കോവിഡ് കവർന്ന ഉറ്റവരുടെ ഖബറിടം കാണാൻ കൊതിച്ച് പ്രവാസി കുടുംബങ്ങൾ
text_fieldsറിയാദ്: കോവിഡ് കവർന്നെടുത്ത തങ്ങളുടെ ഉറ്റവരുടെ ഖബറിടം ഒരു നോക്കുകാണാൻ കൊതിച്ച് പ്രവാസി കുടുംബങ്ങൾ. സൗദി അറേബ്യയിൽ കോവിഡ് നിരവധി മലയാളികളുടെ ജീവനാണ് അപഹരിച്ചത്.
കുടുംബം പോറ്റാൻ തങ്ങളുടെ എല്ലാമെല്ലാമായ കുടുംബത്തെയും നാടിനെയും മക്കളെയും ഉപേക്ഷിച്ച് പ്രവാസം തെരഞ്ഞെടുത്ത നൂറുകണക്കിന് മലയാളികളാണ് സൗദിയിൽ മാത്രം കോവിഡ് മൂലം മരിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാവരുടെയും മൃതദേഹങ്ങൾ സൗദിയിലെ വിവിധ നഗരങ്ങളിലെ പ്രത്യേകം തയാറാക്കിയ മഖ്ബറകളിലാണ് ഖബറടക്കിയത്. ഉറ്റവരുടെ അവസാന യാത്ര കാണാൻപോലും കഴിയാത്ത നിരവധി കുടുംബങ്ങളുണ്ട് നാട്ടിൽ. പിതാവ് മരിച്ചു എന്ന് ഇപ്പോഴും അറിഞ്ഞിട്ടില്ലാത്ത മക്കളുണ്ട്. പ്രിയതമെൻറ ഖബറിടമെങ്കിലും മരിക്കും മുമ്പ് ഒരുനോക്ക് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് നിറകണ്ണുകളോടെ പറഞ്ഞുതേങ്ങുന്ന ഭാര്യമാർ ഏറെയാണ്.
ജീവിതം കരുപിടിപ്പിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ കോവിഡ് പിടിപെട്ടതറിയാതെ പനിപിടിച്ചു റൂമുകളിൽ ദിവസങ്ങളോളം കഴിഞ്ഞ് ഒടുവിൽ സാമൂഹിക പ്രവർത്തകർ ഇടപെട്ട് ആശുപത്രികളിൽ എത്തിക്കുമ്പോഴേക്കും രോഗം മൂർച്ഛിച്ച് മരണത്തിന് കീഴടങ്ങിയ പ്രവാസികളുമുണ്ട്. കോവിഡ് ബാധിച്ച് മരിച്ചതുകൊണ്ട് മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനോ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനോ കഴിയാത്തതിെൻറ വിഷമത്തിലാണ് കുടുംബങ്ങൾ. നാട്ടിലേക്ക് മടങ്ങാൻ സമ്മാനപ്പൊതികളും തയാറാക്കി ടിക്കറ്റെടുത്ത് കാത്തിരുന്ന പലരും കോവിഡ് ജീവനെടുത്തവരിൽ ഉണ്ട്. ചിലരുടെ മരണവിവരം അറിയിച്ച സാമൂഹിക പ്രവർത്തകർ മരണാനന്തര ചടങ്ങുകൾ വിഡിയോ കാൾ ചെയ്തു കുടുംബങ്ങളെ കാണിച്ചിരുന്നു.
എന്നാൽ ഇതുപോലും കഴിയാത്ത അനവധി കുടുംബങ്ങൾ മരണവാർത്ത ഇന്നും വിശ്വസിക്കാൻ പോലും കഴിയാത്തവരായുണ്ട്. തങ്ങൾക്കുവേണ്ടി കടലുകടന്നുപോയ ഉറ്റവരുടെ ഖബറിടം കാണാനുള്ള മോഹവുമായി പ്രാർഥനകളിൽ മുഴുകിക്കഴിയുന്ന വിധവകളുണ്ട്.
മരിക്കുന്നതിന് മുമ്പ് പ്രിയതമെൻറ ഖബറിടം കാണണമെന്നാണ് ആഗ്രഹമെന്ന് 42 കൊല്ലം പ്രവാസം നയിച്ച് ഒടുവിൽ കോവിഡിന് കീഴടങ്ങിയ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ റഷീദിെൻറ ഭാര്യ നസീറയും തിരുവനന്തപുരം സ്വദേശി നിസാമുദ്ദീെൻറ ഭാര്യ തൻസിയും 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. സൗദിയുടെ തലസ്ഥാന നഗരമായ റിയാദിലും പരിസര പ്രദേശങ്ങളിലും കോവിഡ് ബാധിച്ച് മരിച്ചവർക്കായി മുനിസിപ്പാലിറ്റി നിരവധി ശ്മശാനങ്ങളാണ് തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.