ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് യാത്രാവിലക്കെന്ന് വ്യാജപ്രചാരണം
text_fieldsജിദ്ദ: ഇന്ത്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് യാത്രാവിലക്കെന്ന് വ്യാജപ്രചാരണം. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇന്ന് രാവിലെ മുതൽ ഈ വ്യാജപ്രചരണം നടക്കുന്നത്. നേരത്തെ കോവിഡ് രൂക്ഷമായിരുന്ന സമയത്ത് സൗദിയിലേക്ക് 20 രാജ്യങ്ങളിൽ നിന്ന് താൽക്കാലിക യാത്രവിലക്ക് ഏർപ്പെടുത്തിക്കൊണ്ട് സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരുന്ന പോസ്റ്ററിൽ പുതിയ തീയതി കൂട്ടിച്ചേർത്തുകൊണ്ടാണ് വ്യാജപ്രചാരണം.
ഇന്ത്യ, പാകിസ്ഥാൻ, യു.എ.ഇ, ഈജിപ്ത് തുടങ്ങി 20 രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് നേരത്തെ യാത്രാവിലക്കുണ്ടായിരുന്നെങ്കിലും ഇപ്പോൾ അതെല്ലാം ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ അന്നിറങ്ങിയ അറബി ഭാഷയിലുള്ള പോസ്റ്ററിൽ ഇന്നത്തെ തീയതിയും ഇന്ന് രാത്രി ഒമ്പത് മണിമുതലാണ് വിലക്ക് നിലവിൽ വരുന്നതെന്നും അറബിയിൽ തന്നെ കൂട്ടിച്ചേർത്താണ് ചിലർ വ്യാജവാർത്ത പ്രചരിപ്പിക്കുന്നത്.
(പ്രചരിക്കുന്ന വ്യാജ പോസ്റ്റർ)
ഈ പോസ്റ്ററിന്‍റെ ഉറവിടം വ്യക്തമല്ലെങ്കിലും കാര്യമറിയാതെ നിരവധി പേരാണ് ഇത് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. ഇത് വ്യാപകമായി പ്രചരിച്ചതോടെ വാർത്ത ശരിയാണോ എന്നറിയാൻ നിരവധി പ്രവാസികളാണ് മാധ്യമപ്രവർത്തകരെയും മറ്റും ബന്ധപ്പെടുന്നത്. എന്നാൽ ഇത് തീർത്തും തെറ്റായ പ്രചാരണമാണ്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ സൗദിയിൽ കടുത്ത ശിക്ഷ നടപടികൾ നേരിടേണ്ടിവരുമെന്നതിനാൽ ഇത്തരം വ്യാജ പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നതിൽ നിന്നും പ്രവാസികൾ വിട്ടുനിൽക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.