വായ്പക്ക് അമിത പലിശ: ബാങ്ക് മാനേജർക്കെതിരെ പ്രവാസിയുടെ പരാതിയിൽ അന്വേഷണ ഉത്തരവ്
text_fieldsദമ്മാം: വ്യാജരേഖ ചമച്ച് ബാങ്ക് വായ്പയുടെ രൂപം മാറ്റി അമിത പലിശ ഈടാക്കി വഞ്ചിച്ചെന്ന പ്രവാസിയുടെ പരാതിയിൽ അന്വേഷണം നടത്താൻ കോടതി ഉത്തരവ്. ഭവനനിർമാണ വായ്പക്കുള്ള അപേക്ഷയിൽ കൃത്രിമം കാണിച്ച് ബാങ്ക് മാനേജറും അസിസ്റ്റൻറ് മാനേജറും ചേർന്ന് കബളിപ്പിച്ചു എന്ന പ്ലീസ് ഇന്ത്യ എന്ന പ്രവാസി സംഘടനയുടെ ജനറൽ സെക്രട്ടറിയും പ്രവാസിയുമായ രബീഷ് കോക്കല്ലൂരിന്റെ പരാതിയിലാണ് പേരാമ്പ്ര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. അഡ്വ. പി.പി. സുരേന്ദ്രൻ മുഖേന നൽകിയ സ്വകാര്യ അന്യായത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ബാലുശ്ശേരി പൊലീസിന് കോടതി നിർദേശം നൽകിയത്. ജുബൈലിൽ ജോലിചെയ്യുന്ന രബീഷ് 2018ലാണ് ഭവനനിർമാണ വായ്പക്ക് ബാങ്കിനെ സമീപിച്ചത്. 10.5 ശതമാനം പലിശനിരക്കിൽ 16 ലക്ഷം രൂപ ഹൗസിങ് ലോൺ നൽകാമെന്ന് ബാങ്ക് വാഗ്ദാനം ചെയ്യുകയും അവർ ആവശ്യപ്പെട്ട മുഴുവൻ രേഖകളും സമർപ്പിക്കുകയും ചെയ്തിരുന്നു. നേരത്തേ കോഴിക്കോട് കോഓപറേറ്റിവ് ബാങ്കിൽനിന്ന് ആറുലക്ഷം രൂപ ലോൺ എടുത്താണ് വീടുപണി തുടങ്ങിയത്.
ബാലുശ്ശേരി ഫെഡറൽ ബാങ്കിൽനിന്ന് ലോൺ അനുവദിക്കണമെങ്കിൽ കോഴിക്കോട് ബാങ്കിലെ ലോൺ അടച്ചുതീർത്ത് രേഖകൾ നൽകാൻ മാനേജർ ആവശ്യപ്പെട്ടു. 14 ശതമാനം പലിശ നിരക്കിലുള്ള കോഴിക്കോട് കോഓപറേറ്റിവ് ബാങ്കിലുണ്ടായിരുന്ന ലോൺ അടച്ചുതീർത്ത് രേഖകൾ ബാലുശ്ശേരി ഫെഡറൽ ബാങ്കിൽ നൽകുകയായിരുന്നു. ഹൗസിങ് ലോൺ അപേക്ഷയോടൊപ്പം മാനേജർ സമ്മർദം ചെലുത്തി ഒരു വാഹനവായ്പക്കുള്ള അപേക്ഷയും പരാതിക്കാരിൽനിന്ന് ഒപ്പിട്ടു വാങ്ങിയിരുന്നു. ലോൺ ലഭിക്കുന്നതിനും മുമ്പ് അപേക്ഷകന് ജോലിസംബന്ധമായി വിദേശത്തേക്ക് പോകേണ്ടതിനാൽ 68 വയസ്സുകഴിഞ്ഞ, ഇംഗ്ലീഷ് പ്രാവീണ്യം ഇല്ലാത്ത, സ്വന്തമായി കാര്യങ്ങൾ വായിച്ചു മനസ്സിലാക്കാൻ കഴിയാത്ത അച്ഛന്റെ പേരിൽതന്നെ പവർ ഓഫ് അറ്റോണി നൽകണമെന്ന് മാനേജർ നിർബന്ധിച്ചു. അപേക്ഷകൻ വിദേശത്തേക്ക് പോയതോടെ മാനേജർ ഹൗസിങ് ലോൺ അപേക്ഷ, പലിശ കൂടിയ വ്യക്തിഗത വായ്പയാക്കി മാറ്റി, പുതിയൊരു എഗ്രിമെന്റ് തയാറാക്കി അപേക്ഷകന്റെ പിതാവിനെക്കൊണ്ട് ഒപ്പിടുവിക്കുകയായിരുന്നു.
