എയർപോർട്ടിൽനിന്ന് തിരിച്ചയച്ച പ്രവാസി ഒരു മാസത്തെ ചികിത്സക്കുശേഷം നാടണഞ്ഞു
text_fieldsനാട്ടിലേക്ക് തിരിക്കും മുമ്പ് ജോസ് ഫെർണാണ്ടസ് സാമൂഹികപ്രവർത്തകരോടൊപ്പം
റിയാദ്: അവധിക്ക് നാട്ടിൽ പോകുന്നതിനായി എയർപോർട്ടിലെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് യാത്ര മുടങ്ങിയ തിരുവനന്തപുരം പാറശ്ശാല സ്വദേശി ജോസ് ഫെർണാണ്ടസ് ഒരുമാസത്തെ ചികിത്സക്കുശേഷം നാട്ടിലേക്ക് മടങ്ങി. 13 വർഷമായി റിയാദിൽ നിർമാണത്തൊഴിലാളിയായ ജോസ് മൂന്നു മാസത്തെ അവധിക്ക് നാട്ടിൽ പോകുന്നതിനായാണ് റിയാദ് വിമാനത്താവളത്തിലെത്തിയത്.
ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനിടയിൽ തളർച്ച അനുഭവപ്പെടുകയും അസ്വാഭാവികത തോന്നിയ എയർപോർട്ട് അധികൃതർ ജോസിനെ മാറ്റിനിർത്തുകയുമായിരുന്നു. തുടർന്ന് കേളി പ്രവർത്തകനായ മോഹൻദാസിനെ വിവരമറിയിക്കുകയും ഉടൻതന്നെ ജോസിനെ ശുമൈസി ആശുപത്രിയിൽ എത്തിക്കാനുള്ള സംവിധാനവും ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് കുറച്ചുസമയത്തിനകം രക്തസമ്മർദം വർധിക്കുകയും ജോസിന്റെ ഒരുവശം തളർന്നതിനെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയുമായിരുന്നു.
വിവരമറിഞ്ഞ് യു.കെയിൽ പഠിക്കുന്ന മകൻ സാനു ജോസ് റിയാദിലെത്തിയിരുന്നു. 40 ദിവസത്തെ ചികിത്സക്കുശേഷം വീൽചെയർ സഹായത്തോടെ യാത്രചെയ്യാൻ കഴിയുമെന്ന ഡോക്ടർമാരുടെ നിർദേശത്തെതുടർന്ന് സൗദി എയർലൈൻസിൽ കൊച്ചിയിലേക്ക് യാത്രതിരിക്കുകയും ചെയ്തു. തുടർചികിത്സക്കായി തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മടക്കയാത്രയിൽ പിതാവിനൊപ്പം അനുഗമിക്കാൻ മകൻ സാനു യു.കെയിൽ നിന്നുമെത്തി. ജോസിനുള്ള വിമാനടിക്കറ്റ് കേളി നൽകി. ബത്ഹ ഏരിയ കമ്മിറ്റി അംഗം മോഹൻദാസ്, ജീവകാരുണ്യ കൺവീനർ നസീർ മുള്ളൂർക്കര, ജീവകാരുണ്യ കമ്മിറ്റി അംഗം എബി വർഗീസ് തുടങ്ങിയവർ ജോസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ ഒപ്പമുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.