സൗദിയിലെത്തിയശേഷം നാട് കണ്ടിട്ടില്ല; 28 വർഷത്തിനുശേഷം മടങ്ങുന്നത് ചേതനയറ്റ ശരീരവുമായി
text_fieldsഹരിദാസ്
റിയാദ്: തൊഴിൽ വിസയിൽ സൗദി അറേബ്യയിലെത്തിയശേഷം നിയമക്കുരുക്കുകൾ കാരണം ജന്മനാട്ടിലേക്ക് പോകാൻ കഴിയാതിരുന്ന മലയാളി 28 വർഷത്തിനുശേഷം മടങ്ങുന്നത് ചേതനയറ്റ ശരീരമായി. മലപ്പുറം പുൽപ്പെറ്റ തൃപ്പനച്ചി പാലക്കാട്ടെ കൈത്തൊട്ടിൽ ഹരിദാസ് (68) ആണ് ഈ ഹതഭാഗ്യൻ. മരിച്ചിട്ടും നിയമപ്രശ്നങ്ങൾ കാരണം ഒരു മാസത്തിലേറെ മോർച്ചറിയിൽ കിടക്കേണ്ടിവന്നു, നാട്ടിലേക്ക് അയക്കാനുള്ള യാത്രരേഖകൾ ശരിയാക്കാൻ. ഒടുവിൽ വെള്ളിയാഴ്ച രാത്രി റിയാദിൽനിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കോഴിക്കോട്ടേക്ക് കൊണ്ടുപോയി.
1997 സെപ്തംബറിലാണ് ഹരിദാസ് സൗദിയിലെത്തിയത്. റിയാദിലെ ബത്ഹയിൽ വിവിധ ജോലികൾ ചെയ്തു. ആദ്യത്തെ ഒരു വർഷത്തിനുശേഷം ഇഖാമ പുതുക്കിയിട്ടില്ല. സ്പോൺസറുടെ കീഴിൽനിന്ന് ഒളിച്ചോടി എന്ന പരാതിയിന്മേൽ സൗദി ജവാസത് (പാസ്പ്പോർട്ട് വകുപ്പ്) പിന്നീട് ‘ഹുറൂബ്’ കേസിലും ഉൾപ്പെടുത്തി. ഇഖാമ പുതുക്കാത്തതും ഹുറൂബും ഇരട്ട നിയമകുരുക്കിലാക്കി. ഇതിനിടയിൽ മൂത്ത മകൻ തൊഴിൽ വിസയിൽ സൗദിയിലെത്തിയപ്പോൾ അച്ഛനെ വന്ന് കണ്ടിരുന്നു. കഴിഞ്ഞ 28 വർഷത്തിനിടയിൽ ഹരിദാസിന് കാണാനായ ഏക കുടുംബാംഗം സ്വന്തം മകനെ മാത്രമാണ്. മകൻ പിന്നീട് സൗദിയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. നിയമപ്രശ്നങ്ങൾ കാരണം ഹരിദാസിന് മകനോടൊപ്പവും പോകാനായില്ല.
ഇക്കഴിഞ്ഞ ഫെബ്രുവരി 17നാണ് മരിച്ചത്. മൃതദേഹം നാട്ടിൽ അയക്കാനുള്ള റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാകമ്മിറ്റിയുടെ കീഴിലുള്ള വെൽഫെയർ വിങ് ശ്രമം നടത്തിയപ്പോഴാണ് ഈ നിയമപ്രശ്നങ്ങൾ മനസ്സിലാക്കിയത്. ഇഖാമ പുതുക്കാത്തത്, ഹുറൂബ്, വിരലടയാളം ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ രജിസ്റ്റർ ചെയ്യാത്തത് തുടങ്ങിയ നിരവധി കടമ്പകൾ കടന്നാലെ മൃതദേഹം നാട്ടിൽ അയക്കാനുള്ള നടപടികൾ പൂർത്തീകരിക്കാൻ കഴിയുമായിരുന്നുള്ളൂ. അതിനുവേണ്ടിയുള്ള നടപടിക്രമങ്ങൾ നീണ്ടപ്പോഴാണ് ഒരു മാസത്തിലേറെ മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ കിടക്കേണ്ടിവന്നത്.
ഒടുവിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ റിയാദ് നസീമിലെ ജവാസത് ഓഫീസിൽ നേരിട്ടെത്തിയാണ് മൃതദേഹം നാട്ടിൽ അയക്കാനുള്ള എക്സിറ്റ് വിസ നേടിയത്. ഇതിലേക്ക് എത്തിക്കാൻ ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തത് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ജാഫർ വീമ്പൂർ, നസീർ കണ്ണീരി, അബ്ദുറഹ്മാൻ ചെലേമ്പ്ര, ശറഫുദ്ധീൻ തേഞ്ഞിപ്പലം, പിതൃസഹോദര പൗത്രൻ മനോജ് എന്നിവരാണ്. മൃതദേഹം നാട്ടിൽ അയക്കാനുള്ള ചെലവ് എംബസി വഹിച്ചു.
പരേതരായ രാമനും ചെല്ല കുട്ടിയുമാണ് മരിച്ച ഹരിദാസിന്റെ മാതാപിതാക്കൾ. ഭാര്യ: ചന്ദ്രവതി, മക്കൾ: അനീഷാന്തൻ, അജിത്, അരുൺ ദാസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.