മീഡിയവൺ 'ഔട്ട് ഓഫ് ഫോക്കസ്' പാനലുമായി സംവദിച്ച് പ്രവാസികൾ; നവ്യാനുഭവമായി ഹല ജിദ്ദ
text_fieldsജിദ്ദ: മീഡിയവണ്ണിലെ ജനപ്രിയ വാർത്താപരിപാടിയായ 'ഔട്ട് ഓഫ് ഫോക്കസ്' പാനലുമായി നേരിട്ട് സംവദിക്കാൻ കഴിഞ്ഞതിലുള്ള അനുഭൂതിയിലാണ് മീഡിയവൺ ജിദ്ദയിലൊരുക്കിയ 'ഹലാ ജിദ്ദ' ഇന്ത്യൻ കാർണിവലിലെത്തിയ പ്രവാസി മലയാളികൾ. 'ഔട്ട് ഓഫ് ഫോക്കസ്' ടീമിലെ അംഗങ്ങളായ മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ, മാനേജിങ് എഡിറ്റർ സി. ദാവൂദ്, സീനിയർ ന്യൂസ് എഡിറ്റർ നിഷാദ് റാവുത്തർ എന്നിവരാണ് 'ഹല ജിദ്ദ' പരിപാടിയിലെ ആദ്യ ദിനത്തിൽ സന്ദർശകർക്ക് നവ്യാനുഭൂതി പകർന്ന് പ്രത്യേക വേദിയിൽ ആളുകളുമായി നേർക്കുനേർ സംവദിച്ചത്.
ചെണ്ടമേളയുടെ അകമ്പടിയോടെ ഉദ്‌ഘാടന വേളയിൽ പങ്കെടുത്ത മീഡിയവൺ ടീം അംഗങ്ങൾ നഗരിയിലൂടെ ചുറ്റിക്കറങ്ങിയപ്പോൾ ആളുകളുടെ കരഘോഷവും ടീം അംഗങ്ങളുമായി സെൽഫിയെടുക്കാനും ദൃശ്യങ്ങൾ പകർത്താനുമുള്ള സന്ദർശകരുടെ അഭൂതപൂർവ്വമായ സാന്നിധ്യം പ്രകടമായത് 'ഔട്ട് ഓഫ് ഫോക്കസ്' പരിപാടിയുടെ ജനസമ്മതി വിളിച്ചോതുന്നതായിരുന്നു.
വാർത്തകളുടെ മുഴുവൻ വശങ്ങളും വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ആ വിഷയത്തെ സമീപിക്കുന്നതിലൂടെ ഒരു പൂർണത നൽകാൻ 'ഔട്ട് ഓഫ് ഫോക്കസ്' വാർത്താ പരിപാടിക്ക് കഴിയുന്നുണ്ടെന്ന് എഡിറ്റർ പ്രമോദ് രാമൻ പറഞ്ഞു. ഒരു തരത്തിലുമുള്ള ഒളിച്ചുവെക്കലുമില്ലാതെ നേരിട്ട് കാര്യങ്ങൾ വെളിപ്പെടുത്താനും ഓരോ വിഷയത്തിലും സത്യസന്ധമായ വിവരങ്ങൾ നൽകാനുമാണ് പരിപാടിയിലൂടെ ശ്രമിക്കുന്നത്. എല്ലാത്തിനുമുപരി ഒരു വാർത്തയെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ മനസ്സിലാക്കാനും വ്യക്തമായ കാഴ്ച്ചപ്പാട് ഉണ്ടാക്കിയെടുക്കാനും കഴിയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓരോ ദിവസവും മൂന്നു വിഷയങ്ങൾ ദിവസേന കൈകാര്യം ചെയ്യാനും അതുവഴി പ്രേക്ഷകർക്ക് ഓരോ വിഷയത്തിലും ലഭിക്കുന്ന അവബോധം വിലപ്പെട്ട ഒന്നായി മാറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്നുപേരും അവതരിപ്പിക്കുന്ന വ്യത്യസ്ത അഭിപ്രായങ്ങളും കാഴ്ച്ചപ്പാടുകളും പലപ്പോഴും യോജിപ്പിന്റേതായി പ്രേക്ഷകർക്ക് തോന്നുന്നത് തന്നെയാണ് ഈ പരിപാടിയുടെ സവിശേഷതയെന്നും പരസ്പരം ബഹളം വെക്കലോ അടികൂടലോ ഇല്ലാതെ പ്രേക്ഷകരുടെ താല്പര്യങ്ങൾ ഉൾക്കൊണ്ട് ജനങ്ങളുടെ ജീവിത കാഴ്ച്ചപ്പാടിനോട് ചേർന്ന് നിന്നുകൊണ്ടുള്ള ഒരു അവതരണമാണ് 'ഔട്ട് ഓഫ് ഫോക്കസെ'ന്നും അതുകൊണ്ട് തന്നെയാണ് ലോകത്തെങ്ങുമുള്ള മലയാളികൾ ഈ പരിപാടിയെ നെഞ്ചേറ്റുന്നതെന്നും പ്രമോദ് രാമൻ സൂചിപ്പിച്ചു.
