കൊടുംതണുപ്പിന് ശമനം: ശൈത്യകാലം ആസ്വദിക്കാൻ സന്ദർശക പ്രവാഹം
text_fieldsദമ്മാം: കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ ഒരാഴ്ചയോളം നീണ്ട കൊടുംതണുപ്പിന് ശമനമായതോടെ ശൈത്യം ആസ്വദിച്ച് പ്രവിശ്യ നിവാസികൾ. ഏറെ അനുകൂലമായ കാലാവസ്ഥയിൽ പ്രവിശ്യയിലെ കോർണിഷുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. നേരിയ തണുപ്പും മൂടൽ മഞ്ഞും കാറ്റും ആസ്വാദ്യകരമായ അനുഭൂതിയാണ് പകരുന്നത്. പ്രവിശ്യയിലെ നാരിയ്യ, അൽഅഹ്സ, ഹഫറുൽ ബാത്വിൻ, ഹാഫ് മൂൺ ബീച്ച്, മർജാൻ ഐലൻഡ്, ദമ്മാം- റിയാദ് ഹൈവേ തുടങ്ങിയ സ്ഥലങ്ങളിലാണ് മുഖ്യമായും ടെൻറുകൾ കെട്ടുന്നത്. ആവശ്യക്കാർക്ക് വിശ്രമ കേന്ദ്രങ്ങളും ടെൻറുകളും സജ്ജമാക്കി നൽകുന്ന സംഘവുമുണ്ട്. ചില വിവാഹസൽക്കാരങ്ങളും വിശേഷ ദിവസങ്ങളിലെ ആഘോഷപരിപാടികളും വാരാന്ത്യ അവധി ദിനങ്ങളുടേയുമൊക്കെ ആഘോഷങ്ങളുടെ ഭാഗമായാണ് പലരും ഇത്തരം കൂടാരങ്ങളിലേക്കെത്തുന്നത്. നിലവിലെ പാർപ്പിടസംവിധാനത്തിനു മുമ്പുള്ള ഗൃഹാതുരത നിറഞ്ഞ പഴയ മരുഭൂ ജീവിതത്തിെൻറ വശ്യതയും വന്യതയും അനുഭവിച്ചറിയാനും പുതുതലമുറക്ക് അത് കൈമാറാനും ലക്ഷ്യംവെച്ച് കുടുംബമൊന്നടങ്കം ഇത്തരം ടെൻറുകളിലേക്ക് എത്തുന്ന സ്വദേശികളുമുണ്ട്. പ്രവിശ്യയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ ഇഥ്റയിലേക്കും (കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾചർ) നൂറുകണക്കിന് പേരാണ് സന്ദർശനത്തിനെത്തുന്നത്.
ഒട്ടേറെ ആകർഷകമായ കലാ-സാംസ്കാരിക പരിപാടികളും സാംസ്കാരികകേന്ദ്രത്തിൽ അരങ്ങേറുന്നുണ്ട്. സാമൂഹിക പ്രസക്തമായ ഉള്ളടക്കങ്ങളുള്ള നാടകങ്ങളും ഹ്രസ്വ ചിത്രങ്ങളുമാണ് തിരശ്ശീലയിൽ തെളിയുന്നത്. ഇഥ്റയുടെ തന്നെ പരസ്യവാചകത്തിൽ വരച്ചിടുന്നതുപോലെ, 'കേവലം ഒരു സ്ഥലമല്ല; മറിച്ച് ഒരു അനുഭവമാണ്' ഇഥ്റയിലെ സായാഹ്നങ്ങൾ. ചിൽഡ്രൻസ് മ്യൂസിയം, ചരിത്രമ്യൂസിയം, ആർക്കൈവ്സ് ഹാൾ, ഊർജചരിത്രം വിശദീകരിക്കുന്ന പ്രദർശനം, ലോകോത്തര ലൈബ്രറി, കോഫിഷോപ്പുകൾ, ഗ്രൈറ്റ് ഹാൾ എന്നിങ്ങനെ വൈവിധ്യമാർന്ന സംവിധാനങ്ങൾ അനുഭവിക്കാൻ നൂറുകണക്കിന് സന്ദർശകരാണ് ദിവസവും എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.