അമിത വിമാന യാത്രാനിരക്ക്; വ്യോമയാന മന്ത്രിക്ക് നിവേദനം അയച്ചു
text_fieldsജിദ്ദ: ഗൾഫിൽ സ്കൂൾ അവധിക്കാലത്ത് വിമാനക്കമ്പനികൾ അനിയന്ത്രിതമായി വിമാനടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതിനെതിരെ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാംമോഹൻ നായിഡുവിന്, ഒ.ഐ.സി.സി മിഡിലീസ്റ്റ് കൺവീനർ കെ.ടി.എ. മുനീർ നിവേദനം അയച്ചു.
ഗൾഫ്-ഇന്ത്യ യാത്രാനിരക്ക് ഇപ്പോൾ വലിയ തോതിലാണുള്ളത്. മുൻകാലങ്ങളെ അപേക്ഷിച്ച് വിമാന ഇന്ധനത്തിന്റെ വിലയും ജോലിക്കാരുടെ എണ്ണത്തിൽ കുറവും വരുത്തിയിട്ടും പ്രവാസികളെ അമിതനിരക്ക് വാങ്ങി പറ്റിക്കുന്ന സമീപനം അവസാനിപ്പിക്കണം.
സൗദി-ഇന്ത്യ യാത്രാനിരക്കിൽ വൻ വർധനയാണ്, പ്രത്യേകിച്ചും കേരത്തിലെ വിമാനത്താവളങ്ങളിലേക്ക് മൂന്നും നാലും ഇരട്ടിയാണ് ആഗസ്റ്റ് രണ്ടാം വാരം മുതൽ സെപ്റ്റംബർ രണ്ടാം വാരം വരെയുള്ള മടക്കയാത്രക്ക് ഈടാക്കുന്നത്. ബജറ്റ് എയർലൈനുകൾ 50,000 രൂപയിലധികവും മറ്റു വിമാനക്കമ്പനികൾ 85,000 രൂപയിലധികവുമാണ് വൺവേ ടിക്കറ്റിനായി വാങ്ങുന്നത്. ട്രാവൽ കമ്പനികൾ ഗണ്യമായ എണ്ണം വിമാന സീറ്റുകൾ മാസങ്ങൾക്കു മുമ്പേ ബ്ലോക്ക് ചെയ്യുന്നു.
അവ സീസൺ സമയങ്ങളിൽ വൻ നിരക്ക് വർധന വരുത്തി അവർ വിൽപന നടത്തുന്നു. വിമാനക്കമ്പനികൾ സീറ്റ് ലഭ്യത ഇല്ലെന്ന പേരിൽ നിരക്ക് വർധിപ്പിക്കുന്നു. ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണം.
സാധാരണ യാത്രക്കാർക്ക് പരിമിതമായ സീറ്റുകൾ മാത്രം വെബ്സൈറ്റുകളിൽ ലഭ്യമാക്കി കൊണ്ടുള്ള ഈ സമ്പ്രദായം സ്കൂൾ അവധിക്കാലത്ത് കുടുംബങ്ങളെ, പ്രത്യേകിച്ച് ഒന്നിലധികം കുട്ടികളുള്ളവരെയും കുറഞ്ഞ വരുമാനക്കാരായ പ്രവാസികളെയും ഗ്രൂപ് ബുക്കിങ്ങിന്റെ പേരിൽ കൊള്ളയടിക്കുന്നു.
സ്കൂൾ തുറപ്പിനും അടക്കുന്ന തീയതികളിലും സാധാരണ യാത്രക്കാർക്കായി കുറഞ്ഞത് 50 ശതമാനം സീറ്റുകളെങ്കിലും സംവരണം ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്ന നിയന്ത്രണങ്ങൾ നടപ്പിൽ വരുത്താൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണം.
വ്യോമയാന കരാറുകൾ പുതുക്കണമെന്നും ദേശീയ വിമാനക്കമ്പനിയുടെ അഭാവത്തിൽ സ്വകാര്യ വിമാന കമ്പനികൾ ഈ മേഖലയിൽ വലിയ ലാഭമുണ്ടാക്കാൻ ഇതിനു സ്ഥിരമായി എയർ താരിഫ് റെഗുലേറ്ററി സിസ്റ്റത്തിന് സമാനമായ ഒരു നിയന്ത്രണ സംവിധാനം നടപ്പാക്കണമെന്നും മുനീർ നിവേദനത്തിൽ ആവശ്യപ്പെട്ടു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ യൂസർ ഫീ വർധിപ്പിച്ച നടപടി കുടുംബവുമായി യാത്രചെയ്യുന്നവർക്കും മറ്റുള്ളവർക്കും സാമ്പത്തിക ബാധ്യത വരുത്തുന്നതായും ഇത് പിൻവലിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. നിവേദനത്തിന്റെ പകർപ്പ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അയച്ചതായും ലോകകേരള സഭ സ്റ്റാൻഡിങ് കമ്മിറ്റി അംഗം കൂടിയായ മുനീർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.