സ്ഥാനാർഥികളിലെ പ്രവാസി പങ്കാളിത്തം ആഹ്ലാദകരം
text_fieldsമുമ്പില്ലാത്തവിധം കേരളത്തിലെ രാഷ്ട്രീയമണ്ഡലം കലങ്ങിമറിയുന്ന കാഴ്ചയാണ് നമ്മൾ പ്രവാസലോകത്തിരുന്ന് കാണുന്നത്. സർക്കാറും പ്രതിപക്ഷവുമൊക്കെ പലവിധ കുഴപ്പങ്ങളിൽ ഉഴറിനിൽക്കുമ്പോഴാണ് തദ്ദേശ തെരഞ്ഞെടുപ്പ് ആസന്നമായത്. കോവിഡ് പ്രതിസന്ധി പൂർണമായും അവസാനിക്കാതെതന്നെ തെരഞ്ഞെടുപ്പ് ഗോദയിൽ രാഷ്ട്രീയ പ്രവർത്തകർ ഒട്ടും ആവേശം ചോരാതെയുള്ള പ്രചാരണമാണ് നടത്തുന്നത്. പ്രവാസ ലോകത്തുനിന്നും നിരവധിയാളുകൾ ഇത്തവണ സ്ഥാനാർഥികളാണെന്നതും യുവാക്കളും വനിതകളും കൂടുതൽ സജീവമായി സ്ഥാനാർഥിപ്പട്ടികയിൽ ഇടം പിടിച്ചുവെന്നതും സന്തോഷകരമാണ്. പ്രവാസികൾക്ക് തെരഞ്ഞെടുപ്പ് ഗോദയിൽ മുമ്പില്ലാത്തവിധം സ്വീകാര്യത ലഭിച്ചത് മാതൃസംഘടനകൾ പ്രവാസ സംഘടനകളെ പരിഗണിക്കുന്നു എന്നതിെൻറ തെളിവാണ്.
ദീർഘകാലം പ്രവാസലോകത്ത് കഴിഞ്ഞിട്ടും തന്നിലെ രാഷ്ട്രീയവും നാടിനെ സേവിക്കാനുള്ള ആഗ്രഹവും പ്രവാസി കാത്തുസൂക്ഷിക്കുന്നു എന്നതിെൻറ ഉദാഹരണമാണ് ഓരോ സ്ഥാനാർഥിയും പകർന്നുനൽകുന്നത്. വിദ്യാസമ്പന്നരെയും നിസ്വാർഥ സാമൂഹിക പ്രവർത്തകരെയും സ്ഥാനാർഥിയാക്കാൻ എല്ലാ മുന്നണികൾക്കും കഴിഞ്ഞിട്ടുണ്ട് എന്നാണ് പത്രങ്ങളിലും സമൂഹ മാധ്യമങ്ങളിലും കാണുന്ന പ്രചാരണ പ്രവർത്തനങ്ങളിൽനിന്ന് മനസ്സിലാവുന്നത്. ജനങ്ങളുമായി ഏറ്റവുമധികം ഇടകലർന്നുനിൽക്കുന്നത് തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളായതിനാൽ മിക്കയിടങ്ങളിലും രാഷ്ട്രീയ ഭേദങ്ങൾക്കപ്പുറമാകും ജയപരാജയങ്ങൾ എന്നുകരുതാം. അധികാരവികേന്ദ്രീകരണം സംഭവിച്ചതോടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ചെയ്യാൻ ധാരാളം ഉത്തരവാദിത്തങ്ങൾ നിലവിലുണ്ട്. മാത്രവുമല്ല, ശരിയായ വികസന കാഴ്ചപ്പാടും നിലപാടും ഉള്ളവർക്ക് ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിടാൻ കഴിയും.
വനിതകളുടെയും കുട്ടികളുടെയും സുരക്ഷിതത്വത്തിനും ആരോഗ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുന്നത് സാമൂഹികാവസ്ഥയിൽ മാറ്റം വരുത്തും. ആര് വിജയിച്ചാലും ആത്മാർഥമായും അഴിമതിരഹിതമായും അഞ്ചുകൊല്ലം ജനങ്ങൾക്കുവേണ്ടി പ്രവർത്തിച്ചാൽ വരുന്ന തെരഞ്ഞെടുപ്പിലും നാടിനും സ്ഥാനാർഥികൾക്കും അത് മുതൽക്കൂട്ടായിരിക്കും എന്നത് തീർച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.