മലബാർ മേഖലയോടുള്ള അനീതി സർക്കാറുകൾ അവസാനിപ്പിക്കണം -പ്രവാസി വെൽഫെയർ അൽഖോബാർ
text_fieldsഅൽഖോബാർ: 10ാം ക്ലാസിൽ ഉന്നത വിജയം നേടിയിട്ടും ആയിരക്കണക്കിന് വിദ്യാർഥികൾക്ക് മലബാർ മേഖലയിൽ മാത്രം പ്ലസ് വൺ സീറ്റ് നിഷേധിക്കുന്നത് അംഗീകരിക്കാൻ കഴിയാത്ത അവഗണനയാണെന്നും മലബാർ മേഖലയോട് ഈ പ്രവണത തുടർന്നാൽ ശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങൾക്ക് ജനങ്ങൾ മുന്നോട്ട് വരണമെന്നും പ്രവാസി വെൽഫെയർ അൽഖോബാർ മലപ്പുറം, കോഴിക്കോട് കമ്മിറ്റി സംയുക്തമായി ‘വിവേചന ഭീകരത സർക്കാർ നയമോ’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ടേബിൾ ടോക് ആഹ്വാനം ചെയ്തു.
താൽകാലിക പരിഹാരമല്ല, സ്ഥിരബാച്ചുകൾ അനുവദിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് വിഷയം അവതരിപ്പിച്ച് സംസാരിച്ച റീജനൽ കമ്മിറ്റി അംഗം ആരിഫലി പറഞ്ഞു. ടാക്സ് കൊടുക്കുന്ന ജനങ്ങളോട് തുല്യനീതി പാലിക്കാൻ സർക്കാരുകൾ തയ്യാറാവണമെന്നും മാറിമാറി വരുന്ന ഇടതുവലത് സർക്കാരുകൾ ഇതിന് ഉത്തരവാദിയാണെന്നും ചർച്ചയിൽ പങ്കെടുത്ത പ്രവിശ്യയിലെ സാമൂഹിക വിദ്യാഭ്യാസ രംഗത്തുള്ള പ്രമുഖർ അഭിപ്രായപ്പെട്ടു.
ഖോബാർ റീജനൽ കമ്മിറ്റി പ്രസിഡൻറ് കെ.എം. സാബിഖ് അധ്യക്ഷത വഹിച്ചു. ട്രഷറർ പി.ടി. അഷ്റഫ് ചർച്ച നിയന്ത്രിച്ചു. ഷജീർ തൂണേരി സ്വാഗതം പറഞ്ഞു. സിജി ഇൻറർനാഷനൽ ചെയർമാൻ അബ്ദുൽ മജീദ്, ദമ്മാം ഇന്ത്യൻ സ്കൂൾ മുൻഭരണസമിതി അംഗം റഷീദ് ഉമർ, തനിമ പ്രോവിൻസ് സെക്രട്ടറി ഉമർ ഫാറൂഖ്, ഖോബാർ സോൺ പ്രസിഡൻറ് എസ്.ടി. ഹിഷാം, ഐ.എം.സി.സി സൗദി കമ്മിറ്റി സെക്രട്ടറി ഹനീഫ് അറബി, സാമൂഹിക പ്രവർത്തകൻ കോയ താനൂർ, യൂത്ത് ഇന്ത്യ പ്രൊവിൻസ് പ്രസിഡൻറ് അയ്മൻ സഈദ്, ഖലീൽ റഹ്മാൻ, സിറാജ് തലശ്ശേരി, നജ്മുസമാൻ എന്നിവർ സംസാരിച്ചു. ഇല്യാസ് ചേളന്നൂർ നന്ദി പറഞ്ഞു. നീറ്റ് പരീക്ഷാക്രമക്കേടിന് എതിരെ അൻവർ സലിം പ്രമേയം അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.