ജിദ്ദയിൽ ഇന്ത്യൻ കോണ്‍സല്‍ ജനറലായി ഫഹദ് അഹമ്മദ് ഖാന്‍ സൂരി ചുമതലയേറ്റു
text_fieldsജിദ്ദ: ഇന്ത്യന്‍ കോണ്‍സുലേറ്റിൽ പുതുതായി നിയമിതനായ കോണ്‍സല്‍ ജനറൽ ഫഹദ് അഹമ്മദ് ഖാന്‍ സൂരി ചുമതലയേറ്റു. നിലവിലെ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലത്തിന്റെ കാലാവധി കഴിഞ്ഞതിനാലാണ് നിയമനം. ആന്ധ്രപ്രദേശ് കുര്‍ണൂല്‍ സ്വദേശിയാണ് ഫഹദ് അഹമ്മദ് ഖാന്‍ സൂരി.
ഹജ്ജ് കോൺസുൽ മുഹമ്മദ് അബ്ദുൽ ജലീൽ, കോമേഴ്‌സ് കോൺസുൽ മുഹമ്മദ് ഹാഷിം, മറ്റു കോൺസൽമാർ, കോൺസുലേറ്റ് ഉദ്യോഗസ്ഥർ എന്നിവർ പുതിയ കോൺസുൽ ജനറലിനെ കോൺസുലേറ്റിൽ സ്വീകരിച്ചു. എൻജിനീയറിങ്ങിലും ബിസിനസ് മാനേജ്‌മെന്റിലും ബിരുദം നേടിയ ഫഹദ് അഹമ്മദ് ഖാന്‍ സൂരി ഇന്ത്യൻ ഫോറിൻ സർവിസിൽ (ഐ.എഫ്.എസ്) 2014 ബാച്ചുകാരനാണ്. വാണിജ്യ മന്ത്രാലയത്തില്‍ അണ്ടർ സെക്രട്ടറി, ഇന്ത്യ ഹൗസ് ഫസ്റ്റ് സെക്രട്ടറി, കുവൈത്ത് എംബസി ഫസ്റ്റ് സെക്രട്ടറി തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കോവിഡ് കാലത്ത് കുവൈത്തില്‍ ഫസ്റ്റ് സെക്രട്ടറിയായിരിക്കുമ്പോൾ എയര്‍ ബബ്ള്‍ വന്ദേഭാരത് മിഷന് കീഴിൽ ഒന്നര ലക്ഷം ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് ഇദ്ദേഹം നേതൃത്വം വഹിച്ചിരുന്നു. നേരത്തെ ജിദ്ദയിലെത്തിയ ഇദ്ദേഹം നിലവിലെ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലത്തോടൊപ്പം ചേർന്ന് ഈ വർഷത്തെ ഹജ്ജ് വേളയിൽ ഇന്ത്യൻ ഹാജിമാരുടെ സേവനത്തിനായി രംഗത്തുണ്ടായിരുന്നു. ലണ്ടൻ ഇന്ത്യൻ ഹൈകമീഷണറേറ്റിലെ ഉയർന്ന തസ്തികയിലേക്ക് മാറിപ്പോകുന്ന ഝാര്‍ഖണ്ഡ് സ്വദേശിയായ മുൻ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം കഴിഞ്ഞ ദിവസം ഡൽഹിയിലേക്ക് മടങ്ങിയിരുന്നു. സെപ്റ്റംബർ ആദ്യവാരം അദ്ദേഹം ലണ്ടനിൽ ചുമതലയേൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.