ഹൗസിങ് ലോൺ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് നിലവിലുള്ള 15.49 ശതമാനം പലിശയുള്ള വ്യക്തിഗത വായ്പാകരാറിൽ ഒപ്പിടുവിച്ചത്. ശേഷം അപേക്ഷകന് വിദേശത്തേക്ക് ഇ-മെയിൽ അയച്ചുകൊടുത്ത കത്തിൽനിന്നാണ് 15.49 ശതമാനമാണ് പലിശയെന്നും 12.5 ലക്ഷം രൂപമാത്രമാണ് ലോൺ തുക എന്നും രബീഷ് അറിയുന്നത്. അമിത പലിശക്ക് ലോൺ ആവശ്യമില്ലെന്ന് ഉടൻ മാനേജറെ വിളിച്ചറിയിച്ചു. ഒരു അപേക്ഷ അയക്കാൻ പറഞ്ഞ മാനേജർ അതിന് മറുപടിയായി 14 ശതമാനമായി പലിശ കുറച്ചതായി ഇ-മെയിൽ അയച്ചു. അതിനുശേഷം ആ മാനേജർ സ്ഥലംമാറി പോയി. പകരം എത്തിയ മാനേജരും ഇതേ ഇ-മെയിൽ സന്ദേശം ആവർത്തിക്കുകയാണ് ഉണ്ടായത്. ലോണിലെ പലിശ മാറ്റം വരുത്തിയില്ല. ലോണെടുത്ത സമയത്ത് എഗ്രിമെന്റ് പകർപ്പ് നൽകാൻ മാനേജർമാർ തയാറായതുമില്ല. ഒരു വർഷത്തിനുശേഷം നാട്ടിൽ വന്ന് ഏറെ സമ്മർദം ചെലുത്തിയാണ് ലോൺ എഗ്രിമെന്റ് ബാങ്കിൽനിന്ന് വാങ്ങി പരിശോധിച്ചത്. അപ്പോഴാണ് വഞ്ചിക്കപ്പെട്ടതായി അറിയുന്നത്. നേരത്തേ വാഹനവായ്പക്ക് എന്നു പറഞ്ഞ് ഒപ്പിട്ടുവാങ്ങിയ അപേക്ഷയുടെ അവസാന പേജ് ഉപയോഗപ്പെടുത്തി വ്യാജരേഖകൾ ഉണ്ടാക്കുകയായിരുന്നു.
ബാങ്കിന്റെ ഉന്നതാധികാരികൾക്ക് പരാതി നൽകിയെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. പരാതിപ്പെട്ട കാലയളവിൽ ലോണിൽ വന്ന കുടിശ്ശികക്ക് ബാങ്ക് ജപ്തി നടപടി സ്വീകരിക്കുകയും കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ കോഴിക്കോട് ജില്ല കലക്ടർക്കും ബാലുശ്ശേരി പൊലീസിനും പരാതി നൽകിയിരുന്നു. സ്റ്റേഷനിൽ നടന്ന മധ്യസ്ഥപ്രകാരം പലിശനിരക്കിൽ രണ്ടു ശതമാനം ഇളവ് നൽകാമെന്ന് വീണ്ടും പറഞ്ഞു വഞ്ചിക്കുകയായിരുന്നു. അഞ്ചു ദിവസംകൊണ്ട് കുടിശ്ശികയുള്ള രണ്ടുലക്ഷം രൂപ 15.49 ശതമാനം പലിശനിരക്കിൽ ബാങ്കിൽ അടക്കാനും ശേഷം ഒരാഴ്ചക്കുള്ളിൽ രണ്ടു ശതമാനം ഇളവ് തിരിച്ചു അക്കൗണ്ടിൽ നൽകാമെന്നും മാനേജർ ഉറപ്പുനൽകിയിരുന്നു. മറ്റു നിബന്ധനകളൊന്നും പറഞ്ഞിരുന്നില്ല.
പറഞ്ഞപ്രകാരം കൃത്യമായി ലോൺ കുടിശ്ശിക അഞ്ചു ദിവസത്തിനുള്ളിൽ അടച്ചുതീർത്തിട്ടും ബാങ്കിൽനിന്ന് പലിശ ഇളവിൽ ഒരു നടപടിയും ഉണ്ടായിരുന്നില്ല. 12.5 ലക്ഷം ലോൺ എടുത്തതിൽ അഞ്ചു വർഷംകൊണ്ട് അഞ്ചു ലക്ഷം രൂപ തിരിച്ചടച്ചിട്ടും ഇനിയും 17 ലക്ഷംകൂടി തിരിച്ചടക്കാനുണ്ട് എന്നാണ് ബാങ്കിന്റെ വാദം. ബാങ്കിങ് ഇടപാടുകളിൽ സാധാരണക്കാരന്റെ അജ്ഞത മുതലെടുത്ത് കൃത്രിമ രേഖകൾ ചമച്ച് സർഫാസി നിയമം ഉപയോഗിച്ച് ഉപഭോക്താക്കളെ കീഴ്പ്പെടുത്തുന്ന ബാങ്കിങ് മേഖലയിലെ ചൂഷണവും കൊള്ളയുമാണ് നടക്കുന്നതെന്നും രബീഷ് കോക്കല്ലൂർ പറഞ്ഞു. ബാലുശ്ശേരി പൊലീസ് ഫെഡറൽ ബാങ്ക് മാനേജർക്കും അസിസ്റ്റൻറ് മാനേജർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണ നടപടികൾ ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.