്നിട്ടുള്ളത് ബ്രാഹ്മണിക്കൽ മൂല്യവ്യവസ്ഥയാണ്. അതൊരിക്കലും മനുഷ്യരെ മനുഷ്യരായി കാണാൻ തയാറാകില്ല. രാഷ്ട്രീയ രംഗത്തും ജുഡീഷ്യറിയിലും സൈനിക തലങ്ങളിലും മാധ്യമ രംഗത്തുമെല്ലാം ന്യൂനപക്ഷ ദലിത് വിഭാഗക്കാർ കടന്നുവരണം. ശത്രുതയിൽ നിർമിച്ചെടുത്ത ഫാഷിസ്റ്റ് പ്രത്യായശാസ്ത്രത്തെ പ്രതിരോധിക്കാൻ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ തലത്തിൽ ബഹുമുഖ നിർമിതി രൂപപ്പെടണം. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സർവ മനുഷ്യരും ചേർന്നുള്ള പോരാട്ടമാണ് ഉയർന്നുവരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുഫിയാൻ അബ്ദുസ്സലാം മോഡറേറ്ററായിരുന്നു.
സത്താർ താമരത്ത് വിഷയം അവതരിപ്പിച്ചു. ജയചന്ദ്രൻ നെരുവമ്പ്രം, സഅദുദ്ദീൻ സ്വലാഹി, മുഹമ്മദ്‌കോയ വാഫി, സുബൈർ അരിമ്പ്ര എന്നിവർ സംസാരിച്ചു. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി മുസ്തഫ, റഷീദ് മണ്ണാർക്കാട്, യു.പി മുസ്തഫ, ഇസ്മാഇൗൽ എരുമേലി, കെ.കെ കോയാമുഹാജി, എസ്.വി അർശുൽ അഹ്മദ് എന്നിവർ പെങ്കടുത്തു. ജനറൽ സെക്രട്ടറി കെ. മൊയ്തീൻ കോയ സ്വാഗതവും കെ.ടി അബൂബക്കർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.