ഫഹദ് അഹ്മദ് ഖാന് സൂരി ജിദ്ദയിൽ; പുതിയ ഇന്ത്യൻ കോണ്‍സല്‍ ജനറല്‍
text_fieldsജിദ്ദ: ഫഹദ് അഹ്മദ് ഖാന് സൂരി ജിദ്ദയിൽ പുതിയ ഇന്ത്യൻ കോണ്‍സല്‍ ജനറലായി ആഗസ്റ്റ് 11ന് ചുമതലയേൽക്കും. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ സ്വദേശിയാണ്. നിലവിലെ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം കാലാവധി പൂർത്തിയാക്കി പോകുന്ന ഒഴിവിലാണ് പുതിയ നിയമനം.
എൻജിനീയറിങ്ങിലും ബിസിനസ് മാനേജ്മെൻറിലും ബിരുദം നേടിയ ഫഹദ് അഹ്മദ് ഖാന് സൂരി ഇന്ത്യൻ ഫോറിൻ സർവിസിൽ 2014 ബാച്ചുകാരനാണ്. വാണിജ്യ മന്ത്രാലയത്തില്‍ അണ്ടർ സെക്രട്ടറി, ഇന്ത്യ ഹൗസ് ഫസ്റ്റ് സെക്രട്ടറി, കുവൈത്തിൽ എംബസി ഫസ്റ്റ് സെക്രട്ടറി തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കോവിഡ് കാലത്ത് കുവൈത്തില്‍ ഫസ്റ്റ് സെക്രട്ടറിയായിരിക്കുമ്പോൾ എയര്‍ ബബ്ള് വന്ദേഭാരത് മിഷന് കീഴിൽ ഒന്നര ലക്ഷം ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് നേതൃത്വം നൽകി. ഈ വർഷത്തെ ഹജ്ജ് വേളയിൽ നിലവിലെ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലത്തോടൊപ്പം ചേർന്ന് ഇന്ത്യൻ ഹാജിമാരുടെ സേവനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നേരത്തെ ജിദ്ദയിലെത്തിയിരുന്നു.
ഝാര്‍ഖണ്ഡ് സ്വദേശിയായ നിലവിലെ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലത്തിന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷണറേറ്റിലാണ് പുതിയ നിയമനം. അദ്ദേഹം 2010 ഐ.എഫ്.എസ് ബാച്ചുകാരനാണ്. 2012 മുതൽ രണ്ട് വർഷം കൈറോയിലെ ഇന്ത്യൻ എംബസിയില്‍ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കെ അറബി ഭാഷയില്‍ അദ്ദേഹം പ്രത്യേക പ്രവീണ്യം നേടിയിരുന്നു. 2014-15ല്‍ അബൂദബിയിലെ ഇന്ത്യൻ എംബസിയില്‍ സെക്കൻഡ് സെക്രട്ടറിയായി ജോലി ചെയ്തുകൊണ്ടിരിക്കെയാണ് 2015 സെപ്റ്റംബറില്‍ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലേക്ക് ഹജ്ജ് കോണ്‍സലായി എത്തുന്നത്.
പിന്നീട് ഡെപ്യൂട്ടി കോണ്‍സല്‍ ജനറലായും ചുമതല വഹിച്ചു. ഇതിനു ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെങ്കിലും 2020 ഒക്ടോബറിൽ അന്നത്തെ കോൺസൽ ജനറൽ മുഹമ്മദ് നൂര്‍ റഹ്മാന് ശൈഖിന് പകരക്കാരനായി ജിദ്ദയിലേക്ക് തിരിച്ചെത്തുകയായിരുന്നു. കോൺസൽ ജനറലായി മൂന്നു വർഷം സേവനം നിർവഹിച്ച് മടങ്ങുന്ന മുഹമ്മദ് ഷാഹിദ് ആലത്തിന് ഇന്ത്യൻ സമൂഹം വെള്ളിയാഴ്ച ഊഷ്മളമായ യാത്രയയപ്പ് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.