ബാഖാലയിൽ കാലാവധി കഴിഞ്ഞ ബിസ്ക്കറ്റ്, മലയാളി ജീവനക്കാരന് നാടുകടത്തലും പിഴയും ശിക്ഷ
text_fieldsഅബഹ: കാലാവധി കഴിഞ്ഞ ബിസ്ക്കറ്റ് ബഖാലയിൽ (പലവ്യജ്ഞന കട) കണ്ടെത്തിയതിനെ തുടർന്ന് ജീവനക്കാരനായ മലയാളിക്ക് നാടുകടത്തലും 1000 റിയാൽ പിഴയും ശിക്ഷ. സ്വദേശി കടയുടമക്ക് 12,000 റിയൽ പിഴ. ബിസ്ക്കറ്റ് അല്ല കാലാവധിയില്ലാത്ത ഏത് സാധനവും കടകളിൽ വിൽപനക്ക് വെച്ചാൽ സൗദി അറേബ്യയിൽ കടുത്ത ശിക്ഷ തന്നെ കിട്ടുമെന്ന് അനുഭവസ്ഥൻ തന്നെ പറയുന്നു. അബഹയിലെ ഒരു ബഖാലയിൽ ജീവനക്കാരനായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ശാഫിക്കും തൊഴിലുടമക്കുമാണ് ബിസ്ക്കറ്റ് ഈ കൈപ്പേറിയ അനുഭവം നൽകിയത്.
വാണിജ്യ മന്ത്രാലയം കടയിൽ പരിശോധനക്ക് വന്നപ്പോൾ വിൽപനക്കുള്ള സാധനങ്ങളുടെ കൂട്ടത്തിൽ കാലാവധി കഴിഞ്ഞ ബിസ്ക്കറ്റ് കണ്ടെത്തുകയായിരുന്നു. ഉദ്യോഗസ്ഥർ കടയുടമയായ സ്വദേശി പൗരനെ വിളിച്ചുവരുത്തി. സ്ഥാപനത്തിൽ കണ്ടെത്തിയ നിയമലംഘനത്തെ കുറിച്ച് ബോധ്യപ്പെടുത്തി. സെയിൽസ്മാനെന്ന നിലയിൽ ശാഫിയെക്കൊണ്ട് ഒരു പേപ്പറിൽ ഒപ്പിടീച്ചു അവർ മടങ്ങി. കുറച്ച് ദിവസങ്ങൾക്ക് ശേഷം കോടതിയിൽനിന്ന് ഒരു മെസേജ് വന്നു, നേരിട്ട് ഹാജരാകാൻ.
കോടതിയിൽ ഹാജരായപ്പോൾ നിയമലംഘനത്തിന് ശിക്ഷ വിധിക്കുകയായിരുന്നു. ശാഫിക്ക് 1,000 റിയാൽ പിഴയും നാട് കടത്തലുമായിരുന്നു ശിക്ഷ. സ്ഥാപന ഉടമയ്ക്ക് 12,000 റിയാൽ പിഴയും. പ്രതിസന്ധിയിലായ കടയുടമയും ശാഫിയും മേൽക്കോടതിയിൽ അപ്പീൽ പോയെങ്കിലും നിരാശയായിരുന്നു ഫലം. തുടർന്ന് റിയാദിലെത്തി സുപ്രീം കോടതിയിൽ അപ്പീൽ നൽകി. പക്ഷേ കീഴ്ക്കോടതി വിധി ശരിവക്കുകയാണ് ചെയ്തത് സുപ്രീം കോടതിയും.
ഒടുവിൽ ശാഫിക്ക് പിഴ അടച്ച് ഫൈനൽ എക്സിറ്റ് വിസയിൽ നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. ഇനി സൗദിയിലേക്ക് മടങ്ങിവരാനാവില്ല എന്ന ആജീവാനന്ത വിലക്കും പേറിയായിരുന്നു ആ യാത്ര. ഒരു ശ്രദ്ധക്കുറവ് വരുത്തിവെച്ച വിന. കടയിൽ നിന്ന് കണ്ടെടുത്ത ബിസ്ക്കറ്റ് കാലാവധി കഴിഞ്ഞതും മായംചേർത്തതും ആണെന്നും മനപ്പൂർവം വിൽക്കാൻ വേണ്ടി വെച്ചിരുന്നതാണെന്നുമായിരുന്നു കുറ്റങ്ങൾ. സൗദിയിൽ ജോലി ചെയ്യുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ ചെറിയ നോട്ടപ്പിഴവ് പോലും വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ജീവിതം വഴിമുട്ടിലാവുന്ന അവസ്ഥയുണ്ടാവുമെന്നും നാട്ടിലെത്തിയ ശാഫി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.