നിർബന്ധിത ക്വാറന്റീൻ പിൻവലിക്കണമെന്ന് പ്രവാസികൾ
text_fieldsജിദ്ദ: മൂന്നു ഡോസ് വാക്സിനും കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുകളുമായി നാട്ടിൽ വരുന്ന പ്രവാസികൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഏർപ്പെടുത്തിയ നിർബന്ധിത ക്വാറന്റീൻ നിയമം പിൻവലിക്കണമെന്ന് കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കുറഞ്ഞ അവധിയിൽ നാട്ടിൽ വരുന്ന പ്രവാസികളെ ഇത് കാര്യമായി ബാധിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണം കൂടുന്നതിന്റെ പേരിൽ നാട്ടിലേക്ക് വരുന്ന പ്രവാസികളെ ദ്രോഹിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാർ നിലപാടിനെതിരെ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംസ്ഥാന സർക്കാർ നടത്തുന്ന ഉദ്ഘാടന പരിപാടികളിൽ പോലും കോവിഡ് പ്രോട്ടോകോൾ പാലിക്കപ്പെടുന്നില്ലെന്നും ആയതിനാൽ ഈ നിയമം പ്രവാസികൾക്കുമേൽ അടിച്ചേൽപ്പിക്കാനുള്ള ധാർമികാവാകാശം സംസ്ഥാന സർക്കാറിനില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. കോവിഡ് വ്യാപനം തടയാൻ പ്രവാസികളെ ദ്രോഹിക്കുകയല്ല, വാക്സിനേഷൻ ഉൾപ്പെടെ ഫലപ്രദമായ നടപടികൾ സ്വീകരിക്കുകയാണ് സർക്കാറുകൾ ചെയ്യേണ്ടതെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അഹ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി ഷിഹാബ് താമരക്കുളം, വൈസ് പ്രസിഡൻറുമാരായ ഇസ്മാഈൽ മുണ്ടക്കുളം, എ.കെ. ബാവ വേങ്ങര, പി.സി.എ. റഹ്മാൻ, അബ്ദുറഹ്മാൻ വെള്ളിമാട്കുന്ന്, സെക്രട്ടറിമാരായ ലത്തീഫ് മുസ്ലിയാരങ്ങാടി, നാസർ മച്ചിങ്ങൽ തുടങ്ങിയവർ സംസാരിച്ചു.
പ്രവാസികളോട് കാട്ടുന്നത് കൊടുംക്രൂരത -പി.സി.എഫ്
ജിദ്ദ: പ്രവാസികൾ നാട്ടിലെത്തിയാൽ ഏഴുദിവസം ക്വാറന്റീനിൽ ഇരിക്കണമെന്ന തീരുമാനം പ്രവാസികളോട് കാണിക്കുന്ന കൊടും ക്രൂരതയാണെന്ന് പി.സി.എഫ് സൗദി നാഷനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. കോവിഡിന്റെ പശ്ചാത്തലത്തിൽ രണ്ടു വർഷമായി നാട്ടിൽപോകാൻ പറ്റാതെ പ്രയാസപ്പെടുന്ന പ്രവാസികൾ കമ്പനികളിൽ ആവശ്യപ്പെട്ട് എങ്ങനെയെങ്കിലും ഒരു മാസത്തെ ലീവ് സംഘടിപ്പിച്ച് നാട്ടിലെത്തുമ്പോൾ ഏഴു ദിവസം ക്വാറന്റീനിൽ ഇരിക്കേണ്ടിവരുന്നത് പ്രവാസികളോട് സർക്കാർ കാണിക്കുന്ന ക്രൂരനിലപാടാണ്. നാട്ടിൽ ആയിരങ്ങൾ പങ്കെടുക്കുന്ന