പെരുന്നാൾ അവധി ആഘോഷമാക്കി പ്രവാസികൾ
text_fieldsയാംബു: ഈദുൽ ഫിത്ർ പ്രമാണിച്ച് കിട്ടിയ അവധിദിനങ്ങൾ ആഘോഷമാക്കി പ്രവാസികൾ. സൗദിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊക്കെ സന്ദർശകരുടെ വലിയ തിരക്ക് അനുഭവപ്പെട്ടു. കുടുംബങ്ങൾ ഒന്നിച്ചും ബാച്ചിലർമാർ സംഘങ്ങളായും രാജ്യത്തെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളും സാംസ്കാരിക പൈതൃക കേന്ദ്രങ്ങളും സന്ദർശിച്ചു.
സ്വകാര്യ മേഖലയിലടക്കം ഒരാഴ്ചത്തെ അവധി കിട്ടിയ സന്തോഷത്തിൽ പരസ്‌പരം സൗഹൃദം പുതുക്കാനും ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനുമുള്ള യാത്രകളിലും സംഗമങ്ങളിലുമാണ് മലയാളികൾ. പ്രവാസി സംഘടനകൾക്ക് കീഴിൽ ടൂറിസ്റ്റ് ബസുകൾ ഏർപ്പാട് ചെയ്ത് വിവിധ കേന്ദ്രങ്ങളിലേക്ക് യാത്ര സംഘടിപ്പിച്ചു. വർഷങ്ങൾ പ്രവാസലോകത്ത് കഴിഞ്ഞിട്ടും രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം സന്ദർശിക്കാൻ അവസരം കിട്ടാത്തവർക്ക് ഇത് ഹൃദ്യമായി. കുടുംബത്തോടൊപ്പം ഉല്ലാസകേന്ദ്രങ്ങളിൽ എത്തുന്ന സംഘം ബീച്ചുകളും ബോട്ട് യാത്രകളും ഉപയോഗപ്പെടുത്തി.
രാജ്യത്തെ വിനോദകേന്ദ്രങ്ങൾ സഞ്ചാരികളെ സ്വീകരിക്കാൻ ഒരുക്കം നടത്തിയിരുന്നു. ഈദ് ആഘോഷത്തിനായി ഇത്തവണ സ്വദേശികളും വിദേശികളും അയൽ രാജ്യങ്ങളായ ബഹ്‌റൈൻ, യു.എ.ഇ എന്നിവിടങ്ങളിലേക്ക് പോകുന്നത് കുറഞ്ഞു. എങ്കിലും ജോർഡൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലേക്ക് റോഡുമാർഗം മലയാളി സംഘം സവാരി ചെയ്തു. ധാരാളം മലയാളി കുടുംബങ്ങളും ബാച്ചിലർമാരും വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രയുടെ തിരക്കിലാണിപ്പോഴും.
രാജ്യത്തെ പ്രകൃതിദൃശ്യങ്ങളും കുളിർമ പകരുന്ന തടാക കാഴ്ച്ചകളും ആസ്വദിക്കുന്ന തിരക്കിലാണ് മലയാളി കുടുംബങ്ങൾ. യാംബു അൽ നഖ്‌ലിലെ ഐനുൽ മുബാറഖ് തടാക പരിസരം ആസ്വദിക്കാനും സുഹൃത്തുക്കളോടൊപ്പം ഉല്ലസിക്കാനും ധാരാളം പേർ എത്തിയിരുന്നു. ജലാശയങ്ങളെ ആശ്രയിച്ച് ജീവിച്ചിരുന്ന സമൂഹത്തിന്റെ നാഗരികതയുടെ അവശേഷിപ്പുകളും പൈതൃക ഗ്രാമങ്ങളും സന്ദർശിക്കാനും മലയാളികളടക്കം ധാരാളം പേർ വിവിധ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തുന്നുണ്ട്. വരും ദിവസങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഉല്ലാസ മേഖലയിലും സന്ദർശക പ്രവാഹമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.