ദമ്മാമിൽ വ്യാപക റെയ്ഡ്: 62 ടൺ പഴകിയ ചെമ്മീൻ പിടികൂടി; 21 സ്ഥാപനങ്ങൾ അടച്ചുപൂട്ടി
text_fieldsദമ്മാം: വിതരണത്തിന് തയാറാക്കിവെച്ച 62 ടൺ പഴകിയ മത്സ്യ-ഭക്ഷ്യ ശേഖരം ദമ്മാമിൽ പിടികൂടി. കിഴക്കൻ പ്രവിശ്യ വാണിജ്യ വകുപ്പിെൻറയും ഭക്ഷ്യസുരക്ഷ വകുപ്പിെൻറയും നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് റെയ്ഡ് നടത്തിയതെന്ന് വകുപ്പ് മേധാവി ജനറൽ അമീർ അൽമുതൈരി പറഞ്ഞു.ദമ്മാം, ഖത്തീഫ് എന്നിവിടങ്ങളിൽനിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ മത്സ്യ വിഭവങ്ങൾ പിടിച്ചെടുത്തത്.
ശീതീകരിച്ച ചെമ്മീൻ പ്രത്യേക പെട്ടികളിലാക്കി വിതരണത്തിന് തയാറാക്കിവെച്ച നിലയിലായിരുന്നു. 62 ടണ്ണിലേറെ വരുന്ന ചെമ്മീനും മറ്റിതര മത്സ്യവസ്തുക്കളുമാണ് റെയ്ഡിൽ പിടിച്ചെടുത്തത്. കാലപ്പഴക്കമുള്ളതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ വസ്തുക്കളാണിവയെന്ന് വിദഗ്ധ പരിശോധനയിൽ വ്യക്തമായി.
കാലപ്പഴക്കത്താൽ പഴകിയ ചെമ്മീനടക്കമുള്ള ഭക്ഷ്യവസ്തുക്കൾ പുതുക്കിയ തീയതി പതിച്ച്, വിപണിയിൽ വിതരണം ചെയ്യാനായിരുന്നു പദ്ധതി. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച 21 സ്വകാര്യ സ്ഥാപനങ്ങൾ അധികൃതർ അടച്ചുപൂട്ടി. വാണിജ്യ സ്ഥാപനങ്ങൾ, മത്സ്യ-മാംസ മാർക്കറ്റുകൾ, ചെറുകിട കച്ചവട കേന്ദ്രങ്ങൾ തുടങ്ങി നഗരസഭയുടെ കീഴിലെ 1,250ഓളം സ്ഥലങ്ങളിലാണ് അധികൃതർ പരിശോധന നടത്തിയത്.
പഴകിയ ഭക്ഷ്യവസ്തുക്കളുടെ വിൽപന, മതിയായ രേഖകളില്ലാതെ പ്രവർത്തിക്കൽ, വൃത്തിഹീനമായ പരിസരത്തെ വിൽപന, നിയമപരമായ സുരക്ഷ മുൻകരുതലുകളുടെ അഭാവം, കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം തുടങ്ങി വിവിധ തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ സ്ഥാപനങ്ങൾക്കെതിരെയാണ് പ്രധാനമായും നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.
ദമ്മാം നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധന മണിക്കൂറുകൾ നീണ്ടു. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനങ്ങൾക്കെതിെര പിഴയടക്കമുള്ള കർശന നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ 940 ഹോട്ട്ലൈൻ നമ്പറിൽ വിവരമറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.