സമ്മേളനങ്ങൾക്കും ഘോഷയാത്രകൾക്കും അനുമതി കൊടുക്കുമ്പോൾ രാജ്യത്തിനും കുടുംബത്തിനുംവേണ്ടി പ്രവാസികളായവർ നാട്ടിലെത്തുന്നതിനുവേണ്ടി കോവിഡ് പരിശോധന നടത്തി നെഗറ്റിവ് റിസൽട്ടുമായി നാട്ടിലെത്തി വീണ്ടും വിമാനത്താവളത്തിൽ കോവിഡ് പരിശോധന നടത്തി നെഗറ്റിവ് ഫലവുമായി കുടുംബത്തിലെത്തുന്ന പ്രവാസികളോട് സർക്കാർ ഇത്തരം അനീതി കാണിക്കരുതെന്ന് പ്രമേയത്തിലൂടെ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ പി.സി.എഫ് സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ദിലീപ് താമരകുളം അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി ഭാരവാഹികളായ അബൂനാസ്, റഫീഖ് പാനൂർ, അബ്ദുൽ റസാഖ് മമ്പുറം, സക്കീർ കൊടുക്കാട്, ആസാദ് ശാസ്താംകോട്ട, ഷാഫി ചാവക്കാട്, മെഹബൂബ് കായംകുളം, ഷാനവാസ് വെമ്പായം, സി.പി. സലീം ആലപ്പുഴ എന്നിവർ സംസാരിച്ചു. പി.സി.എഫ് നാഷനൽ കമ്മിറ്റി സെക്രട്ടറി നിസാം വെള്ളാവിൽ സ്വാഗതവും ട്രഷറർ നജ്മുദ്ദീൻ വൈലത്തൂർ നന്ദിയും പറഞ്ഞു.
ക്രൂരതയും വഞ്ചനയും അവസാനിപ്പിക്കണം -ഇന്ത്യൻ സോഷ്യൽ ഫോറം
ജിദ്ദ: കോവിഡ് ഭീതിയും ഒമിക്രോൺ വ്യാപനവും നിലനിൽക്കുമ്പോൾ സർക്കാർ പദ്ധതികളുടെ ഉദ്ഘാടന മാമാങ്കങ്ങളും രാഷ്ട്രീയ പാർട്ടികളുടെ പ്രകടനങ്ങളും ആൾക്കൂട്ടങ്ങൾക്ക് ഒരു നിയന്ത്രണവുമില്ലാതെ നടത്തുകയും നടത്താൻ അനുവാദംനൽകുകയും ചെയ്യുന്ന സർക്കാർ, പ്രവാസികളോട് കാണിക്കുന്നത് തികഞ്ഞ ക്രൂരതയും കൊടിയ വഞ്ചനയുമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സൗദി കമ്മിറ്റി ആവശ്യപ്പെട്ടു. ദിനേന കോവിഡ് വ്യാപനത്തിന്റെ കണക്ക് വിടുന്നതല്ലാതെ വ്യവസ്ഥാപിതമായ നടപടികൾ സ്വീകരിക്കുന്നതിൽ അലംഭാവം കാട്ടുകയാണ് സർക്കാർ. അതേ സമയം വിദേശങ്ങളിൽനിന്ന് ചുരുങ്ങിയ ദിവസത്തെ അവധിയെടുത്ത് അത്യാവശ്യ കാര്യങ്ങൾക്കും സ്വന്തം കുടുംബത്തോടൊപ്പം കഴിയാനുമായി നാട്ടിലേക്കു വരുന്ന പ്രവാസികൾ ഏഴു ദിവസം നിർബന്ധിത ക്വാറന്റീനിൽ കഴിയണമെന്ന ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം പ്രവാസികളോട് സർക്കാർ സ്വീകരിക്കുന്ന വഞ്ചനാപരമായ സമീപനമാണ്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സർക്കാറിന്റെയും ആരോഗ്യ വകുപ്പിന്റെയും എല്ലാ നിബന്ധനകളും നിർദേശങ്ങളും പാലിച്ചാണ് ഓരോ പ്രവാസിയും നാട്ടിലേക്കുള്ള വിമാനത്തിൽ എത്തുന്നത്.
