ചൂഷണമുക്ത പ്രവാസം; ഐ.സി.എഫ് ബോധവത്കരണ സെമിനാർ
text_fieldsജിദ്ദ: പ്രവാസികളിൽ വർധിച്ചുവരുന്ന സ്വർണക്കടത്ത്, വഴിവിട്ട സാമ്പത്തികാസക്തി, ദുർവ്യയം, ലഹരി ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ പൊതുസമൂഹത്തെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ 'ചൂഷണമുക്ത പ്രവാസം' പ്രമേയത്തിൽ ഐ.സി.എഫ് ഇന്റർനാഷനൽ പ്രഖ്യാപിച്ച കാമ്പയിനിന്റെ ഭാഗമായി ജിദ്ദ സെൻട്രൽ കമ്മിറ്റി ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.
മീഡിയ ഫോറം പ്രസിഡന്റ് പി.എം. മായിൻകുട്ടി സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രവാസികളിൽ വ്യാപകമാകുന്ന സ്വർണ കള്ളക്കടത്തിന്റെയും ലഹരി ഉപയോഗത്തിന്റെയും കെണിവലകളിൽനിന്ന് പ്രവാസി സമൂഹത്തെ രക്ഷിച്ചെടുക്കുന്നതിന് മുഴുവൻ സംഘടനകളും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും ഇത്തരം ഭവിഷ്യത്തുകളെ തിരിച്ചറിഞ്ഞ്, വളരെ കാലികപ്രസക്തമായ പ്രമേയവുമായി സെമിനാർ സംഘടിപ്പിച്ച ഐ.സി.എഫിന്റെ പ്രവർത്തനം ഏറെ ശ്ലാഘനീയവും പ്രശംസനീയാർഹവുമാണെന്നും അദ്ദേഹം പറഞ്ഞു.
തുച്ഛമായ സാമ്പത്തിക ലാഭത്തിനുവേണ്ടി സ്വർണ കാരിയർമാരായി മാറുന്നവർ ഈ അടുത്ത കാലങ്ങളിലായി കേരളത്തെ ഞെട്ടിച്ച മൃഗീയമായ കൊലപാതകങ്ങൾ ഓർക്കണമെന്നും പ്രവാസി രക്ഷിതാക്കൾ തങ്ങളുടെ മക്കളുടെ കൂട്ടുകെട്ട്, ചുറ്റുപാടുകൾ എന്നിവ മനസ്സിലാക്കി ആവശ്യമായ ഉപദേശങ്ങൾ നൽകി ലഹരിക്കടിപ്പെടുന്നതിൽനിന്ന് സൂക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസികൾ പരസ്പരം അടുത്തറിഞ്ഞ് മറ്റുള്ളവരുടെ പ്രയാസങ്ങൾ മനസ്സിലാക്കി ആവശ്യമായ ഇടപെടലുകൾ നടത്തുമ്പോൾ ഇത്തരം അപകടങ്ങളിൽപെടുന്നവരെ പിന്തിരിപ്പിക്കുന്നതിന് ഒരു പരിധിവരെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസിഡന്റ് ഹസൻ സഖാഫി അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് മക്ക പ്രോവിൻസ് പ്രസിഡന്റ് അബ്ദുന്നാസർ അൻവരി വിഷയമവതരിപ്പിച്ചു. വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനകളെ പ്രതിനിധാനം ചെയ്ത് ഷിബു തിരുവനന്തപുരം, കെ.ടി.എ. മുനീർ, ശിഹാബ് താമരക്കുളം, നാസർ വെളിയങ്കോട്, മുജീബ് എ.ആർ നഗർ, സുനിൽ കുമാർ, സി.കെ. മുഹമ്മദ് കുഞ്ഞി, ബഷീർ എറണാകുളം, സാദിഖ് ചാലിയാർ, ഡോ. നൗഫൽ അഹ്സനി, യഹ്യ ഖലീൽ നൂറാനി എന്നിവർ സംസാരിച്ചു. ഹൈദർ ഫാളിലി രചിച്ച ലഹരിവിരുദ്ധ ഗാനം വേദിയിൽ ആലപിച്ചു.
ഐ.സി.എഫ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ തങ്ങൾ, മക്ക പ്രോവിൻസ് അഡ്മിൻ സെക്രട്ടറി മുഹമ്മദ് സഖാഫി ഉഗ്രപുരം, സെൻട്രൽ കമ്മിറ്റി നേതാക്കളായ അബ്ദുൽ റസാഖ്, അബ്ദുൽ കലാം അഹ്സനി, മുഹ്സിൻ സഖാഫി, അഹ്മദ് കബീർ, ഹനീഫ പെരിന്തൽമണ്ണ, സക്കീർ കൊണ്ടോട്ടി, അബ്ദുൽ ഗഫൂർ പുളിക്കൽ എന്നിവർ സംബന്ധിച്ചു. മൻസൂർ മാസ്റ്റർ സ്വാഗതവും യാസർ അറഫാത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.