പ്രവാസികൾക്ക് സൗജന്യ വിമാന ടിക്കറ്റ് നൽകുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്ര സർക്കാർ
text_fieldsറിയാദ്: കോവിഡ് പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങുന്ന പാവപ്പെട്ട തൊഴിലാളികളായ പ്രവാസികൾക്ക് സൗജന്യ വിമാന ടിക്കറ്റ് നൽകുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്ര സർക്കാർ. അതിനായി ഇന്ത്യൻ എംബസികളിലുള്ള ക്ഷേമനിധി വിനിയോഗിക്കുന്നതിൽ ഒരു എതിർപ്പുമില്ലെന്ന് കേരള ഹൈകോടതിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഗൾഫിലെ ഇന്ത്യൻ എംബസികളിലുള്ള ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് (സാമൂഹിക ക്ഷേമനിധി) ടിക്കെറ്റടുക്കാൻ നിവൃത്തിയില്ലാത്തവർക്ക് വേണ്ടി ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ വാദം കേൾക്കവെയാണ് തിങ്കളാഴ്ച കോടതിയിൽ കേന്ദ്രസർക്കാറിന് വേണ്ടി ഹാജരായ അസിസ്റ്റൻറ് സോളിസിറ്റർ ജനറൽ വിജയകുമാർ പാവപ്പെട്ട പ്രവാസികൾക്ക് വേണ്ടി ക്ഷേമനിധി ഉപേയാഗിക്കാമെന്ന സമ്മതം അറിയിച്ചത്.
ഇൗ ആവശ്യമുന്നയിച്ച് മേയ് 15നാണ് കേരള ഹൈകോടതിയിൽ ഹർജിയെത്തിയത്. ഫണ്ട് വിനിയോഗിക്കാൻ കേന്ദ്രസർക്കാറിനും എംബസികൾക്കും കോൺസുലേറ്റുകൾക്കും നിർദേശം നൽകണമെന്നായിരുന്നു ആവശ്യം. ഹർജി ഫയലിൽ സ്വീകരിച്ച ജസ്റ്റിസ് അനു ശിവരാമെൻറ സിംഗിൾ ബഞ്ച് 18ന് ആദ്യ വാദം കേൾക്കുകയും നിലപാട് വ്യക്തമാക്കാൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
തുടർന്നാണ് തിങ്കളാഴ്ചയിലെ രണ്ടാം സിറ്റിങ്ങിൽ കേന്ദ്ര സർക്കാറിനുവേണ്ടി അസിസ്റ്റൻറ് സോളിസിറ്റർ ജനറൽ ഹാജരായതും നിലപാട് വ്യക്തമിക്കിയതും. സ്വന്തമായി വിമാനടിക്കറ്റ് എടുക്കാൻ സാമ്പത്തികമായി കഴിവില്ലാത്ത എല്ലാ പ്രവാസി ഇന്ത്യക്കാരും എംബസിയുടെയോ കോൺസുലേറ്റിെൻറയോ ക്ഷേമനിധിയുടെ സഹായത്തോടെ ടിക്കറ്റ് എടുത്ത് മടങ്ങിവരുന്നതിൽ േകന്ദ്രത്തിന് യാതൊരുവിധ എതിർപ്പുമില്ലെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.
2009ൽ അന്നത്തെ പ്രവാസികാര്യ മന്ത്രി വയലാർ രവിയുടെ മുൻകൈയിൽ തുടങ്ങിയ ഫണ്ടിൽനിന്ന് ഇൗയാവശ്യത്തിന് പണം വിനിയോഗിക്കാൻ കേന്ദ്രസർക്കാറിെൻറ പ്രത്യേക അനുമതി വേണമെന്ന നിലപാടിലായിരുന്നു ഗൾഫിലെ ഇന്ത്യൻ സ്ഥാനപതിമാർ. കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയ പശ്ചാത്തലത്തിൽ ടിക്കറ്റെടുക്കാനുള്ള സാമ്പത്തികശേഷി ഇല്ല എന്നു ബോധിപ്പിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ കുറിപ്പിനോടൊപ്പം ടിക്കറ്റിന് അപേക്ഷയും പാസ്പോർട്ട് കോപ്പിയും വിസ (ഫൈനൽ എക്സിറ്റ്, എക്സിറ്റ് / റീ-എൻട്രി) കോപ്പിയും അതത് രാജ്യത്തെ തൊഴിൽ/താമസ ഐ.ഡി കോപ്പിയും മൊബൈൽ നമ്പറും സഹിതം പ്രവാസികൾക്ക് അതത് എംബസി/കോൺസുലേറ്റുകളിൽ അപേക്ഷ സമർപ്പിക്കാം.
മലയാളികൾക്ക് മാത്രമല്ല, വിദേശങ്ങളിലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള പ്രവാസികൾക്ക് കേന്ദ്രസർക്കാർ നിലപാട് പ്രയോജനകരമാകും. ഇൗ ഫണ്ട് ഇങ്ങനെ വിനിയോഗിക്കാൻ സർക്കാറിനും എംബസികൾക്കും കോടതി നിർദേശം നൽകണമെന്ന് തന്നെയാണ് ഹർജിയിലെയും ആവശ്യം. സർക്കാർ സമ്മതം അറിയിച്ചിരിക്കെ ഇനി കടമ്പകളില്ല. വ്യാഴാഴ്ച കേസ് വീണ്ടും കോടതി പരിഗണിക്കും.
വടകര പാലോളിത്താഴയിൽ ജിഷ, തിരുവനന്തപുരം മടവൂർ പുലിയൂർക്കോണത്ത് ഷീബ മൻസിലിൽ ഷീബ, കോഴിക്കോട് ഒഞ്ചിയം പുലിക്കോട്ട് കുനിയിൽ വീട്ടിൽ മനീഷ, മനുഷ്യാവകാശ പ്രവർത്തകൻ ജോയ് കൈതാരത്ത് എന്നിവരാണ് ഹർജിക്കാർ. റിയാദിലെ ‘ഇടം’ സാംസ്കാരികവേദി, ദുബൈയിലെ ‘ഗ്രാമം’, ദോഹയിലെ ‘കരുണ’ എന്നീ സംഘടനകളുടെകൂടി ശ്രമഫലമായാണ് കേസ് കോടതിയിലെത്തിയത്. അഡ്വ. പി. ചന്ദ്രശേഖരൻ, അഡ്വ. ജോൺ കെ. ജോർജ്, അഡ്വ. ആർ. മുരളീധരൻ എന്നിവരാണ് ഹർജിക്കാർക്കുവേണ്ടി ഹാജരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.