രണ്ടു ഡോസും ബൂസ്റ്റർ ഡോസും പ്രതിരോധ കുത്തിവെപ്പുമെടുത്ത് കോവിഡ് പരിശോധനയും കഴിഞ്ഞാണ് വിദേശങ്ങളിൽനിന്ന് പ്രത്യേകിച്ച് സൗദിയിൽനിന്ന് നാട്ടിലേക്ക് പ്രവാസികൾ പുറപ്പെടുന്നത്. ഇതൊന്നും പരിഗണിക്കാതെയുള്ള നിബന്ധനകൾ അടിച്ചേൽപ്പിക്കുന്നത് ക്രൂരതയാണ്. ഏഴു ദിവസത്തെ ക്വാറന്റീനുശേഷം വീണ്ടും പരിശോധന നടത്തണമെന്നും പരിശോധന ഫലമനുസരിച്ച് വീണ്ടും കടുത്ത നിബന്ധനകൾ പാലിക്കണമെന്നുമുള്ള തീരുമാനങ്ങൾ പ്രവാസികളെ ബുദ്ധിമുട്ടിക്കാനും സാമ്പത്തികമായി ചൂഷണം ചെയ്യാനുമുള്ള പദ്ധതിയാണ്. എന്നാൽ, ഒരു നിബന്ധനയും പാലിക്കാതെ ആയിരങ്ങളും പതിനായിരങ്ങളുമായ ആളുകൾ കൂട്ടുകൂടുകയും പ്രകടനം നടത്തുകയും മണിക്കൂറുകളോളം മാർഗതടസ്സം സൃഷ്ടിക്കുകയും ചെയ്യുന്ന സംഭവങ്ങൾ സർക്കാറും നിയമപാലകരും കണ്ടില്ലെന്നു നടിക്കുകയോ നിയമനടപടിയെടുക്കുന്നതിൽ വിവേചനം കാണിക്കുകയോ ചെയ്യുന്നതായാണ് നേരിട്ടും ദൃശ്യമാധ്യമങ്ങളിലൂടെയും കണ്ടുകൊണ്ടിരിക്കുന്നത്.
തികച്ചും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചു യാത്രചെയ്യുന്ന പ്രവാസികൾക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങളുടെ പേരിൽ സർക്കാറും പൊലീസും കൈക്കൊള്ളുന്ന വിവേചനപരമായ നടപടികൾ അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ഇന്ത്യൻ സോഷ്യൽ ഫോറം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നൽകി. കോഓഡിനേറ്റർ ബഷീർ കാരന്തൂർ, സൈദലവി ചുള്ളിയൻ (റിയാദ്), ഫൈസൽ മമ്പാട് (ജിദ്ദ), കുഞ്ഞിക്കോയ താനൂർ (ജുബൈൽ), മൻസൂർ എടക്കാട് (ദമ്മാം), മുഹമ്മദ് കോയ ചേലേമ്പ്ര (അബഹ) എന്നിവർ നിവേദനത്തിൽ ഒപ്പിട്ടു.
അനീതി പിൻവലിക്കുക -ഐവ
ജിദ്ദ: രണ്ടും മൂന്നും കോവിഡ് വാക്സിനും രണ്ട് കോവിഡ് പരിശോധനകളും നടത്തി കുറഞ്ഞ ലീവിൽ നാട്ടിൽ വരുന്ന പ്രവാസികൾ ഏഴു ദിവസം ഹോം ക്വാറന്റീനും മറ്റ് ഏഴ് ദിവസം നിരീക്ഷണത്തിലും വേണമെന്ന കേന്ദ്ര, കേരള സർക്കാറുകളുടെ നിയമം ഉടൻ പിൻവലിക്കണമെന്ന് ഇന്ത്യൻ വെൽഫയർ അസോസിയേഷൻ (ഐവ) ജിദ്ദ കമ്മിറ്റി ആവശ്യപ്പെട്ടു. വർഷങ്ങൾ കഴിഞ്ഞ് ഒരു മാസത്തെ ലീവിൽ വരുന്നവരും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്കും മറ്റ് അടിയന്തര ആവശ്യങ്ങൾക്കും ഒന്നുംരണ്ടും ആഴ്ചകൾക്ക് നാട്ടിൽവരുന്നവർക്കും ഈ നിയമം വളരെ പ്രയാസമുണ്ടാക്കുന്നതാണ്. കോവിഡ് വാക്സിനുകൾ എടുക്കാത്ത പതിനായിരങ്ങൾ പങ്കെടുക്കുന്ന പരിപാടികൾക്കൊന്നുമില്ലാത്ത നിയന്ത്രണം പാവം പ്രവാസികളുടെ മേൽ അടിച്ചേൽപിക്കരുത് -ഐവ സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു.
