‘അബ്ഷീർ’ അക്കൗണ്ടിന്റെ പേരിൽ വ്യാജ സന്ദേശങ്ങൾ; മുന്നറിയിപ്പ് നൽകി അധികൃതർ
text_fieldsയാംബു: സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷീർ പ്ലാറ്റ് ഫോമിന്റെ പേരിൽ ഉപഭോക്താക്കളെ വഞ്ചിച്ച് തട്ടിപ്പ് നടത്താൻ ശ്രമിക്കുന്ന വ്യാജ സന്ദേശങ്ങൾ കരുതിയിരിക്കാൻ അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. മന്ത്രാലയത്തിന്റെ കീഴിലുള്ള പാസ്പോർട്ട് (ജവാസത്) ഡയറക്ടറേറ്റിന്റെ ഓൺലൈൻ സർവിസായ അബ്ഷീറിൽ നിന്നാണെന്ന വ്യാജേന സന്ദേശങ്ങൾ അയച്ചും ഫോൺ വിളിച്ചും ഇഖാമ നമ്പറും മറ്റു വിവരങ്ങളൂം തരപ്പെടുത്തിയാണ് തട്ടിപ്പുകൾ നടക്കുന്നത്.
നിരവധി ഗുണഭോക്താക്കൾക്ക് ഇങ്ങനെ വ്യാജ സന്ദേശങ്ങൾ ലഭിച്ചത് നിരീക്ഷിച്ച ശേഷമാണ് കൂടുതൽ ജാഗ്രത പാലിക്കാൻ മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്. വ്യാജസന്ദേശങ്ങൾ അയച്ച അജ്ഞാത ഉറവിടത്തിന്റെ വ്യാജ ലിങ്കുകൾ മന്ത്രാലയം പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. വ്യാജവും തെറ്റായതുമായ ലിങ്കുകൾ അടങ്ങിയ സന്ദേശങ്ങൾ അയച്ചുകൊണ്ട് ഗുണഭോക്താക്കളെ ചൂഷണം ചെയ്യാനുള്ള ശ്രമങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ ഇത്തരം സന്ദേശങ്ങൾ അവഗണിക്കാനും അവയോട് പ്രതികരിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശം നൽകി. ഏതെങ്കിലും സേവനം നടപ്പാക്കാൻ ആഗ്രഹിക്കുമ്പോൾ പ്ലാറ്റ്ഫോമിലേക്കുള്ള ശരിയായ ലിങ്ക് ഉറപ്പാക്കാനും അബ്ഷീർ ഗുണഭോക്താക്കളോട് അധികൃതർ ആവശ്യപ്പെട്ടു.
‘അബ്ഷീർ’ ഹാക്ക് ചെയ്ത് ആളുകളുടെ വ്യക്തിവിവരങ്ങൾ ശേഖരിച്ച് ധനകാര്യസ്ഥാപനങ്ങളിൽനിന്ന് വ്യാപകമായി തട്ടിപ്പുനടത്തിയ ധാരാളം കേസുകളും നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. മലയാളികളടക്കമുള്ള ധാരാളം പേർ ഇത്തരം തട്ടിപ്പുകൾക്ക് ഇരയാവുകയും ചെയ്ത അനുഭവം ഉണ്ടായിരുന്നു. വ്യക്തിവിവരങ്ങൾ ലഭിക്കുന്ന ‘ഹാക്കർ’മാർ അബ്ഷീറിലെ വ്യക്തിഗത അക്കൗണ്ട് ഹാക് ചെയ്ത് സ്വകാര്യ ധനകാര്യസ്ഥാപനങ്ങളിൽനിന്ന് വായ്പയെടുത്താണ് തട്ടിപ്പ് നടത്തുന്നത്. വായ്പ തിരിച്ചടച്ചില്ലെന്ന് പറഞ്ഞ് കേസാകുമ്പോൾ മാത്രമാണ് തങ്ങളുടെ പേരിൽ വായ്പയുണ്ടെന്ന് പലരും അറിയുന്നത്.
വൻ സാമ്പത്തിക ബാധ്യതകളുടെ ഇത്തരം കേസുകളിൽ കുടുങ്ങിയ പലരുമുണ്ട്. അതിനാൽ ഇത്തരം വിഷയങ്ങളിൽ തികഞ്ഞ ജാഗ്രത കാണിക്കൽ അനിവാര്യമാണെന്ന് സാമൂഹികപ്രവർത്തകരും പറയുന്നു. ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങൾ ഡിജിറ്റലായും സംയോജിതമായും നൽകുക എന്നതാണ് ‘അബ്ഷീറി’ന്റെ ലക്ഷ്യം. 2010-ൽ നിലവിൽവന്ന ഈ പ്ലാറ്റ്ഫോം സേവനങ്ങൾ വികസിപ്പിച്ച് ഇപ്പോൾ വലിയ മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്.
പാസ്പോർട്ട്, ട്രാഫിക്, സിവിൽ അഫയേഴ്സ് തുടങ്ങിയ മേഖലകളിലെ സേവനങ്ങൾ വികസിപ്പിച്ചതിലൂടെ നിരവധി സർക്കാർ ഏജൻസികൾക്കും സ്വകാര്യ മേഖലക്കും ഇപ്പോൾ അബ്ഷീർ ഒരു അനിവാര്യ ഘടകമായി മാറിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.