ട്രാഫിക് നിയമലംഘന പിഴകൾക്ക് ഇളവ്; സമയപരിധി ഒക്ടോ. 18 ന് അവസാനിക്കും
text_fieldsയാംബു: കുമിഞ്ഞുകൂടിയ ട്രാഫിക് നിയമലംഘന പിഴകൾക്ക് പ്രഖ്യാപിച്ച ഇളവ് സമയപരിധി ഒക്ടോബർ 18ന് അവസാനിക്കുമെന്ന് ട്രാഫിക് വകുപ്പ്.
ഈ വർഷം ഏപ്രിൽ 18 മുതൽ ആറു മാസത്തേക്കാണ് ഇളവ്. ഏപ്രിൽ 18 വരെയുള്ള പിഴകൾക്ക് 50 ശതമാനവും അതിന് ശേഷമുള്ളവക്ക് 25 ശതമാനവുമാണ് ഇളവ് പ്രഖ്യാപിച്ചിരുന്നത്. സൗദി പൗരന്മാർ, വിദേശ താമസക്കാർ, സന്ദർശകർ, ഇതര ഗൾഫ്, അറബ് രാജ്യങ്ങളിലെ പൗരന്മാർ എന്നിവർക്കാണ് ഇളവ് ബാധകം.
സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാന മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെയും ഉത്തരവിൻ പ്രകാരം ഈ വർഷം ഏപ്രിൽ നാലിനായിരുന്നു ഇളവ് ഏർപ്പെടുത്തിക്കൊണ്ടുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനമുണ്ടായത്. പൊതുസുരക്ഷയെ ബാധിക്കുന്ന കേസുകളിലും റോഡിൽ വാഹനമുപയോഗിച്ച് നടത്തുന്ന അഭ്യാസം, ഓവർടേക്ക്, അമിത വേഗം തുടങ്ങിയ ഗൗരവ കുറ്റങ്ങൾക്കും ചുമത്തിയ പിഴകളിൽ ഇളവ് അനുവദിക്കില്ലെന്നും ട്രാഫിക് വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഇളവ് പരിധിയിൽ വരുന്ന പിഴകൾ ഇതിനകം 50 ശതമാനം ബാങ്കുകളിലെ പേമെന്റ് സംവിധാനങ്ങളിലൂടെ അടച്ചുകഴിഞ്ഞിട്ടുണ്ട്. ബാങ്കുകളുടെ ആപ്പുകളും വെബ്സൈറ്റും മാത്രം ഉപയോഗിച്ചാണ് പണമടക്കേണ്ടതെന്നും അജ്ഞാതവും വ്യാജവുമായ ലിങ്കുകളിലൂടെ പണമടച്ച് സാമ്പത്തിക തട്ടിപ്പിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ ഇളവിന്റെ മറവിൽ അരങ്ങേറുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണം.
ഇളവ് ലഭിക്കാൻ പ്രത്യേക സൈറ്റുകളിൽ രജിസ്റ്റർ ചെയ്യണമെന്ന് പറഞ്ഞാണ് തട്ടിപ്പുകൾ നടക്കുന്നത്. ഇത്തരം സൈറ്റുകളിൽ രജിസ്റ്റർ ചെയ്യരുതെന്നും ‘സദാദ്’ വഴിയോ ‘ഇഫാത്’ പ്ലാറ്റ് ഫോം വഴിയോ സാധാരണ പോലെ പിഴ അടച്ചാൽ മതിയെന്നും ട്രാഫിക് വിഭാഗം അറിയിച്ചു. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ പെട്ട് വഞ്ചിതരാകരുത്.
റിയാദ് മേഖലയിലെ മൊത്തം ഗതാഗത ലംഘനങ്ങൾ 53,970,835 ആയി ഉയർന്നതായാണ് കണക്ക്. മുൻ വർഷത്തേക്കാൾ 92 ശതമാനം വർധനയാണിത്. രണ്ടാമത് നിൽക്കുന്നത് 34,435 ലംഘനങ്ങൾ രേഖപ്പെടുത്തിയ ജിസാനാണ്. 86 ശതമാനമാണ് ഇവിടെ വർധന. 24,640 ലംഘനങ്ങളുമായി അൽ ജൗഫ് പ്രവിശ്യയാണ് മൂന്നാമത്. 41.8 ശതമാനമാണ് ഇവിടെ വർധന. 10,072 ലംഘനങ്ങളുമായി അൽ ബാഹയാണ് നാലാം സ്ഥാനത്ത്. 34.6 ശതമാനമാണ് ഇവിടെ വർധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.