തീരുമാനം പുനഃപരിശോധിക്കണം -മലപ്പുറം കെ.എം.സി.സി
റിയാദ്: കോവിഡ് കേസുകൾ വർധിക്കുന്ന കാരണം ചൂണ്ടിക്കാട്ടി പ്രവാസികൾക്ക് വീണ്ടും നിർബന്ധിത സമ്പർക്കവിലക്ക് ഏർപ്പെടുത്തിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി ട്രഷറർ കുഞ്ഞിമോൻ കാക്കിയ ആവശ്യപ്പെട്ടു. റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി വെൽഫെയർ വിങ് എക്സിറ്റ് 18ൽ സംഘടിപ്പിച്ച വളന്റിയർമാരുടെ സംഗമമായ 'വി മീറ്റ്-2022' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെൽഫെയർ വിങ് ആക്ടിങ് ചെയർമാൻ റഫീഖ് ചെറുമുക്ക് അധ്യക്ഷത വഹിച്ചു. കുറഞ്ഞ അവധിക്ക് നാട്ടിൽ പോകുന്ന പ്രവാസികളെ ദ്രോഹിക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നത്. വിദേശ രാജ്യങ്ങളിൽനിന്ന് വാക്സിനേഷൻ പൂർത്തിയാക്കിയാണ് പ്രവാസികൾ അവധിക്ക് പോകുന്നത്. കൂടാതെ പി.സി.ആർ ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പിക്കുന്ന രേഖയുമായി നാട്ടിലെത്തുന്ന പ്രവാസി, സ്വന്തം ചെലവിൽ വിമാനത്താവളങ്ങളിൽനിന്നുള്ള പരിശോധനകൂടി പൂർത്തിയാക്കിയാണ് നാട്ടിലെത്തുന്നത്. ഇതൊന്നും പരിഗണിക്കാതെ പ്രവാസിദ്രോഹ നടപടിയുമായി മുന്നോട്ടുപോകുന്ന കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ നീക്കം അപലപനീയമാണ്.
കോവിഡ് പ്രോട്ടോകോളുകൾ പാലിക്കാതെ ഉത്തരവാദിത്തമുള്ള സർക്കാറുകൾതന്നെ നടത്തുന്ന ഉദ്ഘാടന മേളകൾ ഉൾപ്പടെയുള്ള പരിപാടികൾ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നു സെഷനുകളിലായി നടന്ന പരിപാടിയിൽ 'സേവനം, സന്നദ്ധത, സമർപ്പണം' എന്ന വിഷയത്തിൽ സിജി ട്രെയിനർ ഷുക്കൂർ പൂക്കയിലും 'സമൂഹികസേവനത്തിന്റെ ഇസ്ലാമിക മാനം' എന്ന വിഷയത്തിൽ റിയാദ് എസ്.ഐ.സി പ്രസിഡന്റ് മുഹമ്മദ് കോയ വാഫിയും 'മതനിരാസവും കമ്യൂണിസവും' എന്ന വിഷയത്തിൽ സത്താർ താമരത്തും ക്ലാസെടുത്തു. വെൽഫെയർ വിങ്ങിന്റെ പുതിയ സംരംഭമായ ജോബ് സെൽ സൗദി കെ.എം.സി.സി സെക്രട്ടേറിയറ്റംഗം ഉസ്മാൻ അലി പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല പ്രസിഡന്റ് മുഹമ്മദ് വേങ്ങര, കുഞ്ഞിമോൻ കാക്കിയയെ ആദരിച്ചു. ജില്ല വെൽഫെയറിന് കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റി നൽകുന്ന വീൽചെയർ, വാക്കർ തുടങ്ങിയ ഉപകരണങ്ങൾ ഭാരവാഹികൾ ചടങ്ങിൽ കൈമാറി. മുൻകൂട്ടി തിരഞ്ഞെടുത്ത മുന്നൂറോളം വളന്റിയർമാരാണ് സംഗമത്തിൽ പങ്കെടുത്തത്.
