പ്രവാസം നൽകിയത് ആടു ജീവിതമല്ല, ആഢ്യജീവിതം -ഐ.സി.എഫ്
text_fieldsഹാഇൽ: ‘ദേശാന്തരങ്ങളിൽ നിന്നും ദേശം പണിയുന്നവർ’ എന്ന പ്രമേയത്തിൽ ഐ.സി.എഫ് അന്താരാഷ്ട്ര തലത്തിൽ 1000 കേന്ദ്രങ്ങളിൽ നടത്തുന്ന യൂനിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ഹാഇൽ സിറ്റി യൂനിറ്റ് സമ്മേളനം സംഘടിപ്പിച്ചു. എസ്.വൈ.എസ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഡിസംബർ അവസാനവാരം കേരളത്തിൽ നടക്കുന്ന യുവജന സമ്മേളനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഐ.സി.എഫിന്റെ 1000 യൂനിറ്റ് സമ്മേളനങ്ങൾ നടക്കുന്നത്.
ഹാഇൽ സിറ്റിയിലെ സിറ്റി ഫ്ലവർ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ഐ.സി.എഫ് മദീന പ്രൊവിൻസ് പ്രതിനിധി മുനീർ സഖാഫി വെണ്ണക്കോട് ഉദ്ഘാടനം ചെയ്തു. ‘ദേശാന്തരങ്ങളിൽ നിന്നും ദേശം പണിയുന്നവർ’ വിഷയത്തിൽ അബ്ദുറസാഖ് മദനി പ്രമേയ പ്രഭാഷണം നടത്തി. ദേശങ്ങൾക്ക് വേണ്ടി ദേശാന്തരങ്ങളിൽ ഇരുന്ന് പണിയെടുത്ത ലക്ഷക്കണക്കിന് പ്രവാസികളുടെ പ്രയത്നത്തിന്റെ ഫലമാണ് കേരളം ഇന്ന് കാണുന്ന ഈ അവസ്ഥയിൽ എത്തിയതെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
മലയാളികൾക്ക് ഗൾഫ് നാടുകൾ സമ്മാനിച്ചത് ആഡംബരങ്ങളും ആഢ്യജീവിതങ്ങളുമാണ്. ഇല്ലാക്കഥകൾ മെനഞ്ഞുണ്ടാക്കിയ കേവലമായ ഒരു സിനിമയുടെ പേരിൽ അറബ് രാജ്യങ്ങളോട് നന്ദികേട് കാണിക്കരുതെന്നും സമ്മേളനം വിലയിരുത്തി. എസ്.വൈ.എസ് യുവജന സമ്മേളന പ്രമേയമായ ‘ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ പ്രമേയം വിശദീകരിച്ച് അഫ്സൽ കായംകുളം സംസാരിച്ചു.
40 വർഷത്തിലധികമായി പ്രവാസം നയിക്കുന്ന പത്തിലധികം മലയാളികളെ ചടങ്ങിൽ ഫലകങ്ങൾ നൽകി ആദരിച്ചു. ഓട്ടിസ രോഗം ബാധിച്ച കുടുംബങ്ങളെ ഏറ്റെടുക്കുന്ന ‘രിഫായി കെയർ’ പദ്ധതിയും സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഐ.സി.എഫ് സിറ്റി യൂനിറ്റ് പ്രസിഡന്റ് ഫാറൂഖ് കരുവൻപൊയിൽ അധ്യക്ഷത വഹിച്ചു. അബ്ദുൽ സലാം റഷാദി കൊല്ലം പ്രാർഥന നടത്തി. അബ്ദുൽ ഖാദർ കൊടുവള്ളി, സദക്കത്ത് വള്ളികുന്നം, ബഷീർ നല്ലളം, അബ്ദുറഹ്മാൻ മദനി കൊടുവള്ളി തുടങ്ങിയവർ പ്രഭാഷണം നടത്തി. ടീം കോൺഫറൻസ് കൺവീനർ നൗഫൽ പറക്കുന്ന് സ്വാഗതവും സിറ്റി യൂനിറ്റ് ജനറൽ സെക്രട്ടറി അബ്ദുൽ സമദ് തച്ചണ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.