ജിദ്ദയിൽ പരീക്ഷാകേന്ദ്രങ്ങൾ അനുവദിപ്പിക്കാൻ പ്രവർത്തനം തുടങ്ങി -ജിദ്ദ കേരള പൗരാവലി
text_fieldsജിദ്ദ: നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ)ക്ക് കീഴിൽ നടത്തുന്ന നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്), ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ (ജീ) എന്നീ ടെസ്റ്റ് പരീക്ഷ കേന്ദ്രങ്ങൾ ജിദ്ദയിൽ അനുവദിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ജിദ്ദ കേരള പൗരാവലി ഭാരവാഹികൾ അറിയിച്ചു. ഇതിന്റെ ഭാഗമായി ജിദ്ദ കേരള പൗരാവലി തയാറാക്കിയ അടിസ്ഥാന സ്ഥിതിവിവര കണക്കുകൾ അടങ്ങിയ പഠന റിപ്പോർട്ട് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിനും സൗദി ഇന്ത്യൻ എംബസിക്കും സമർപ്പിക്കുന്നതിന് വേണ്ടി പ്രസ് ഇൻഫർമേഷൻ ആൻഡ് കോമേഴ്സ് കോൺസുൽ മുഹമ്മദ് ഹാഷിമിന് സമർപ്പിച്ചു. സലാഹ് കാരാടൻ, നസീർ വാവക്കുഞ്ഞു, സി.എച്ച്. ബഷീർ, നാസർ ചാവക്കാട്, വേണു അന്തിക്കാട് എന്നിവരടങ്ങുന്ന നിവേദക സമിതിയാണ് വിശദമായ പഠന റിപ്പോർട്ട് സമർപ്പിച്ചത്.
ജിദ്ദ കേരള പൗരാവലിയുടെ പ്രതിനിധി സഭാ യോഗത്തിൽ പ്രവർത്തക സമിതി അംഗം സുവിജ സത്യനാണ് ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. ജിദ്ദ, ത്വാഇഫ്, അൽ ബാഹ, ഖമീസ് മുശൈത്ത്, അബ്ഹ, യാംബു, മദീന, തബൂക്, ജീസാൻ, നജ്റാൻ തുടങ്ങിയ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിനു കീഴിൽ ഇന്ത്യൻ പ്രവാസി വിദ്യാർഥികൾക്കായി ഉന്നത വിദ്യാഭ്യാസ പരീക്ഷ കേന്ദ്രങ്ങളും ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യൻ സർവകലാശാലകളുടെ ഓഫ് കാമ്പസുകളും ആരംഭിക്കണമെന്നാണ് ജിദ്ദ കേരള പൗരാവലിയുടെ മൂന്നാം പ്രതിനിധിസഭ യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ ബന്ധപ്പെട്ട വിഭാഗങ്ങളോട് ആവശ്യപ്പെട്ടത്.
തുടർ നടപടികൾക്കായി വിഷയം ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് കേരളത്തിൽ നിന്നുള്ള എം.പിമാരുമായി ചർച്ച നടത്തി പഠന റിപ്പോർട്ട് സമർപ്പിക്കുന്നതിനായി പൗരാവലി പ്രവർത്തക സമിതി അംഗം മിർസ ശരീഫിനെ (ആലപ്പുഴ) ചുമതലപ്പെടുത്തി തുടർ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. അടിയന്തര പ്രാധാന്യത്തോടെയുള്ള നടപടികൾക്ക് വേണ്ടി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിനും വിശദമായ ഡേറ്റകൾ അയച്ചുനൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
നിലവിൽ സൗദിയിൽ നീറ്റ് എക്സാം സെന്റർ റിയാദിൽ മാത്രമാണുള്ളത്. സൗദിയുടെ വെസ്റ്റേൺ റീജ്യനിൽനിന്നും ആയിരത്തിലധികം കിലോമീറ്ററുകൾ താണ്ടിയാണ് വിദ്യാർഥികളും രക്ഷിതാക്കളും പരീക്ഷ കേന്ദ്രത്തിലെത്തുന്നത്. ഇത് പലർക്കും സാമ്പത്തിക ബാധ്യതയും ജോലി സംബന്ധമായ പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. പ്ലസ് ടു പഠനശേഷം തുടർപഠനത്തിന് അംഗീകൃത കാമ്പസുകളുടെ അപര്യാപ്തത കാരണം സൗദിയിൽ കുടുംബവുമായി കഴിയുന്നവർക്ക് പലവിധ പ്രയാസങ്ങൾ അനുഭവിക്കുന്നത് തുടരുകയാണ്.
ജിദ്ദ പ്രവാസികൾക്ക് ആശ്വാസമാകുന്ന സുപ്രധാന തീരുമാനങ്ങൾക്ക് ചർച്ചയായ ജിദ്ദ കേരള പൗരാവലിയുടെ മൂന്നാം പ്രതിനിധി സഭായോഗത്തിൽ ചെയർമാൻ കബീർ കൊണ്ടോട്ടി അധ്യക്ഷനായിരുന്നു. ജനറൽ കൺവീനർ മൻസൂർ വയനാട് സ്വാഗതവും ട്രഷറർ ഷരീഫ് അറക്കൽ നന്ദിയും പറഞ്ഞു. വേണു അന്തിക്കാട്, അബ്ദുൽ ഖാദർ ആലുവ, ഷമീർ നദ്വി, അലി തേക്കുത്തോട്, അസീസ് പട്ടാമ്പി, അഹമ്മദ് ഷാനി, സുനിൽ സെയ്ദ്, മുഹമ്മദ് ബൈജു, ഡോ. ഇന്ദു ചന്ദ്രശേഖർ, ദിലീപ് താമരക്കുളം, നൗഷാദ് ചാത്തല്ലൂർ, ജലീൽ കണ്ണമംഗലം, റാഫി ബീമാപള്ളി, സുബൈർ ആലുവ, സഹീർ മഞ്ഞാലി, നജീബ് മടവൂർ, സുബൈർ വയനാട്, ഹിഫ്സുറഹ്മാൻ എന്നിവർ വിവിധ ചർച്ചകൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.