ശുഹൈബ് പനങ്ങാങ്ങര, തെന്നല മൊയ്തീൻ കുട്ടി, നാസർ മാങ്കാവ്, ജംഷീർ മങ്കട, ഷൗക്കത്ത് കടമ്പോട്ട്, ഷാഫി ചിറ്റത്തുപാറ, അഷ്റഫ് കൽപകഞ്ചേരി, ഉമർ അമാനത്ത്, മുനീർ വാഴക്കാട്, യൂനസ് കൈതക്കോടൻ, യൂനസ് താഴേക്കോട്, മുത്തുകുട്ടി തരൂർ, റിയാസ് തിരൂർക്കാട്, ശിഹാബ് തങ്ങൾ കുറുവ, ഇഖ്ബാൽ തിരൂർ എന്നിവർ സംസാരിച്ചു. ഷാഫി തുവ്വൂർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല വെൽഫെയർ വിങ് കൺവീനർ ഷറഫ് പുളിക്കൽ സ്വാഗതവും ഇസ്ഹാഖ് താനൂർ നന്ദിയും പറഞ്ഞു. മജീദ് മണ്ണാർമല, സലിം സിയാംകണ്ടം, സി.വി. ഇസ്മാഈൽ, ഇസ്മാഈൽ താനൂർ, മുസമ്മിൽ തിരൂരങ്ങാടി, ഷബീറലി പള്ളിക്കൽ, റിയാദ് നിലമ്പൂർ, ഹനീഫ മുതുവല്ലൂർ, സൈദ് പെരിങ്ങാവ്, അഷ്റഫ് പടന്ന, സകീർ താഴേക്കോട്, നിസാർ കോട്ടക്കൽ, ഫൈസൽ കോട്ടക്കൽ, ലത്തീഫ് ചെറുകാവ്, ഹനീഫ മുതുവല്ലൂർ, ഹംസ ഉണ്യാൽ, സൈദ് പെരിങ്ങാവ്, ഉസ്മാൻ സിയാംകണ്ടം എന്നിവർ നേതൃത്വം നൽകി.
ക്വാറന്റീൻ തീരുമാനം പുന:പരിശോധിക്കണം -വേൾഡ് മലയാളി ഫെഡറേഷൻ
ജിദ്ദ: നാട്ടിൽ വരുന്ന പ്രവാസികൾക്ക് പുതുതായി ഏർപ്പെടുത്തിയിരിക്കുന്ന ഏഴു ദിവസത്തെ ക്വാറന്റീൻ എന്ന തീരുമാനം പുന:പരിശോധിക്കണമെന്ന് വേൾഡ് മലയാളി ഫെഡറേഷൻ സൗദി നാഷനൽ കൗൺസിൽ ആവശ്യപ്പെട്ടു. നിലവിൽ ഗൾഫിൽനിന്ന് നാട്ടിലേക്ക് വിമാനത്തിൽ കയറുന്നതിന് മുമ്പായി ആർ.ടി.പി.സി.ആർ പരിശോധന നടത്തി നെഗറ്റിവ് റിപ്പോർട്ട് എയർ സുവിദ പോർട്ടലിൽ രേഖപ്പെടുത്തുന്നുണ്ട്. കൂടാതെ നാട്ടിൽ വിമാനമിറങ്ങുമ്പോഴും പരിശോധന നടത്തുന്നുണ്ട്. മാത്രമല്ല, അധികം പ്രവാസികളും രണ്ട് ഡോസിനുശേഷം, ബൂസ്റ്റർ ഡോസ് വാക്സിൻ വരെ സ്വീകരിച്ചാണ് നാട്ടിലെത്തുന്നത്. ഇത്രയും ജാഗ്രവത്തായ പരിശോധനകൾക്കുശേഷം ഏഴു ദിവസ ക്വാറന്റീൻ എന്നുള്ള തീരുമാനം കേന്ദ്ര, സംസ്ഥാന സർക്കാറുകൾ പുനഃപരിശോധിക്കണമെന്ന് ഡബ്ല്യു.എം.എഫ് പ്രസിഡന്റ് നസീർ വാവക്കുഞ്ഞ്, കോഓഡിനേറ്റർ നാസർ ലെയ്സ് എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.