ഇഖാമ കാലാവധി കഴിഞ്ഞ ജുബൈൽ വിസക്കാർക്ക് എക്സിറ്റിൽ നാട്ടിൽ പോകാനവസരം
text_fieldsജുബൈൽ: ഇഖാമ കാലാവധി കഴിഞ്ഞതിനാൽ നാട്ടിൽ പോകാൻ കഴിയാതെ ബുദ്ധിമുട്ടുന്ന ജുബൈൽ വിസക്കാർക്ക് എക്സിറ്റ് വിസ നേടി നാടണയാനുള്ള അവസരം തുടരുന്നു.
സൗദി പാസ്പോർട്ട് വിഭാഗത്തിെൻറ (ജവാസാത്ത്) ജുബൈൽ റീജനൽ ഒാഫിസിൽനിന്ന് ഇഖാമ (റെസിഡൻറ് പെർമിറ്റ്) ലഭിച്ച ഇന്ത്യൻ തൊഴിലാളികൾക്കാണ് ഇൗ ആനുകൂല്യം. ഒന്നരവർഷം മുമ്പാണ് ഇഖാമയുടെ കാലാവധി കഴിഞ്ഞവർക്ക് സൗദി ലേബർ ഓഫിസ്, ജവാസാത്ത് ഓഫിസുകൾ വഴി ഫൈനൽ എക്സിറ്റ് ലഭിക്കാനായി സൗദി സർക്കാർ അവസരമൊരുക്കിയത്.
ഇത് ഉപയോഗപ്പെടുത്തി ഒട്ടനവധി പേർ ഇതിനകം നാടണഞ്ഞുകഴിഞ്ഞു. ഇഖാമ കാലാവധി കഴിഞ്ഞ് പിടിക്കപ്പെട്ടാൽ പിഴയും തടവുശിക്ഷയുമടക്കം ചുമത്തി നാടുകടത്തുമെന്ന് അധികൃതർ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഇഖാമ ഇഷ്യു ചെയ്ത പ്രദേശത്തെ ലേബർ ഓഫിസിൽ നേരിട്ടുചെന്ന് അപേക്ഷ കൊടുത്താൽ മുൻകാലങ്ങളിൽ എക്സിറ്റ് ലഭിച്ചിരുന്നു. എന്നാൽ രണ്ടാഴ്ചയോളമായി ഇന്ത്യൻ എംബസിയുടെ അനുമതിപത്രം കൂടി അപേക്ഷയുടെ കൂടെ സമർപ്പിച്ചെങ്കിലേ ലേബർ ഓഫിസ് സ്വീകരിക്കൂ.
ഇതിനായി ഇന്ത്യൻ എംബസിയുടെ https://www.eoiriyadh.gov.in/news_detail/?newsid=35 എന്ന ലിങ്കിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ലിങ്കിൽ അപേക്ഷ നടപടി പൂർത്തിയാക്കുന്നതോടെ രജിസ്റ്റർ ചെയ്ത മോബൈലിലേക്ക് എസ്.എം.എസ് ലഭിക്കും. തുടർന്നുള്ള നടപടികൾക്ക് എംബസിയുമായി ബന്ധപ്പെടാൻ ഈ രജിസ്റ്റർ നമ്പറാണ് ഉപയോഗിക്കേണ്ടത്.
അങ്ങനെ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ജുബൈൽ ലേബർ ഓഫിസ് പരിധിയിലെ ഇഖാമക്കാർ ഇന്ത്യൻ വളൻറിയറായ സൈഫുദ്ദീൻ പൊറ്റശ്ശേരിയെ ബന്ധപ്പെട്ടാൽ എക്സിറ്റ് നേടുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാനാവും. ഇതിനുവേണ്ട മാർഗനിർദേശവും ലഭിക്കും. എംബസിയെ ബന്ധപ്പെട്ട് അനുമതിപത്രം നേടാനും അത് ലേബർ ഓഫിസിൽ സമർപ്പിക്കാനുമുള്ള മാർഗങ്ങളെ കുറിച്ചും അറിയാം. ലേബർ ഓഫിസിൽ നിന്നും ലഭിക്കുന്ന ഫയൽ നമ്പറുമായി ജവാസാത്തിൽ പോയാൽ എക്സിറ്റ് വിസ ലഭിക്കും.
ഇഖാമയുടെ കാലാവധി കഴിഞ്ഞതിനനുസരിച്ചുള്ള പിഴ തുക ഡ്രാഫ്റ്റ് ആയി നൽകണം. ഒരു വർഷത്തേക്ക് 1,150 റിയാലാണ് പിഴയായി അടക്കേണ്ടിവരുക. കൂടുതൽ വിവരങ്ങൾക്ക് 0597625702 എന്ന വാട്സ്ആപ് നമ്പറിൽ സൈഫുദ്ദീൻ പൊറ്റശ്ശേരിയെ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.