മദീനയിൽ ദ്രുതഗതാഗത ബസ് സർവിസ് ആരംഭിക്കുന്നു
text_fieldsജിദ്ദ: മദീന നഗരത്തിൽ ‘ദ്രുതഗതാഗത ബസ് സർവിസ്’ (ബി.ആർ.ടി) പദ്ധതി ആരംഭിക്കുന്നു. മദീന മേഖല വികസന അതോറിറ്റി സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ‘വിഷൻ 2030’ പദ്ധതികളൊന്നായ ‘ദുയൂഫുറഹ്മാൻ’ പ്രോഗ്രാമാണ് ഇതിന് ധനസഹായം നൽകുന്നത്. മദീനയിലെ താമസക്കാർക്കും സന്ദർശകർക്കും നൽകുന്ന പൊതുഗതാഗത സേവനങ്ങളിലേക്ക് പുതിയതും ഗുണപരവുമായ സൗകര്യം ചേർക്കലാണ് പദ്ധതി. മദീനക്കും അവിടത്തെ സന്ദർശകർക്കും സർക്കാർ നൽകുന്ന പരിചരണവും ശ്രദ്ധയും പ്രതിഫലിപ്പിക്കുന്നതായിരിക്കും. മദീനയുടെ ഭൂമിശാസ്ത്രപരമായ സ്വഭാവത്തിന് ആനുപാതികമായി പൊതുഗതാഗത സേവന സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും ഉചിതമായ സംവിധാനമാണ് ഇത്. പരിസ്ഥിതി സൗഹൃദ ബസുകളും ദ്രുതഗതിയിലുള്ള നടപ്പാക്കലും പ്രവർത്തനവുമാണ് പദ്ധതിയുടെ സവിശേഷത. ഗതാഗത സംവിധാനങ്ങൾ ഊർജിതമാക്കാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇത് സഹായിക്കും.
ബസ് റാപ്പിഡ് ട്രാൻസിറ്റ് (ബി.ആർ.ടി) പദ്ധതിയിൽ 52 കിലോമീറ്റർ നീളമുള്ള രണ്ട് പ്രധാന റൂട്ടുകളാണുള്ളത്. മണിക്കൂറിൽ 1800 യാത്രക്കാർക്ക് യാത്ര ചെയ്യാനാവും. 33 ബസ് സ്റ്റോപ്പുകളുമുണ്ടാകും. ആദ്യ റൂട്ടിലെ 36 കിലോമീറ്റർ റൂട്ടിൽ 22 സ്റ്റോപ്പുകളാണുള്ളത്. അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബസ് സ്റ്റേഷനിൽനിന്ന് ആരംഭിച്ച് വെസ്റ്റ് മദീന സ്റ്റേഷനിൽ എത്തിച്ചേരും. മസ്ജിദുന്നബവി സ്റ്റേഷൻ, ഹറമൈൻ എക്സ്പ്രസ് ട്രെയിൻ സ്റ്റേഷൻ, നോളജ് ഇക്കണോമിക് സിറ്റി, വിഷൻസ് ഓഫ് ദി സിറ്റി പദ്ധതി. അസീസിയ സ്പോർട്സ് സ്റ്റേഡിയം സ്റ്റേഷൻ എന്നീ ഒരു കൂട്ടം സ്റ്റേഷനുകളിലൂടെ ബസുകൾ കടന്നുപോകും. രണ്ടാമത്തെ റൂട്ടിൽ 16 കിലോമീറ്റർ റൂട്ടിൽ 11 ബസ് സ്റ്റോപ്പുകൾ ഉണ്ടാവും. സയ്യിദ് ശുഹ്ദാഅ് സ്ക്വയർ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് ‘ജബൽ ഉഹുദ്’ മീഖാത്ത് മസ്ജിദ് വരെയാണ്. സെൻട്രൽ ഏരിയ സ്റ്റേഷൻ, നോർത്ത് സ്റ്റേഷൻ, മുത്വവസിത് റിങ് റോഡ് സ്റ്റേഷൻ, അൻബരിയ സ്ക്വയർ സ്റ്റേഷൻ, അൽഹിജ്ർ സ്റ്റേഷൻ എന്നിവയുൾപ്പെടെ ഒരു കൂട്ടം സ്റ്റേഷനുകളിലൂടെ ഇത് കടന്നുപോകുന്നു.
തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, അവരുടെ അനുഭവം സമ്പന്നമാക്കുക, തുറമുഖങ്ങൾ, മസ്ജിദുന്നബവി, ഇസ്ലാമിക ചരിത്രത്തിന്റെ സൈറ്റുകൾ എന്നിവക്കിടയിലുള്ള സഞ്ചാരം എളുപ്പത്തിലാക്കുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര നിലവാരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.