മരുഭൂമിയിൽ പച്ചക്കറി നൂറുമേനി വിളയിച്ച് പ്രവാസികൾ
text_fieldsറിയാദ്: വീടിന്റെ പിന്നാമ്പുറത്തോ ടെറസിലോ പച്ചക്കറിത്തോട്ടം നട്ടുനനച്ച് വളർത്തുന്ന മലയാളികളുടെ ശീലം പ്രവാസലോകത്തും വിളയിക്കുന്നത് നൂറുമേനി. കമ്പനികളുടെ ലേബർ ക്യാമ്പുകൾക്ക് പിന്നിലെ തോട്ടങ്ങളിൽ തക്കാളിയും വെണ്ടയും വഴുതനങ്ങയും ചീരയും തുടങ്ങി കപ്പയും മധുരക്കിഴങ്ങും വരെ എണ്ണിയാലൊടുങ്ങാത്ത കായ്കറി ഇനങ്ങളാണ് വിഷരഹിത ആവാസവ്യവസ്ഥയിൽ തഴച്ചുവളരുന്നത്.
സൗദി തെക്കുപടിഞ്ഞാറൻ മേഖലയിലെ ജീസാൻ സാംതയിലുള്ള ടൊയോട്ട ബാബ്ഗി കമ്പനിയിലെ ജീവനക്കാരുടെ കൂട്ടായ്മ നനച്ച് വളർത്തുന്നത് ഇത്തരത്തിലൊരു കൃഷിത്തോട്ടമാണ്. മലയാളികൾ മാത്രമല്ല പിന്നിലെന്നതിനാൽ അന്താരാഷ്ട്ര മാനമാണ് ആ പച്ചക്കറിത്തോട്ടത്തിന്. മാത്രമല്ല ഈ അടുക്കളത്തോട്ടത്തിന് വേണ്ടി മുന്നിട്ടിറങ്ങിയത് എർവിൻ എനാരിയോ എന്ന ഫിലിപ്പീൻ സ്വദേശിയാണ്.
സ്വന്തം നാട്ടിൽ നല്ലൊരു കർഷകനായ എർവിൻ ആശയം മുന്നോട്ടു വെച്ചപ്പോൾ വിത്തിട്ട് മുളപ്പിക്കാൻ മലയാളി സഹപ്രവർത്തകർ ഒപ്പം ചേർന്നു. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. താമസസ്ഥലത്തിന് പിറകിലെ മരുഭൂമി കണ്ണടച്ച് തുറക്കും മുമ്പ് പച്ച മുളപൊട്ടിയ കൃഷിത്തോട്ടമായി. ദിവസങ്ങൾ പിന്നിടുമ്പോഴേക്കും വിവിധയിനങ്ങൾ തഴച്ചുവളർന്നു.
തക്കാളി, വെണ്ട, വഴുതനങ്ങ, കപ്പ, പപ്പായ, പാവയ്ക്ക, മത്തൻ, പയർ, ചോളം, മുരിങ്ങ, ചുരയ്ക്ക, മധുരക്കിഴങ്ങ് തുടങ്ങി വ്യത്യസ്ത പച്ചക്കറികളും മറ്റും ഇവിടെ വളർത്തുന്നു. ഇങ്ങനെ ഒരു ആശയം ഉടലെടുത്തപ്പോൾ പ്രധാന പ്രശ്നം നാടൻ വിത്തുകളുടെ അഭാവമായിരുന്നെന്ന് ജീവനക്കാർ പറയുന്നു.
നാട്ടിൽ അവധിക്ക് പോയി വരുന്നവർ ആവശ്യമായ നാടൻ വിത്തുകൾ എത്തിക്കുക എന്നതായിരുന്നു അതിനു കണ്ടെത്തിയ പരിഹാരം. ചെറിയ രീതിയിൽ തുടങ്ങിയ പച്ചക്കറിത്തോട്ടം ഏകദേശം അര ഏക്കറോളം വ്യാപിപ്പിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇവർ.
ഹാഷിം പെരുമ്പാവൂർ, വിനോദ് ഇടപ്പള്ളി, ആന്റണി തൃശൂർ, സിബി തിരുവല്ല, പ്രിൻസ് കോട്ടയം, ഹരി കായംകുളം എന്നിവരാണ് എർവിനൊപ്പം കൂട്ടുകൃഷിയിൽ പങ്കുചേർന്ന മലയാളികൾ. ജോലി കഴിഞ്ഞുള്ള ഒഴിവു സമയങ്ങളിലും അവധി ദിവസങ്ങളിലുമാണ് കൃഷി പരിപാലനം.
കമ്പനിയോട് ചേർന്നുകിടക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് കൃഷി. ഇവിടെ വിളയുന്ന ജൈവ പച്ചക്കറി ജീവനക്കാർ അവരുടെ ഭക്ഷണത്തിനായാണ് എടുത്തിരുന്നത്. എന്നാൽ ഈ നല്ലയിനം പച്ചക്കറികളെ കുറിച്ച് കേട്ടറിഞ്ഞ് ഇപ്പോൾ പ്രദേശവാസികളായ സൗദി പൗരന്മാരും മറ്റ് രാജ്യക്കാരുമെല്ലാം സമീപിക്കുന്നുണ്ട്.
അങ്ങനെ ചോദിച്ച് വരുന്നവർക്ക് വിളവെടുത്ത പച്ചക്കറി സൗജന്യമായി നൽകുന്നു. കൃഷിയോട് താൽപര്യമുള്ള ആരു വന്നാലും വിത്തും സൗജന്യമായി നൽകാൻ തയാറാണെന്നും ഇവർ പറയുന്നു.
ഒഴിവു സമയങ്ങളിൽ വിനോദമായി തുടങ്ങിയ കൃഷി വിപുലീകരിക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ. നിരവധി മലയാളികൾ ഇതിനകം ഇവർക്ക് പിന്തുണയുമായി എത്തി. അതുകൊണ്ട് തന്നെയാണ് ഈ പച്ചക്കറി കൃഷി കൂടുതൽ ഭംഗിയായി മുന്നോട്ടു കൊണ്ടുപോവാൻ സാധിക്കുന്നതെന്നും ഇവർ പറയുന്നു. സമീപത്തെ റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ഈ തോട്ടം നല്ലൊരു കാഴ്ചാനുഭവവുമാണ്.
ചീര, പടവലം തുടങ്ങിയവയും കൂടി കൃഷി ചെയ്യാനുള്ള തീരുമാനത്തിലാണ്. ശാസ്ത്രീയ രീതിയില്‍, കീടനാശിനികളൊന്നും ഇല്ലാതെയാണ് പച്ചക്കറിത്തോട്ടം പരിപാലിക്കുന്നത്. ആദ്യ വിളവെടുപ്പിൽ തന്നെ നൂറുമേനി വിളഞ്ഞതാണ് തുടർകൃഷിക്ക് പ്രചോദനമായത്. കടകളില്‍ നിന്നും കിട്ടുന്ന പച്ചക്കറികള്‍ വിഷാംശം ഉള്ളതാണെന്നും വളര്‍ന്നു വരുന്ന തലമുറ ഇതൊരു മാതൃകയായി കാണണമെന്നുമാണ് ഈ ‘പ്രവാസി കർഷകർ’ക്ക് പറയാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.