ഒന്നിന് പിറകെ ഒന്നായി ദുരിതങ്ങൾ: സൗദിയിലെ ഒന്നര പതിറ്റാണ്ട് ജയിൽവാസത്തിന് ശേഷം അലി നാടണഞ്ഞു
text_fieldsജിദ്ദ: നിത്യവൃത്തിക്കിടയില്‍ നിയമലംഘനക്കുരുക്കില്‍പെട്ട് ജിദ്ദയില്‍ അറസ്റ്റിലാവുകയും ഒന്നര പതിറ്റാണ്ടത്തെ കാരാഗൃഹ വാസത്തിെൻറയും രോഗപീഡകളുടെയും ദുരിതപര്‍വം കടന്ന് മലപ്പുറം തെന്നല സ്വദേശി കളംവളപ്പില്‍ അലി നാടണഞ്ഞു. ജിദ്ദ ശറഫിയ്യയില്‍ സ്വകാര്യ ടാക്‌സി ഓടിച്ച് ഉപജീവനം തേടുന്നതിനിടയിലാണ് 2005ല്‍ അലി പൊലീസ് പിടിയിലാവുന്നത്.
തെൻറ കാറില്‍ കയറിയ രണ്ട് പാകിസ്ഥാനികളില്‍നിന്ന് മയക്കുമരുന്ന് പിടികൂടിയതാണ് ഇദ്ദേഹത്തിന് വിനയായത്. മയക്കുമരുന്ന് കടത്തുകാര്‍ക്ക് 25 വര്‍ഷവും അവര്‍ക്ക് വാഹനസൗകര്യം നല്കിയെന്നതിെൻറ പേരില്‍ അലിക്ക് 15 വര്‍ഷവും കോടതി തടവുശിക്ഷ വിധിച്ചു.
കേസില്‍ അകപ്പെട്ടതോടെ സ്‌പോണ്‍സര്‍ കൈയൊഴിയുകയും കോടതിയില്‍ തെൻറ നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കാതെ വരികയും ചെയ്തതോടെയാണ് പ്രതികൂലവിധിയുണ്ടായത്. ജയിലില്‍ കഴിയുന്നതിനിടെ ആറു വര്‍ഷം മുമ്പ് അലിയുടെ രണ്ട് വൃക്കകളും തകരാറിലായി.
അന്നുമുതല്‍ ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയില്‍ ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസിന് വിധേയമായികൊണ്ടിരുന്നു. ദൈന്യാവസ്ഥയിലായ അലിയെ മാനുഷികപരിഗണന വെച്ച് ജയില്‍ മോചിതനാക്കാൻ കുടുംബം സൗദി അധികൃതരെ പലതവണ സമീപിച്ചു.
മക്കയില്‍ ജോലിചെയ്യുന്ന ഭാര്യാസഹോദരന്‍ ഹമീദ് മക്ക ഗവര്‍ണര്‍ക്ക് ദയാഹരജി സമര്‍പ്പിക്കുകയും ചെയ്തു. ഇതിനിടെ 2019 ഏപ്രിലില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ജിദ്ദ സന്ദര്‍ശിച്ചവേളയില്‍ അദ്ദേഹത്തെ നേരില്‍ കണ്ട് നിവേദനം നല്‍കിയതോടെയാണ് അലിയുടെ മോചനത്തിനുള്ള ശ്രമങ്ങള്‍ക്ക് വേഗത വര്‍ധിച്ചത്.
സ്പീക്കറുടെ ഇടപെടലിലൂടെ വിഷയം മുഖ്യമന്ത്രി പിണറായി വിജയെൻറ ശ്രദ്ധയിലെത്തി. ഇതേതുടര്‍ന്ന് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു. കോണ്‍സുലേറ്റ് പ്രശ്‌നത്തില്‍ ഇടപെട്ട് മോചനത്തിന് ശ്രമങ്ങള്‍ തുടരുന്നതിനിടയിലാണ് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇദ്ദേഹത്തെ ജയില്‍മോചിതനാക്കി നാട്ടിലേക്ക് കയറ്റിവിടാൻ ജിദ്ദ ശുമൈസി ഡിപ്പോര്‍ട്ടേഷന്‍ സെൻററിലേക്ക് മാറ്റിയത്.
