പ്രവാസി ക്ഷേമനിധി അംഗത്വം; 60 കഴിഞ്ഞവരെ ഒഴിവാക്കുന്നതിനെതിരായ ഹരജി ഹൈകോടതി സ്വീകരിച്ചു
text_fieldsറിയാദ്: പ്രവാസി ക്ഷേമനിധിയിൽനിന്ന് 60 വയസ്സ് കഴിഞ്ഞ പ്രവാസികളെ ഒഴിവാക്കുന്നതിനെ ചോദ്യം ചെയ്ത് പ്രവാസി ലീഗൽ സെൽ സമർപ്പിച്ച ഹരജി കേരള ഹൈകോടതി ഫയലിൽ സ്വീകരിച്ചു. സെൽ പ്രതിനിധികളായ മുതിർന്ന പൗരന്മാരും മുൻ പ്രവാസികളുമായ ആറു പേരാണ് റിട്ട് ഹരജി സമർപ്പിച്ചത്.
എതിർകക്ഷികളായ കേരള സർക്കാറിനെ പ്രതിനിധാനംചെയ്ത് നോർക്ക വകുപ്പിനും കേരളീയ ക്ഷേമനിധി ബോർഡിനും നോട്ടീസ് അയക്കാൻ ഉത്തരവായി. കേസ് മേയ് 21ന് വീണ്ടും പരിഗണിക്കും.
2008ലെ കേരള പ്രവാസി കേരളീയരുടെ ക്ഷേമനിയമത്തിലെ സെക്ഷൻ ആറ് പ്രകാരമുള്ള പ്രായപരിധി ഏകപക്ഷീയവും വിവേചനപരവുമാണെന്നും ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്ൾ 14, 21 പ്രകാരമുള്ള അവരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതുമാണെന്നും ഹരജിക്കാരായ കുഞ്ഞുമാണിക്കൻ കുഞ്ഞുമോൻ, മുഹമ്മദ് സലീം, ശോഭൻലാൽ ബാലകൃഷ്ണൻ, ശ്രീകുമാർ നാരായണൻ, രാജേഷ് കുമാർ, സോമനാഥൻ എന്നിവർ ബോധിപ്പിക്കുന്നു.
62നും 72നും ഇടയിൽ പ്രായമുള്ള മുതിർന്ന പൗരന്മാരാണ് ഹരജിക്കാർ. പതിറ്റാണ്ടുകൾ വിദേശത്ത് കഠിനാധ്വാനം ചെയ്യുകയും കേരളത്തിന്റെ സമ്പദ്ഘടനക്ക് ഗണ്യമായ സംഭാവനകൾ നൽകുകയും ചെയ്തിട്ടും ജീവിതത്തിന്റെ സായന്തനകാലത്ത് ചെറിയ തുകപോലും പ്രവാസികൾക്ക് പെൻഷൻ നിഷേധിക്കുന്നത് നീതീകരിക്കാനാവുന്നതല്ല.
വിദേശത്തായിരുന്നപ്പോൾ പദ്ധതിയെക്കുറിച്ചുള്ള അവബോധക്കുറവ്, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്യുന്നതിലെ നടപടിക്രങ്ങൾ തുടങ്ങിയ വിവിധ കാരണങ്ങളാൽ 60 വയസ്സ് തികയുന്നതിനുമുമ്പ് ക്ഷേമ പദ്ധതിയിൽ ചേരാൻ കഴിഞ്ഞില്ലെന്ന് ഹരജിക്കാർ പറയുന്നു.
കേരള പ്രവാസി ക്ഷേമനിയമം ഭേദഗതിചെയ്ത് പ്രായപരിധി നിബന്ധന നീക്കം ചെയ്യണമെന്നും മടങ്ങിയെത്തിയ മുതിർന്ന പൗരന്മാരായ പ്രവാസികൾക്ക് ഉപാധികളില്ലാതെ പദ്ധതിയിൽ ചേരാൻ അനുവദിക്കണമെന്നും ഒറ്റത്തവണയായോ ഗഡുക്കളായോ വരിസംഖ്യ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിന് പ്രവാസി ലീഗൽ സെൽ സർക്കാരിന് ഒരു നിവേദനം സമർപ്പിച്ചിരുന്നു.
അനുകൂലമായ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് കേരള ഹൈകോടതിയെ ഹരജിക്കാർ സമീപിച്ചത്. ഹരജിക്കാർക്കുവേണ്ടി അഭിഭാഷകരായ ജോസ് അബ്രഹാം, മനാസ് പി. ഹമീദ്, ആർ. മുരളീധരൻ, വിമൽ വിജയ്, റെബിൻ വിൻസന്റ് എന്നിവർ കോടതിയിൽ ഹാജരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.