പ്രവാസികൾ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷസേന -കുമ്പളത്ത് ശങ്കരപ്പിള്ള
text_fieldsറിയാദ്: ലോകമാകെ പരന്നുകിടക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസിസമൂഹം രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷസേനയാണെന്ന് ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള റിയാദിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അതിർത്തി കാക്കുന്ന പട്ടാളക്കാരെപോലെ തന്നെ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്തുന്നത് പ്രവാസികളാണ്. എന്നാൽ, ആ അർഥത്തിൽ ഇരു സർക്കാറുകളും അവരെ പരിഗണിക്കുന്നില്ല എന്നു മാത്രമല്ല, അവഗണിക്കുകയും ചെയ്യുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.
ലോക കേരളസഭയിൽനിന്ന് വാഗ്ദാനങ്ങളുടെ പെരുമഴ വർഷിക്കുന്നു എന്നല്ലാതെ പദ്ധതികളൊന്നും പ്രാബല്യത്തിലാകുന്നില്ല. മുഖ്യമന്ത്രി ലോകം ചുറ്റി പ്രഖ്യാപനങ്ങൾ നടത്തുന്നു എന്നതിലപ്പുറം പ്രവാസികൾക്കായി ഒന്നും ചെയ്യുന്നില്ലെന്നും മുൻ ലോക കേരളസഭ അംഗംകൂടിയായ ശങ്കരപ്പിള്ള പറഞ്ഞു. കോവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധിയിൽ വിദേശത്തുനിന്ന് തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുപോകാനാകാതെ നാട്ടിൽ കുടുങ്ങിപ്പോയ പ്രവാസികളുടെ പുനരധിവാസ പദ്ധതികൾക്കായി പൂട്ടിക്കിടക്കുന്ന പൊതുമേഖല സ്ഥാപനങ്ങൾ തുറന്ന് വിദഗ്ധരായ തൊഴിലാളികൾക്ക് ജോലി നൽകാൻ സർക്കാർ മുന്നോട്ടുവരണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പോഷക സംഘടനായ ഒ.ഐ.സി.സിയുടെ മെംബർഷിപ് കാമ്പയിൻ പുരോഗമിക്കുകയാണ്. ഡിസംബർ അവസാനം വരെ കാമ്പയിൻ തുടരാൻ കെ.പി.സി.സിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. 2023ന്റെ ആദ്യ പകുതിക്ക് മുമ്പായി പുതിയ കമ്മിറ്റികൾ നിലവിൽ വരും. വോട്ടെടുപ്പിലൂടെ വരണമെന്നാണ് പാർട്ടി ആഗ്രഹിക്കുന്നത്. എന്നാൽ, അതത് മേഖലകളിൽനിന്ന് വിയോജിപ്പുകളില്ലാതെ കമ്മിറ്റി നിർദേശിക്കപ്പെട്ടാൽ സാഹചര്യത്തിനനുസരിച്ച് ആ മാർഗവും ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി അംഗത്വമുള്ളവർക്ക് ഇൻഷുറൻസ് ഉൾപ്പെടെയുള്ള സുരക്ഷ പദ്ധതികൾ നടപ്പാക്കുന്നതിനെ കുറിച്ച് കേരളത്തിലെ പ്രമുഖ കമ്പനികളുമായി ചർച്ച തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശത്തുള്ള കോൺഗ്രസ് പ്രവർത്തകർക്ക് അവരവരുടെ ഡി.സി.സിയിൽ അർഹമായ പരിഗണ നൽകുന്നകാര്യം സജീവ ചർച്ചയിലുണ്ട്. കെ.പി.സി.സിയിലും പ്രവാസി പ്രതിനിധികൾക്ക് അവസരം ഉണ്ടാക്കാൻ വേണ്ട ചർച്ചകൾ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. റിയാദ് ഒ.ഐ.സി.സി സംഘടിപ്പിച്ച 'പൊളിറ്റിക്കൽ കഫെ' എന്ന പരിപാടിയിൽ പങ്കെടുക്കാൻ റിയാദിലെത്തിയതായിരുന്നു അദ്ദേഹം. വാർത്തസമ്മേളനത്തിൽ ഗ്ലോബൽ ട്രഷറർ മജീദ് ചിങ്ങോലി, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള, ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം, സെൻട്രൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് സലിം കളക്കര, നാഷനൽ ജനറൽ സെക്രട്ടറി സിദ്ദീഖ് കല്ലുപറമ്പൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.