സ്വദേശി വനിതയടക്കം രണ്ട് വ്യാജ ഡോക്ടർമാർ അറസ്റ്റിൽ
text_fieldsഅൽ ഖോബാർ: സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകി ലൈസൻസില്ലാതെ ചികിത്സ നടത്തിവന്ന സ്വദേശി വനിതയടക്കം രണ്ട് വ്യാജ ഡോക്ടർമാർ അറസ്റ്റിൽ. നിയമവിരുദ്ധമായി പ്രവർത്തിച്ച സൗദി യുവതിയും മറ്റൊരു അറബ് വംശജനും ഹാഇലിൽനിന്നാണ് അറസ്റ്റിലായതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രതികളെ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പരമ്പരാഗത വൈദ്യശാസ്ത്രം ഉപയോഗിച്ച് വന്ധ്യത, ഗ്രന്ഥികൾ, രക്തം കട്ടപിടിക്കൽ എന്നിവക്ക് ചികിത്സിക്കുന്നതായി സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളിലൂടെ അവകാശവാദം ഉന്നയിച്ചാണ് സൗദി യുവതി ചികിത്സ നടത്തിയിരുന്നത്.
കുട്ടികളിലെ സംസാര വൈകല്യവും പഠന ബുദ്ധിമുട്ടുകളും കൈകാര്യം ചെയ്യുന്ന സ്പെഷലിസ്റ്റാണെന്ന് സമൂഹമാധ്യമങ്ങളിൽ പരസ്യം ചെയ്താണ് അറബ് പൗരൻ ചികിത്സ നടത്തിവന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ചികിത്സ വാഗ്ദാനം ചെയ്യുന്നവരെ ഒഴിവാക്കാനും ആശുപത്രികളിൽനിന്നും അധികാരപ്പെടുത്തിയ പ്രാക്ടീഷണർമാരിൽനിന്നും മാത്രമെ ആരോഗ്യ സേവനങ്ങൾ സ്വീകരിക്കാവൂവെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
അത്തരം അനധികൃത ചികിത്സകൾ ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരവും അപകടം സൃഷ്ടിക്കുന്നതുമായിരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരക്കാർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലെ ഹാനികരമായ പ്രവർത്തനങ്ങളുടെ നിയന്ത്രണം കർശനമാക്കാനുള്ള ആരോഗ്യ മന്ത്രാലയത്തിെൻറ ശ്രമങ്ങളുടെ ഭാഗമാണിത്. രോഗികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി മന്ത്രാലയം ഫീൽഡ്, ഇലക്ട്രോണിക് പരിശോധനകൾ നടത്തിവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.