മുൻ പ്രവാസിക്ക് കൈത്താങ്ങ് : നാരായണേട്ടന് വീടൊരുക്കി പ്രവാസി സാംസ്കാരിക വേദി
text_fieldsമുൻ പ്രവാസി നാരായണന് പ്രവാസി സാംസ്കാരിക വേദി നിർമിച്ചുനൽകിയ വെൽഫെയർ ഹോം
റിയാദ്: മുൻ പ്രവാസിയും വട്ടക്കുളം കുറ്റിപ്പാല സ്വദേശിയുമായ നാരായണന് താമസിക്കാൻ വീടൊരുങ്ങി. 20 വർഷം നീണ്ട പ്രവാസത്തിനൊടുവിൽ സൗദിയിൽനിന്നും നാടണഞ്ഞ നാരായണന് തുണയായിനിന്നത് പ്രവാസി സാംസ്കാരിക വേദി പ്രവർത്തകർ. അഞ്ചു വർഷം മുമ്പാണ് റിയാദിൽ സാധാരണ ജീവിതം നയിച്ചിരുന്ന നാരായണന്റെ ജീവിതം കീഴ്മേൽ മറിഞ്ഞത്.
ബഗ്ലഫിലെ കാർ വാഷിങ് സെന്ററിൽ ജോലി ചെയ്യുകയായിരുന്നു നാരായണൻ. സൗദി പൗരൻ സർവിസിനായി നൽകിയ വാഹനം, മറ്റൊരാൾ വന്ന് കൊണ്ടുപോയി. യഥാർഥ ഉടമ വന്നപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധം നാരായണൻ തിരിച്ചറിഞ്ഞത്. പിന്നീട് പൊലീസും കേസും ജയിലുമായി ജീവിതം പ്രതിസന്ധിയിലായി.
രണ്ടു വർഷത്തോളം ജയിലിൽ കഴിഞ്ഞ നാരായണന് നിയമസഹായവുമായി 'പ്രവാസി' പ്രവർത്തകരെത്തുകയും വെൽഫെയർ വിങ് അധ്യക്ഷൻ സാദിഖ് പാഷയുടെ നേതൃത്വത്തിൽ നാട്ടിലെത്തിക്കുകയുമായിരുന്നു.
സമ്പാദ്യങ്ങളൊന്നുമില്ലാതെ നീട്ടിലെത്തിയ നാരായണന് കേറിക്കിടക്കാൻ ഒരു വീട് ഇല്ലായിരുന്നു.വീതംവെച്ച് കിട്ടിയ നാല് സെന്റിൽ ഒരു വീട് വെക്കാൻ ശ്രമിച്ച് കാലം പിന്നിട്ടുവെങ്കിലും വീട് എന്ന സ്വപ്നം അകലങ്ങളിൽ തന്നെയായിരുന്നു.
നാരായണന്റെ പ്രയാസം മനസ്സിലാക്കിയ പ്രവാസി സാംസ്കാരിക വേദി പ്രത്യേക താൽപര്യമെടുത്ത് അദ്ദേഹത്തിന് വീടുണ്ടാക്കുകയായിരുന്നു. ഒരു വർഷം മുമ്പ് പണിയാരംഭിച്ച വീട് താമസത്തിനായി തുറന്നുകൊടുക്കുകയാണ് വെൽഫെയർ പാർട്ടിയുടെയും പ്രവാസി സംസ്കാരിക വേദിയുടെയും നേതാക്കൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.