പ്രകൃതിരമണീയം ജീസാനിലെ ഫൈഫ കുന്നുകൾ
text_fieldsജീസാൻ: സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജീസാനിലെ ഫൈഫ കുന്നുകൾ പ്രകൃതിരമണീയമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. ജീസാൻ നഗരത്തിൽനിന്ന് 100 കിലോമീറ്റർ അകലെ യമൻ അതിർത്തിയോട് ചേർന്നുകിടക്കുന്ന പ്രദേശത്താണ് സമുദ്രനിരപ്പിൽനിന്ന് 2000 മീറ്റർ ഉയരത്തിലുള്ള ഫൈഫ പർവതനിരകൾ. ജീസാനിൽനിന്ന് ദർബ് റോഡിലൂടെ യാത്രചെയ്ത് സ്വബ്യ ജങ്ഷനിൽനിന്ന് വലത്തോട്ട് കയറി നേരെ സഞ്ചരിച്ചാൽ ഫൈഫയിലെത്താം.
മലമുകളിൽനിന്ന് നോക്കിയാൽ അങ്ങകലെ യമനിലെ മലനിരകളുടെ ദൂരക്കാഴ്ചകൾ കാണാം. മഞ്ഞുപുതച്ചു കിടക്കുന്ന കുന്നുകളും പച്ചപുതച്ച മലകളും കാർഷിക വിളകളും നിറഞ്ഞ പ്രദേശമാണിവിടം. മഴ ധാരാളം ലഭിക്കുന്ന സൗദിയിലെ ഒരു മേഖല കൂടിയാണിത്. ഇങ്ങോട്ടുള്ള യാത്ര തന്നെ സാഹസികമായ അനുഭവം പകർന്നുതരും. സൗദിയുടെ അതിർത്തി പ്രദേശമായതിനാൽ മൂന്നോ നാലോ ഇടങ്ങളിൽ പൊലീസ് ചെക്ക് പോയിന്റുകൾ കടന്നുവേണം ഇങ്ങോട്ടെത്താൻ.
സൗദിയിലെ പ്രധാന കാർഷികമേഖലയായ ഇവിടെ കാപ്പികൃഷി കൂടാതെ കൊക്കോയും മാതളവും പേരക്കയും അടക്കം മറ്റനേകം ഫലങ്ങളും പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ടിവിടെ. പ്രകൃതിദത്ത കാട്ടുതേനും ഈ മലമ്പ്രദേശത്ത് സുലഭമാണ്. ഫൈഫ നിവാസികൾക്ക് മാത്രം മനസ്സിലാകുന്ന സ്വന്തമായ പ്രാദേശിക സംസാര ഭാഷയിലാണ് ഇവിടുത്തെ ആളുകൾ നടത്തുന്ന ആശയവിനിമയം ഏറെ വിസ്മയകരമാണ്.
ഇവരുടെ പരമ്പരാഗത വേഷമായ ‘വിസ്റയും ഖമീസും’ പൂക്കൾക്കൊണ്ടുണ്ടാക്കിയ തലപ്പാവും അരയിൽ വളഞ്ഞ കത്തിയുമൊക്കെയടങ്ങുന്ന തദ്ദേശീയ വസ്ത്രധാരണ രീതി അണിഞ്ഞൊരുങ്ങി നടക്കുന്നവരെയും പ്രദേശത്ത് കാണാം. കൗലാനി കാപ്പി വ്യാപാരത്തിനായി ഈ പൈതൃക വേഷം ഇന്നും സ്വദേശികൾ പിന്തുടരുന്നത് കാണാം.
മേഘങ്ങൾ വന്നു മുത്തമിടുന്ന മലമുകളിൽ പലപ്പോഴും പരന്നുകിടക്കുന്ന കോടമഞ്ഞും അപൂർവ ദൃശ്യമായി സന്ദർശകരെ ആകർഷിക്കുന്നു. മനംമയക്കുന്ന കാഴ്ചയുടെ മറ്റൊരു ലോകമാണ് ഫൈഫ സഞ്ചാരികൾക്ക് തുറന്നു തരുന്നത്. കുളിർമയുടെ വേറിട്ട കാലാവസ്ഥയും വശ്യമായ ഭൂപ്രകൃതിയും ഒത്തിണങ്ങിയ പ്രദേശം സൗദിയിലെ ഒരു സുഖവാസകേന്ദ്രം കൂടിയാണ്. സന്ദർശകരെ കാത്ത് ധാരാളം റിസോർട്ടുകൾ ഇവിടെയുണ്ട്.
സ്കൂളുകളും ഹോട്ടലുകളും ഷോപ്പുകളും ആശുപത്രികളുമടക്കമുള്ള സൗകര്യങ്ങൾ ഫൈഫ പ്രദേശത്ത് അധികൃതർ ഒരുക്കിയിട്ടുണ്ട്. അൽ ദാഫ്ര, ബർദാൻ, ഫൗണ്ടൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന പാർക്കുകൾ ജീസാൻ മുനിസിപ്പാലിറ്റി അധികൃതർ ഇപ്പോൾ കൂടുതൽ വികസനം നടത്തി സന്ദർശകർക്കായ് തുറന്നു കൊടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.