റഹീമിന്റെ മോചനത്തിന് കൈത്താങ്ങാവാൻ പ്രവാസി സമൂഹം
text_fieldsറിയാദ്: കൈയബദ്ധത്താൽ സൗദി ബാലൻ മരിക്കാനിടയായ കേസിൽ റിയാദിലെ ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുറഹീമിന്റെ മോചനത്തിന് ഒറ്റക്കെട്ടായി രംഗത്തിറങ്ങുകയാണ് റിയാദിലെ പ്രവാസി സമൂഹം.
ദിയാധനം നൽകി മോചിപ്പിക്കാനുള്ള കുടുംബത്തിന്റെയും നാട്ടിലെ സർവകക്ഷിയുടെയും ശ്രമത്തിന് കരുത്തുപകരാൻ റിയാദിലെ റഹീം നിയമസഹായസമിതിയുടെ യോഗത്തിൽ തീരുമാനമായി.
ബത്ഹയിലെ അപ്പോളോ ഡി പാലസിൽ ചേർന്ന യോഗത്തിൽ സമിതി ചെയർമാൻ സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി ഉദ്ഘാടനം ചെയ്തു. പരിഭാഷകൻ മുഹമ്മദ് നജാത്തി നിയമവിഷയങ്ങളിലുള്ള സംശയങ്ങൾക്ക് ഉത്തരം നൽകി. അഷ്റഫ് വേങ്ങാട്ട് കേസിന്റെയും നിയമനടപടികളുടെയും വിശദാംശങ്ങൾ അവതരിപ്പിച്ചു. എംബസി ഉദ്യോഗസ്ഥൻ പുഷ്പരാജ്, ലോകകേരള സഭ അംഗങ്ങളായ കെ.പി.എം. സാദിഖ് വാഴക്കാട്, ഇബ്രാഹിം സുബ്ഹാൻ എന്നിവരും സമിതിയംഗങ്ങളായ സിദ്ദീഖ് തുവ്വൂർ, നവാസ് വെള്ളിമാട്കുന്ന്, അർഷാദ് ഫറോക്ക്, മുഹ് യിദ്ദീൻ, കുഞ്ഞോയി കോടമ്പുഴ കൂടാതെ വിവിധ റിയാദിലെ മലയാളി സമൂഹത്തിനിടെ വിവിധ തലങ്ങളിൽപെട്ട നേതാക്കളും സംഘടന പ്രതിനിധികളും സംസാരിച്ചു. ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതവും വൈസ് ചെയർമാൻ മുനീബ് പാഴൂർ നന്ദിയും പറഞ്ഞു.
ദിയാധനമായി ഒന്നരക്കോടി റിയാൽ (33 കോടിയോളം രൂപ) നൽകിയാൽ മാപ്പ് നൽകി വധശിക്ഷയിൽനിന്ന് ഒഴിവാക്കാമെന്ന് സൗദി പൗരന്റെ കുടുംബം ഇന്ത്യൻ എംബസിയെ രേഖാമൂലം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് സമാഹരണത്തിന് റഹീമിന്റെ കുടുംബത്തിന് പിന്തുണ നൽകാൻ സർവകക്ഷി യോഗം തീരുമാനിച്ചത്.
ആഗോളതലത്തിൽ തന്നെ മലയാളി സമൂഹത്തെ പങ്കാളികളാക്കി മോചനദ്രവ്യം സമാഹരിക്കാനുള്ള കുടുംബത്തിന്റെയും നാട്ടിലെ റഹീം നിയമസഹായ സമിതിയുടെയും തീരുമാനത്തിന് റിയാദിലെയും മറ്റും പ്രവാസികൾ പിന്തുണ നൽകും.
നാട്ടിൽ നിയമ സഹായ സമിതിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങാനുള്ള നടപടികൾ പൂർത്തിയാക്കി.റിയാദിൽ സൗദി കുടുംബത്തിന്റെ പേരിൽ കോടതിയുടെ അനുമതിയോടെ അക്കൗണ്ട് ഉടൻ ആരംഭിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
വിവിധ ഭാഗങ്ങളിൽ നാട്ടിലെ സമിതിയുടെ കീഴിൽ പ്രത്യേക കോഓഡിനേഷൻ കമ്മിറ്റികൾ രൂപവത്കരിക്കും. നാട്ടിൽ റഹീം നിയമ സഹായ സമിതിയുടെ പേരിൽ ഫണ്ട് സമാഹരണത്തിനായി പബ്ലിക് ട്രസ്റ്റ് രൂപവത്കരിച്ചിട്ടുണ്ട്. സമിതി ഭാരവാഹികളായ കെ. സുരേഷ് കുമാർ, കെ.കെ. ആലിക്കുട്ടി, എം. ഗിരീഷ് എന്നിവരാണ് ട്രസ്റ്റികൾ.
പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മണ്ഡലം എം.എൽ.എ കൂടിയായ മുഹമ്മദ് റിയാസും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും മുഖ്യ രക്ഷാധികാരികളായിട്ടുള്ള നാട്ടിലെ ജനകീയ സമിതിയിൽ എം.പിമാരായ എം.കെ. രാഘവൻ, ഇ.ടി. മുഹമ്മദ് ബഷീർ, എം.പി. അബ്ദുൽ സമദ് സമദാനി, എളമരം കരീം, പി.വി. അബ്ദുൽ വഹാബ്, എം.എൽ.എമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഡോ. എം.കെ. മുനീർ, മുനവ്വറലി ശിഹാബ് തങ്ങൾ, എം.സി. മായിൻ ഹാജി, ഉമർ പാണ്ടികശാല, വി.കെ.സി. മമ്മദ് കോയ, ബുഷ്റ റഫീഖ്, അഡ്വ. പി.എം. നിയാസ്, ശശി നാരങ്ങായിൽ, ഹുസൈൻ മടവൂർ, പി.സി. അഹമ്മദ്കുട്ടി ഹാജി, അഷ്റഫ് വേങ്ങാട്ട് എന്നിവർ രക്ഷാധികാരികളാണ്. കെ. സുരേഷ് ചെയർമാനും കെ.കെ. ആലിക്കുട്ടി ജനറൽ കൺവീനറും എം. ഗിരീഷ് ട്രഷററുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.