അടരുവാൻ വയ്യെന്ന് ചൊല്ലി കെ.കെ. തോമസ് മടങ്ങുന്നു
text_fieldsറിയാദ്: ബത്ഹയെന്ന മനുഷ്യ മഹാസഗരത്തിലാണ് തൊണ്ണൂറുകളുടെ അവസാനത്തിൽ പത്തനംതിട്ട റാന്നി സ്വദേശി കെ.കെ. തോമസും വന്നിറങ്ങുന്നത്. 27 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങാനൊരുങ്ങുേമ്പാഴും അടരുവാന് വയ്യ ഈ ദേശത്തുനിന്നെനിക്കേത് സ്വർഗം വിളിച്ചാലുമെന്ന് മനസ്സ് മന്ത്രിക്കുകയാണെന്ന് തോമസ് പറയുന്നു. ഈ നാടും നഗരവും ഹൃദയത്തിൽനിന്ന് പറിച്ചെറിയാൻ കഴിയാത്ത വിധം ആഴത്തിൽ പതിഞ്ഞുപോയി. ഇവിടം വിട്ടൊരു യാത്ര അത്രമേൽ വേദനജനകമെന്നും ഈ രസതന്ത്ര ബിരുദധാരി പറയുന്നു.
റിയാദ് മലയാളികളുടെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തനമേഖലകളിൽ സജീവ സാന്നിധ്യം. അടിമുടി കോൺഗ്രസ് പ്രവർത്തകനായ തോമസ് ബാലജനസഖ്യം, കെ.എസ്.യു, യൂത്ത് കോൺഗ്രസ് വഴികളിലൂടെയാണ് മുതിർന്നത്. കോൺഗ്രസിന്റെ പോഷകസംഘടനായ ഒ.ഐ.സി.സിയിലെ വിവിധ പദവികളിലൂടെ റിയാദിലും സജീവമായ അദ്ദേഹം പത്തനംതിട്ട ജില്ല കമ്മിറ്റി പ്രസിഡൻറായി കഴിഞ്ഞ 12 വർഷമായി പ്രവർത്തിക്കുന്നു.
നിരവധി സാംസ്കാരിക, സാഹിത്യ സദസ്സുകൾക്കും സംവാദ പരിപാടികൾക്കും നേതൃത്വം നൽകി. കോവിഡ് കാലത്തുൾപ്പെടെ ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി നേതൃത്വം നൽകിയ ജീവകാരുണ്യ പ്രവർത്തങ്ങളിലെല്ലാം സജീവ പങ്കാളിത്തം വഹിക്കാനായി. വേൾഡ് മലയാളി കൗൺസിൽ റിയാദ് ഘടകത്തിലും സജീവമായിരുന്നു. പ്രവാസത്തിലേക്ക് വരാനൊരുങ്ങുന്ന ചെറുപ്പക്കാർക്ക് തന്റെ അനുഭവം ഫലപ്രദമാകും വിധം പങ്കുവെക്കാനുള്ള ശ്രമങ്ങളുണ്ടാകുമെന്നും കെ.കെ. തോമസ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
റിയാദിലെ ന്യൂ ഇൻഡസ്ട്രിയൽ സിറ്റിയിലെ ഔഷധനിർമാണ കമ്പനിയിൽ ഉയർന്ന പദവിയിലാണ് ജോലി ചെയ്യുന്നത്. സ്വയം വിരമിച്ചാണ് നാട്ടിലേക്ക് മടങ്ങുന്നത്. വായനയിലും ശാസ്ത്ര വിഷയങ്ങളിലെ പഠനത്തിലുമാണ് ഒഴിവുസമയം ഏറെയും ചെലവിടുന്നത്. ഭാര്യ ബീന തോമസ് മുംബൈയിൽ ഒരു ബഹുരാഷ്ട്ര കമ്പനിയിൽ ദീർഘകാലം അക്കൗണ്ട്സ് എക്സിക്യൂട്ടിവായും 10 വർഷം റിയാദിൽ യാരാ ഇന്റർനാഷനൽ സ്കൂളിൽ അധ്യാപികയായും സേവനം അനുഷ്ഠിച്ചു.
ദമ്പതികൾക്ക് മൂന്ന് മക്കളാണ്. മൂത്ത മകൻ റൂബൻ തോമസ് മെക്കാനിക്കൽ എൻജിനീയറായി ബംഗളുരുവിലെ ആക്സഞ്ചർ കമ്പനിയിൽ ജോലി ചെയ്യുന്നു. രണ്ടാമത്തെ മകൻ റേ തോമസ് ഉപരിപഠനം നടത്തുന്നു. മകൾ തിയഡോറ തോമസ് 10ാം ക്ലാസ് വിദ്യാർഥിനിയും. റാന്നി മന്ദമാരുതിയിലുള്ള കൊച്ചുമേപ്പുറത്ത് വീട്ടിലെ ചാരുകസേരയിലിരുന്ന് ഇനിയോർമയിൽ ഉൾക്കുളിരാക്കും റിയാദിലെ മൂന്ന് ദശാബ്ദത്തോളം നീണ്ട പ്രവാസത്തെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.