തൊഴിൽ വിസയെന്ന വ്യാജേന സന്ദർശന വിസയിലെത്തി ദുരിതങ്ങളുടെ തെരുവിൽ അലഞ്ഞ ആന്ധ്ര സ്വദേശി ഒടുവിൽ നാടണഞ്ഞു
text_fieldsറിയാദ്: വിട്ടുമാറാത്ത രോഗവും തൊഴിലില്ലാത്ത പ്രവാസവും കാലാവധി കഴിഞ്ഞ വിസയുമായി ദുരിതങ്ങളുടെ തെരുവിൽ അലഞ്ഞ ആന്ധ്ര സ്വദേശി സുമനസുകളുടെ കരുണയിൽ നാടണഞ്ഞു. ഒരുപാട് സ്വപ്നം കണ്ട് റിയാദിലെത്തി ഒടുവിൽ എല്ലാം തകർന്ന് ഒരു രോഗിയായി ആന്ധ്രയിലെ ജന്മനാടായ കരീം നഗറിലേക്ക് മടങ്ങിയത് ലക്ഷ്മണനാണ്.
തൊഴിൽ വിസയെന്ന് പറഞ്ഞ് സന്ദർശന വിസ നൽകി ഏജൻറ് കബളിപ്പിച്ചതിൽ തുടങ്ങി ലക്ഷ്മണെൻറ ദുരിതം. അഞ്ചു വർഷം മുമ്പാണ് മനസ് നിറയെ ജീവിതം പച്ച പിടിപ്പിക്കാനുള്ള കണക്കു കൂട്ടലുകളുമായി സൗദിയിലെത്തിയത്. കടം വാങ്ങിയ 60,000ത്തോളം രൂപ നൽകിയാണ് വിസ സംഘടിപ്പിച്ചത്. സൗദിയിലെത്തിയപ്പോഴാണ് തൊഴിൽ വിസയിലല്ല, ഏതോ സ്വകാര്യ കമ്പനിയുടെ പേരിലെടുത്ത സന്ദർശക വിസയായിലാണെന്ന് തിരിച്ചറിയുന്നത്.
തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് കടുത്ത പരിശോധന നടക്കുന്നതിനാൽ ലക്ഷ്മണന് ജോലി നേടുക എളുപ്പമായില്ല. വിസ കാലാവധി കഴിഞ്ഞതോടെ രേഖകൾ ഇല്ലാതെ റിയാദിൽ അലയാൻ തുടങ്ങി. ഇതിനിടയിൽ രോഗവും പിടിപെട്ടു. രോഗ ബാധിതനായി കഴിയുന്ന ലക്ഷ്മണൻ ചികിത്സക്കുവേണ്ടിയാണ് റിയാദ് ബത്ഹയിലെ സഫാമക്ക പോളിക്ലിനിക്കിലെത്തുന്നത്. ഡോ. മുഹമ്മദ് ലബ്ബയെ കണ്ട അയാൾ മരുന്ന് കുറിച്ച് നൽകാനാണ് ആവശ്യപ്പെട്ടത്.
ലക്ഷമണെൻറ ആരോഗ്യാവസ്ഥ മോശമാണെന്ന പ്രാഥമിക വിലയിരുത്തലിൽ ഡോക്ടർ മരുന്ന് നൽകി അയാളെ വിട്ടയക്കാൻ തയാറായില്ല. ആവശ്യമായ ലാബ് പരിശോധനകൾ നടത്താൻ നിർദേശിച്ചു. പണമില്ലെന്ന് പറഞ്ഞ അയാൾക്ക് ഡോക്ടർ തുണയായി. പരിശോധിക്കാനുള്ള രക്ത സാമ്പിൾ കൊടുത്താൽ മതി, പണത്തിെൻറ കാര്യമൊന്നും നോക്കേണ്ടതെന്ന് ഡോക്ടർ ഉറപ്പ് നൽകി. പരിശോധനയിൽ അയാളുടെ ആരോഗ്യനില വഷളാണെന്ന് ബോധ്യപ്പെട്ടു.
കിടത്തി ചികിത്സ നൽകണമെന്ന് ഡോക്ടർ തീരുമാനിച്ചെങ്കിലും രേഖകളില്ലാത്തതിനാൽ അതിന് തടസ്സമായി. ഇഖാമ (താമസ രേഖ) ഇല്ല. എത്തിയതാവട്ടെ സന്ദർശന വിസയിലും. അതിെൻറ കാലാവധി കഴിഞ്ഞിട്ട് ഏെറ വർഷങ്ങളുമായി. ആരോഗ്യ ഇൻഷുറൻസോ പണമോ ൈകയ്യിലില്ല. സഫാമക്ക മാനേജ്‌മെൻറ് പ്രതിനിധികളെ ഡോ. ലബ്ബ വിവിരങ്ങൾ അറിയിച്ചു ആവശ്യമായ സഹായം ഉറപ്പ് വരുത്തി. അടിയന്തിര ചികിത്സയും പരിചരണവും ഉറപ്പ് വരുത്താൻ സഫാമക്ക അഡ്മിൻ മാനേജർ ഫഹദ് അൽ ഉനൈസി നിർദേശം നൽകി. 15 ദിവസം അവിടെ കിടത്തി ഡോക്ടർമാരും നഴ്‌സുമാരും പരിചരിച്ചു.
ഇതിനിടയിൽ നാട്ടിലേക്ക് അയക്കാൻ ആവശ്യമായ രേഖകൾ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് പൂർത്തീകരിക്കുന്നതിനും തുടർചികിത്സക്ക് ആശുപത്രിയുടെ സഹായം ലഭ്യമാക്കുന്നതിനും ജീവകാരുണ്യ പ്രവർത്തകൻ തെന്നല മൊയ്‌തീൻ കുട്ടിയുടെ സഹായവും തേടി. തെന്നല മൊയ്‌തീൻ കുട്ടിയുടെ വിശ്രമമില്ലാത്ത പരിശ്രമത്തിനൊടുവിൽ പരിശോധനക്കും ചികിത്സക്കുമായി റിയാദ് മൻസൂരിയയിലെ അൽ ഈമാൻ ആശുപത്രിയിൽ പ്രവേശിപ്പിക്കാനായി.
യാത്രക്ക് ആവശ്യമായ രേഖകൾ എംബസി അതിവേഗം ശരിയാക്കി. യാത്രക്കാവശ്യമായ മറ്റ് കാര്യങ്ങൾ സഫാമക്ക ജീവകാരുണ്യ വിഭാഗം ഒരുക്കി. ഡോക്ടർമാരും മറ്റ് ജീവനക്കാരും ചേർന്ന് അവിസ്മരണീയ യാത്രയപ്പൊരുക്കി. മലയാളികളുടെ സ്നേഹം അനുവഭവിച്ചറിയാനായിരിക്കും ഈ ദുരിതം അനുഭവിക്കേണ്ടി വന്നതെന്ന് പറഞ്ഞ് ലക്ഷ്മണൻ നാട്ടിലേക്ക് വിമാനം കയറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.