പ്രവാസി വെൽഫെയർ സൗദി പത്താം വാർഷിക പ്രഖ്യാപനം നടന്നു
text_fieldsറിയാദ്: പ്രവാസി വെൽഫെയർ സൗദി അറേബ്യയുടെ പത്താം വാർഷിക പ്രഖ്യാപനം വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നിർവഹിച്ചു. 2024 മെയ് മുതൽ ഒക്ടോബർ വരെ ആറു മാസം നീളുന്നതാണ് പത്താം വാർഷിക പരിപാടികൾ. പാരമ്പര്യ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നടക്കാത്ത വഴിയിലൂടെയാണ് വെൽഫെയർ പാർട്ടി നടക്കുന്നതെന്നും പുറന്തള്ളപ്പെട്ട, അരികുവൽക്കരിക്കപ്പെട്ടവരുടെ ഉയർന്നെഴുപ്പേൽപിന്റെ രാഷ്ട്രീയമാണ് വെൽഫെയർ പാർട്ടി ഏറ്റെടുത്തിരിക്കുന്നതെന്നും റസാഖ് പാലേരി പറഞ്ഞു. ആശയപരമായ ദൃഢത, കൃത്യമാർന്ന രാഷ്ട്രീയ കൃത്യത എന്നിവയാണ് പാർട്ടിയെ നയിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് ആവേശവും കരുത്തും നൽകുന്ന ഘടകമാണ് സൗദിയിലെ പ്രവാസി വെൽഫെയർ. കഴിഞ്ഞ പത്ത് വർഷത്തെ പ്രവാസി വെൽഫെയർ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു. പുതിയ ഇന്ത്യക്കു വേണ്ടിയുള്ള പോരാട്ടത്തിന് ഒരുമിച്ച് മുന്നോട്ടുപോകാൻ നമുക്ക് കഴിയേണ്ടതുണ്ടെന്നും റസാഖ് പാലേരി കൂട്ടിച്ചേർത്തു.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് വാട്ടർലൂ ആകുമെന്ന് അദ്ദേഹം പറഞ്ഞു. പരാജയ ഭീതി നേരിടുന്ന ബി.ജെ.പി എല്ലാ കുതന്ത്രങ്ങളും പുറത്തെടുത്ത് പ്രതിപക്ഷത്തെ നേരിടുന്ന കാഴ്ചയാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ജനാധിപത്യത്തെ വേരോടെ പിഴുതെടുക്കാനാണ് ആർ.എസ്.എസും, ബി.ജെ.പിയും ശ്രമിക്കുന്നത്. മറ്റ് രാഷ്ട്രീയ കക്ഷികളേയും നേതാക്കളേയും അവർ ലക്ഷ്യമിടുകയാണ്. ഒപ്പം സാമൂഹ്യ നീതി റദ്ദ് ചെയ്യുന്ന സ്വഭാവത്തിലാണ് ബി.ജെ.പി നേതാക്കൾ സംസാരിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിയുൾപ്പെടെയുള്ള ബി.ജെ.പിയുടെ എല്ലാ നേതാക്കളും വർഗീയ വിഷം വമിപ്പിക്കുന്ന പ്രസ്താവനകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ബി.ജെ.പിയുടെ അംഗീകാരം തന്നെ റദ്ദ് ചെയ്യാനാവുന്ന സാഹചര്യം നിലനിൽക്കുകയാണ്. പ്രതീക്ഷയോടെയാണ് രാജ്യം തെരഞ്ഞെടുപ്പിനെ കാണുന്നത്. ഇന്ത്യ മുന്നണി ഈ പ്രതീക്ഷക്ക് നിറം പകരുന്ന ഒന്നാണ്. വിദ്വേഷത്തിന്റെ വക്താക്കൾ പരാജയപ്പെടുമെന്ന് തന്നെയാണ് തെരഞ്ഞെടുപ്പുകൾ നൽകുന്ന സൂചന -റസാഖ് പാലേരി പറഞ്ഞു.
ഓൺലൈനായി ചേർന്ന സംഗമത്തിൽ പ്രവാസി വെൽഫെയർ സൗദി നാഷനൽ പ്രസിഡന്റ് സാജു ജോർജ് അധ്യക്ഷത വഹിച്ചു. സെൻട്രൽ പ്രൊവിൻസ് പ്രസിഡന്റ് ഖലീൽ പാലോട്, ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് ഷബീർ ചാത്തമംഗലം, വെസ്‌റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് ഉമറുൽ ഫാറൂഖ് പാലോട് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം ഒതുക്കുങ്ങൽ സ്വാഗതവും ട്രഷറർ സമീഉല്ല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.