ചികിത്സക്ക് നാട്ടിൽ പോയ പ്രവാസി സാമൂഹികപ്രവർത്തക മരിച്ചു
text_fieldsറിയാദ്: അസുഖ ബാധിതയായി ഒരു മാസം മുമ്പ് റിയാദിൽനിന്ന് നാട്ടിൽ പോയി ചികിത്സയിലായിരുന്ന പ്രവാസി സാമൂഹിക പ്രവർത്തക മരിച്ചു. കണ്ണൂർ പെരളശ്ശേരി സ്വദേശിനിയും റിയാദിൽ ജോലി ചെയ്യുന്ന ചൊവ്വ സ്വദേശി രതീഷ് ബാബുവിന്റെ ഭാര്യയുമായ മിനിമോളാണ് (46) മരിച്ചത്. റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നെങ്കിലും അസുഖം ഭേദമാകാത്തതിനെ തുടർന്ന് നാട്ടിൽ കൊണ്ടുപോയി ആദ്യം കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് വിദഗ്ധ ചികിത്സക്കായി മംഗലാപുരത്തെ കെ.എം.സി കസ്തൂർബാ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വൃക്ക തകരാറിലായതാണ് പെട്ടെന്ന് മരണം സംഭവിക്കാനിടയായത്. റിയാദിൽ ടയോട്ട ലക്സസ് കമ്പനിയിൽ ജീവനക്കാരനാണ് ഭർത്താവ് രതീഷ് ബാബു. 20 വർഷത്തിലേറെയായി റിയാദിലുണ്ടായിരുന്ന മിനിമോൾ അൽഹുദ ഇൻറർനാഷനൽ സ്കൂളിൽ ടീച്ചിങ് അസിസ്റ്റൻറായി ജോലി ചെയ്തിരുന്നു. മകൻ ശ്രീഹരി റിയാദിൽ ജോലി ചെയ്യുന്നു. മകൾ ശ്രീപ്രിയ നാട്ടിൽ പഠിക്കുന്നു. റിയാദിൽ സാമൂഹികരംഗത്ത് സജീവമായിരുന്ന മിനിമോൾ ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) റിയാദ് ഘടകം പ്രവർത്തകയായിരുന്നു. മിനിമോളുടെ ആകസ്മിക വേർപാടിൽ ജി.എം.എഫ് പ്രവർത്തകർ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.