റിയാദ് ഇന്ത്യൻ എംബസിയുടെ പേരിൽ വ്യാജ കത്ത്; നഴ്സിങ് റിക്രൂട്ട്മെൻറുമായി തട്ടിപ്പുകാർ രംഗത്ത്
text_fieldsറിയാദ്: റിയാദിലെ ഇന്ത്യൻ എംബസിയുടെ പേരിൽ വ്യാജ കത്ത് തയാറാക്കി സൗദിയിലേക്ക് നഴ്സുമാരെ റിക്രൂട്ട്മെൻറ് ചെയ്യുന്നുവെന്ന വ്യാജേന കേരളത്തിൽ തട്ടിപ്പുകാർ രംഗത്ത്. സൗദിയിലേക്ക് കോവിഡ് വാക്സിനേഷൻ ഡ്യൂട്ടിക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു എന്നാണ് വാഗ്ദാനം.ഇവരുടെ കെണിയിൽപെട്ട് നിരവധി പേർക്ക് പണം നഷ്ടപ്പെട്ടതായി സൗദിയിലെ യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
കൊച്ചിയിലെ ഒരു സ്ഥാപനത്തിൽ മെഡിക്കൽ പരിശോധനക്കെത്തണമെന്നും ശേഷം യാത്രക്കൊരുങ്ങാനും ഈ മാസം 12ന് റിയാദിലെ തൊഴിൽ മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്യണമെന്നുമാണ് റിയാദ് ഇന്ത്യൻ എംബസിയുടെ പേരിൽ ഇറക്കിയ കത്തിൽ പറയുന്നത്. ഈ കത്തിൻെറ ആധികാരികതയെ സംബന്ധിച്ച് റിയാദ് ഇന്ത്യൻ എംബസിയുമായി 'ഗൾഫ് മാധ്യമം' ബന്ധപ്പെട്ടപ്പോൾ കത്ത് വ്യാജമാണെന്ന് എംബസി അറിയിച്ചു. നോർക്കയുടെ പ്രതിനിധികൾ എന്ന വ്യാജേനയാണ് ഏജൻറുമാർ നഴ്സുമാരെ ചതിയിൽ പെടുത്തിയിട്ടുള്ളത്. 36,000 രൂപ വീതമാണ് ഓരോരുത്തരിൽനിന്നും ഇവർ കൈപ്പറ്റിയത്.
40ഓളം നഴ്സുമാർ ഇവരുടെ കെണിയിൽ പെട്ടിട്ടുണ്ടെന്നാണ് വിവരം. ഗൂഗ്ൾ പേ വഴിയാണ് ഇവർ നഴ്സുമാരിൽനിന്ന് പണം കൈപ്പറ്റിയതെന്നും അതിനാൽ തന്നെ പരാതിപ്പെടാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്നുമാണ് യു.എൻ.എ ഭാരവാഹികൾ പറയുന്നത്.
സമാനരീതിയിൽ യു.എ.ഇയിലേക്കും വാക്സിനേഷൻ ഡ്യൂട്ടിക്ക് ആവശ്യമുണ്ടെന്ന് വിശ്വസിപ്പിച്ച് നഴ്സുമാരെ വ്യാജ റിക്രൂട്ട്മെൻറ് നടത്തിയതായും ഇത്തരം വ്യാജ ഏജൻസികളെയും അവരുടെ ഇടനിലക്കാരെയും കണ്ടെത്തി നഷ്ടപ്പെട്ടവരുടെ പണം തിരികെ ലഭിക്കുന്നതിനായുള്ള ശ്രമത്തിലാണ് തങ്ങളെന്നും യു.എൻ.എ ഭാരവാഹികൾ പറഞ്ഞു.
ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളുടെ പേരിലെന്ന വ്യാജേന കാണുന്ന ഏതൊരു രേഖയുടെയും ആധികാരികത അതത് സ്ഥാപനവുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തിയാൽ ഇത്തരം തട്ടിപ്പുകളിൽപെടുന്നതിൽനിന്ന് ഒരു പരിധിവരെ രക്ഷപ്പെടാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.