'തവക്കൽന'യിൽ ഇമ്യൂൺ പദവി ലഭിക്കാതെ നാട്ടിലുള്ള പ്രവാസികൾ പ്രതിസന്ധിയിൽ
text_fieldsയാംബു: സൗദിയിലേക്ക് യാത്രചെയ്യുന്ന പ്രവാസികൾ തവക്കൽന ആപ്ലിക്കേഷനിൽ വാക്സിനേഷൻ സ്റ്റാറ്റസ് പൂർത്തിയാക്കാൻ കഴിയാതെ പ്രതിസന്ധിയിൽ. നിലവിൽ ക്വാറൻറീൻ ഇല്ലാതെ സൗദിയിലേക്ക് യാത്രചെയ്യാൻ സൗദി ആരോഗ്യമന്ത്രാലയത്തിെൻറ തവക്കൽനയിൽ ഇമ്യൂൺ സ്റ്റാറ്റസ് നിർബന്ധമാണ്.
ഇത് ഇല്ലാത്തവർക്ക് ഒരാഴ്ചത്തെ ക്വാറൻറീൻ സൗകര്യം ഉറപ്പാക്കണം. ഇതിന് ഏറ്റവും ചുരുങ്ങിയത് 3000 റിയാൽ ചെലവ് വരുന്നുണ്ട്. പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് അംഗീകൃത ഹോട്ടൽ ബുക്കിങ് പൂർത്തിയാക്കിയില്ലെങ്കിൽ ഇത്തരക്കാർക്ക് വിമാനത്താവളത്തിൽ യാത്രാതടസ്സം നേരിടേണ്ടി വരുന്ന അനുഭവം വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. നേരത്തേ ഹോട്ടൽ ക്വാറൻറീൻ എടുക്കാത്തവർക്ക് വിമാനത്താവളത്തിൽ നിന്ന് അതിെൻറ നടപടികൾ പൂർത്തിയാക്കാൻ പ്രയാസമാണ്. ഇന്ത്യയിൽനിന്നുള്ള പ്രവാസികൾ നിലവിൽ സൗദിയിലേക്ക് യാത്ര ചെയ്യുന്നതുതന്നെ ഏറെ പ്രതിസന്ധികൾ നേരിട്ടാണ്. മാല ദ്വീപ്, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ വഴിയാണ് സൗദിയിലേക്ക് പ്രവാസികൾ കൂടുതലായി ഇപ്പോൾ യാത്രചെയ്യുന്നത്.
ഈ രാജ്യങ്ങളിൽനിന്ന് സൗദിയിലേക്കു പോകാൻ വിമാനം കയറുന്നതിന് അധികൃതർ യാത്രാനടപടികൾ പൂർത്തിയാക്കിയത് കർശനമായി പരിശോധിക്കുന്നുണ്ട്.
യാത്രാനടപടികൾ പൂർത്തിയാക്കാൻ കഴിയാത്ത പലരും സൗദിയിലേക്ക് മടങ്ങാൻ കഴിയാതെ നാട്ടിലേക്ക് തിരിച്ചുപോകേണ്ട അവസ്ഥയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. യാത്രാനിയമങ്ങൾ കണിശമായി പൂർത്തിയാക്കി വേണം പ്രവാസികൾ യാത്ര ചെയ്യേണ്ടതെന്നും ഇല്ലെങ്കിൽ വിമാനത്താവളത്തിൽനിന്നും തിരിച്ചു മടങ്ങേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തവക്കൽനയിൽ ഇമ്യൂൺ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്നതിലെ കാലതാമസവും പ്രവാസികളെ വലക്കുന്നുണ്ട്. നേരത്തേ വാക്സിനേഷൻ വിവരങ്ങൾ അഞ്ചു ദിവസത്തികം അപ്ഡേറ്റ് ആയിരുന്നത് ഇപ്പോൾ ആഴ്ചകൾ കഴിഞ്ഞും അപ്ഡേറ്റ് ആകാത്ത സ്ഥിതിയുണ്ടെന്ന് അനുഭവസ്ഥർ പറയുന്നു.
തവക്കൽന ആപ്പിലെ സാങ്കേതികപ്രശ്നങ്ങൾ നിമിത്തമാണ് അപ്ഡേറ്റ് വൈകുന്നതെന്നും സാങ്കേതിക തടസ്സം നീങ്ങിയാൽ അപ്ഡേറ്റ് സന്ദേശം വരുമെന്നും അറിയുന്നു. ഇമ്യൂൺ സ്റ്റാറ്റസ് വരുന്നതും പ്രതീക്ഷിച്ച് നാട്ടിലും വിദേശങ്ങളിലും ആയിരക്കണക്കിന് പ്രവാസികളാണ് കാത്തിരിക്കുന്നത്. നേരത്തേ അപേക്ഷ സമർപ്പിച്ചവരുടെ സ്റ്റാറ്റസ് സമയത്തിനുള്ളിൽ വന്നിരുന്നുവെങ്കിൽ ഇപ്പോൾ അപേക്ഷ തള്ളിയിട്ടുണ്ടെങ്കിൽ പോലും സന്ദേശം വരുന്നതിൽ ഏറെ കാലതാമസം വരുന്നതായി പലരും പറയുന്നു. വീണ്ടും അപേക്ഷ സമർപ്പിക്കുമ്പോൾ നിലവിൽ അപേക്ഷയുണ്ടെന്നും നടപടികൾ പൂർത്തിയാക്കി വരുകയാണെന്നുമുള്ള നോട്ടിഫിക്കേഷനാണ് ലഭിക്കുന്നത്.
എന്നാൽ, അപേക്ഷകരിൽ ചിലർക്ക് ഇമ്യൂൺ ആയെന്ന സന്ദേശം ലഭിച്ചില്ലെങ്കിലും 'മുഖീം' സൈറ്റിൽ ചെക്ക് ചെയ്യുമ്പോൾ ഇമ്യൂൺ ആയതായി കാണാൻ സാധിച്ച അനുഭവവും ചില പ്രവാസികൾ പറഞ്ഞു. https://muqeem.sa/#/vaccine-registration/register -resident?type=VaccinatedResident എന്ന ലിങ്കിൽ ഇഖാമ നമ്പറും ജനന തീയതിയും നൽകിയാൽ അടുത്ത പേജിലേക്ക് പോകാനും വിവരങ്ങൾ നൽകാനും കഴിയുന്നുവെങ്കിൽ ഇമ്യൂൺ ആയതായി മനസ്സിലാക്കാം. ഇമ്യൂൺ ആകാത്തവർക്ക് തവക്കൽനയിൽ ഇമ്യൂൺ ആയിട്ടില്ല എന്ന വിവരം ലഭിക്കുകയും ചെയ്യുന്നുണ്ട്.
സൗദിയിലേക്ക് നേരിട്ട് വിമാന സർവിസ് ഇല്ലാത്ത പ്രതിസന്ധിയോടൊപ്പം വാക്സിനേഷൻ സ്റ്റാറ്റസ് ശരിയാക്കാൻ കൂടി കഴിയാത്ത സാങ്കേതിക തടസ്സങ്ങൾ പ്രവാസികൾക്ക് ഇരുട്ടടിയായിരിക്കുകയാണ്. പ്രശ്നങ്ങൾ തീർന്ന് സൗദിയിലേക്ക് സുഗമമായ യാത്ര പോകാൻ കഴിയുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ് ആയിരക്കണക്കിന് പ്രവാസി ഇന്ത്യക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.