അലിയുടെ പാസ്‌പോര്‍ട്ട് ജയിലില്‍നിന്ന് കാണാതായതിനെതുടര്‍ന്ന് കോണ്‍സുലേറ്റ് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്‌തെങ്കിലും കോവിഡ് മഹാമാരിയെതുടര്‍ന്നുള്ള യാത്രാവിലക്ക് കാരണം നാട്ടിലേക്ക് തിരിക്കാനായില്ല. ഇതിനിടെ ഇ.സിയുടെ കാലാവധി തീരുകയും ചെയ്തു.
ഇദ്ദേഹത്തിെൻറ കദനകഥ ചിലർ സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദിെൻറ ശ്രദ്ധയില്‍പെടുത്തി. അദ്ദേഹം ഉടനെ ജിദ്ദയിലെ ആക്ടിംഗ് കോണ്‍സല്‍ ജനറല്‍ വൈ. സാബിര്‍ മുഖേന യാത്രക്കുള്ള തയാറെടുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനിടയിൽ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ച് കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോവിഡ് ഭേദമായി സെപ്റ്റംബറില്‍ ആശുപത്രിയില്‍നിന്ന് തര്‍ഹീലിലേക്ക് തിരിച്ചെത്തിച്ച വേളയില്‍ വീണ് തുടയെല്ല് പൊട്ടുകയും വീണ്ടും ആശുപത്രിയില്‍ അടിയന്തര ശസ്തക്രിയക്ക് വിധേയനാവുകയും ചെയ്തു. ഒന്നര മാസത്തോളം നീണ്ട ചികിത്സക്കുശേഷം ആശുപത്രിയിലെ പ്രിസണ്‍ സെല്ലില്‍നിന്നാണ് ഇദ്ദേഹത്തെ വെള്ളിയാഴ്ച ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി സ്‌പൈസ് ജെറ്റ് ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലെത്തിച്ചത്.
അഗ്നിപരീക്ഷകള്‍ ഒന്നൊന്നായി അതിജീവിച്ച് പ്രിയതമന്‍ വീടണഞ്ഞതിെൻറ ആഹ്ലാദത്തിലാണ് ഭാര്യ ശരീഫയും മറ്റ് കുടുംബാംഗങ്ങളും. ഇദ്ദേഹത്തെ നാട്ടിലെത്തിക്കാനായി വിവിധ സന്ദർഭങ്ങളിൽ സഹായങ്ങൾ ചെയ്ത പി.വി. അന്‍വര്‍ എം.എല്‍.എ, പി.വി. മുഹമ്മദ് അഷ്‌റഫ് ജിദ്ദ, ഹസന്‍ ചെറൂപ്പ, ജിദ്ദയിലെ വിവിധ സാമൂഹിക സംഘടനാ നേതാക്കൾ, അക്ബര്‍ ഗള്‍ഫ് ട്രാവല്‍സ് സ്റ്റാഫ്, കിങ് ഫഹദ് ആശുപത്രിയിലെ നഴ്‌സുമാരായ ശംല അടൂര്‍, സിമി തുടങ്ങി എല്ലാവര്‍ക്കും അലിയും കുടുംബവും നന്ദി പറഞ്ഞു.
അലിയുടെ വൃക്ക മാറ്റിവെക്കാനുള്ള തയാറെടുപ്പിലാണ് കുടുംബമിപ്പോൾ. വൃക്ക മാറ്റിവെക്കലിനും ദൈനംദിന ചികിത്സക്കും വേണ്ടിവരുന്ന ഭാരിച്ച ചെലവുകള്‍ താങ്ങാന്‍ നിര്‍ധനകുടുംബത്തിന് ശേഷിയില്ലെന്നിരിക്കെ, കരുണയുള്ളവരുടെ കനിവ് കാത്തിരിക്കുകയാണ് ഈ കുടുംബം. ഇവരുമായി നാട്ടിൽ ബന്ധപ്പെടാവുന്ന നമ്പര്‍ 0091 99617 86752 (ബാവ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.