ടെലിവിഷൻ രംഗത്തെ വേറിട്ട ഒരു പരിപാടിയായ 'ഔട്ട് ഓഫ് ഫോക്കസ്' നിലവിലെ ടി.വി ചാനലുകളുടെ വാർത്താപരിപാടികളിൽ നിന്നും തീർത്തും വ്യത്യസ്തമാണെന്നും പ്രേക്ഷകരെ പിടിച്ചു നിർത്താൻ ബഹളം വെക്കലില്ലാതെ ഗൗരവപൂർവം ഓരോ വിഷയങ്ങളും കൈകാര്യം ചെയ്യാനാണ് ഇതുവരെ ശ്രദ്ധിച്ചിട്ടുള്ളതെന്നും മാനേജിങ് എഡിറ്റിർ സി.ദാവൂദ് പറഞ്ഞു. സാമാന്യമായി ടെലിവിഷൻ പ്രേക്ഷകരെ ആകർഷിക്കാൻ ഇടയാക്കാത്ത പരിപാടിയാണ് എന്ന് തോന്നുന്ന 'ഔട്ട് ഓഫ് ഫോക്കസ്' ഇന്ന് മലയാളികൾ ഏറെ ചർച്ചചെയ്യുന്ന ഒരു പരിപാടിയായി മാറി എന്ന് മനസ്സിലാകുന്നതിൽ ഏറെ അഭിമാനവും സന്തോഷവും ഉണ്ട്. അതോടൊപ്പം പ്രേക്ഷകരോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു. ഓരോ വിഷയങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങൾ അറിയാനും അവയിലൂടെ സ്വന്തമായ ഒരു കാഴ്ച്ചപ്പാട് രൂപപ്പെടുത്താനും ആഗ്രഹിക്കുന്ന മലയാളികൾ ഈ വാർത്താ പരിപാടി ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആളുകൾക്ക് ഒരു വിഷയത്തിൽ വ്യക്തമായൊരു ധാരണ വരുത്താനും ഫലപ്രദമായ രീതിയിൽ അഭിപ്രായ പ്രകടനം നടത്താനും കഴിയുന്ന വിധത്തിലാണ് 'ഔട്ട് ഓഫ് ഫോക്കസി'ന്റെ ഓരോ ചർച്ചകളും മുന്നോട്ടു കൊണ്ടു പോകുന്നതെന്ന് സീനിയർ ന്യൂസ് എഡിറ്റർ നിഷാദ് റാവുത്തർ പറഞ്ഞു. വിമർശനങ്ങൾ ഉൾകൊള്ളാനും സമൂഹ മാധ്യമങ്ങൾ വഴി പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ വിലയിരുത്താനും പരിശോധിക്കാനും ശ്രമിക്കാറുണ്ടെന്നും മുൻവിധിയോടെയുള്ള വിമർശനങ്ങൾ അവഗണിക്കാനാണ് ശ്രദ്ധിക്കാറുള്ളതെന്നും നിഷാദ് കൂട്ടിച്ചേർത്തു. 'ഔട്ട് ഓഫ് ഫോക്കസ്' പരിപാടി ഇനിയും കൂടുതൽ ജനങ്ങളിലേക്ക് പ്രചാരണം നൽകാനും അത് വഴി നാടിൻറെ നന്മ സാധ്യമാക്കാനും കഴിയേണ്ടതുണ്ടെന്നും നിഷാദ് ചൂണ്ടിക്കാട്ടി. സദസ്സിൽ നിന്നുള്ള പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് പാനൽ ടീം മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.