കാമറക്ക് മുന്നിലും പിന്നിലും പ്രവാസികൾ: ഹ്രസ്വ ചിത്രം പ്രകാശനം ചെയ്തു
text_fieldsറിയാദ്: പ്രവാസികൾ കാമറക്ക് മുന്നിലും പിന്നിലും അണിനിരന്ന ഹ്രസ്വ ചിത്രം പുറത്തിറക്കി. സി.എച്ച്.സി.ഡി ഫൗണ്ടേഷൻ ഇന്ത്യയും മൈൻഡ് കണക്ട് ലൈവും ചേർന്ന് നിർമിച്ച 'ഒബസ്ഡ്' എന്ന ചിത്രമാണ് കഴിഞ്ഞ ദിവസം ഒാൺലൈനായി നടന്ന ചടങ്ങിൽ റിലീസ് ചെയ്തത്. കേരള വൈദ്യുതി മന്ത്രി എം.എം. മണി ഉദ്ഘാടനം നിർവഹിച്ചു. എഴുത്തുകാരനും നടനുമായ ഷാജി ചെൻ ചടങ്ങിൽ മുഖ്യാതിഥിയായി. ഡോ. സൗമി ജോൺസൺ രചനയും ഗോപൻ കൊല്ലം സംവിധാനവും നിർവഹിച്ച ഇൗ ചിത്രത്തിെൻറ പ്രതിപാദ്യ വിഷയം മനുഷ്യൻ നേരിടുന്ന വൈകാരിക പ്രശ്നങ്ങളാണ്.
മാനസിക രോഗങ്ങളോട് ജനങ്ങളുടെ ഭയവും അകൽച്ചയും മാറ്റി ശരിയായ ചികിത്സ നടത്താൻ ജനങ്ങളെ ഉദ്ബോധിപ്പിക്കുന്നതാണ് സിനിമ. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ വൈകാരിക അനുഭവങ്ങളാണ് ചിത്രത്തിൽ നിറയുന്നത്. ഇത് പല കുടുംബങ്ങളുടെയും നേർകാഴ്ചയായി മാറുന്നു. നാട്ടിലായാലും പ്രവാസ ജീവിതത്തിലായാലും മാനസിക പ്രശ്നങ്ങളുടെ രീതികളിൽ മാറ്റം ഉണ്ടാകില്ല. ഒരു വ്യക്തിക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങൾ നേരിട്ടാൽ ആരെ സമീപിക്കണം, അതിന് വിദഗ്ധരായ ആളുകളുടെ ചികിത്സ ലഭിക്കണമെങ്കിൽ എന്തു ചെയ്യണം എന്ന് പലപ്പോഴും ജനങ്ങൾക്ക് ബോധ്യമില്ല. ഇതിന് പരിഹാരമായാണ് മൈൻഡ് കണക്ട് ലൈവ് എന്ന ഓൺലൈൻ ചികിത്സ പ്ലാറ്റ്ഫോമിെൻറ തുടക്കവും ഇതിനോടൊപ്പം നടക്കുന്നത്. ആർക്കും എപ്പോൾ വേണമെങ്കിലും എവിടെ നിന്ന് ചികത്സ ലഭ്യമാക്കാനുള്ള ഉദ്ദേശ്യത്തോടു കൂടി ആരംഭിക്കുന്ന മൈൻഡ് കണക്ട് ലൈവ് ജനങ്ങളെ പരിചയപ്പെടുത്തുക കൂടിയാണ് ഇൗ സിനിമ.
പ്രമോദ് കോഴിക്കോട്, ദീപ്തി എലിസബത്ത് വർഗീസ്, ഐശ്വര്യ ഷാജിത്, അപ്പുണ്ണി ശശി, നന്ദിനി പ്രമോദ്, അലക്സ്, ജോസഫ്, ജോർജ്, ഡോ. ജോൺസൺ എന്നിവരാണ് സിനിമയിൽ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുന്നത്. ചിത്രത്തിെൻറ സംഗീത രചന നിർവഹിച്ചത് വി.എസ്. സുനിൽ ആണ്. സംഗീത സംവിധാനം നിർവഹിച്ചത് സനിൽ ജോസഫും. സാറ സനിൽ, സനിൽ ജോസഫ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. പ്രമോദ് കോഴിക്കോട് ശബ്ദ ക്രോഡീകരണം നിർവഹിച്ചു. ഡിജിറ്റൽ ഡിസൈൻ നിർവഹിച്ചത് ഷാജിത് നാരായണനും പബ്ലിക് റിലേഷൻസ് പ്രവർത്തനം നടത്തുന്നത് ജോജി കൊല്ലവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.